ഈ ഓടക്കടുത്തെത്തിയാൽ ആളുകൾ ഓടും...
text_fieldsകോഴിക്കോട്: പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോൾ മാലിന്യം നിറഞ്ഞ് ഒഴുക്കുനിലച്ച് കുപ്പത്തൊട്ടിയായി നഗരത്തിലെ ഓട. പാവമണി റോഡിൽനിന്ന് മുതലക്കുളത്തേക്കുള്ള ഇടറോഡ് തുടങ്ങുന്ന ഭാഗത്ത് കെട്ടിടത്തിന് പിന്നിലായുള്ള ഓടയാണ് ഒഴുക്ക് നിലച്ച് മാലിന്യം ചീഞ്ഞുനാറി ദുർഗന്ധം വമിക്കുന്നത്.
നേരത്തേ ഓടയിലെ ഒഴുക്ക് കോർപറേഷൻ അധികൃതർ പുനഃസ്ഥാപിച്ചിരുന്നെങ്കിലും സമീപ ദിവസങ്ങളിലെ ശക്തമായ മഴയിൽ തൊട്ടടുത്ത പ്രദേശങ്ങളിലെ ഒഴിഞ്ഞ പറമ്പുകളിലെയടക്കം മാലിന്യം ഓടയിലേക്ക് എത്തുകയായിരുന്നു. എന്നാൽ, സ്റ്റേഡിയം ജങ്ഷനിൽ പുതിയറ ഭാഗത്തേക്കുള്ള റോഡിന് കുറുകെയുള്ള ഓട അടഞ്ഞുകിടക്കുന്നതിനാൽ ഈ ഓടയിലെ വെള്ളം എങ്ങോട്ടും ഒഴുകിയതുമില്ല. ഇതോടെയാണ് മാലിന്യവും ചളിയും ഇവിടെ കുന്നുകൂടാനും ഒഴുക്ക് നിലക്കാനും ഇടയായത്.
അതിനിടെ പഴയ സിമന്റ് കട്ടകൾ അടക്കമുള്ള കെട്ടിടനിർമാണ അവശിഷ്ടങ്ങളും ഇവിടെ തള്ളിയിട്ടുണ്ട്. കൈത്തോടുപോലെ വീതിയുള്ള ഓടയാണിത്. സമീപ പ്രദേശങ്ങളിലെ നിരവധി കെട്ടിടങ്ങളിൽനിന്നുള്ള മലിനജല പൈപ്പുകളും വർഷങ്ങളായി ഈ ഓടയിലേക്കാണ്.
മഴക്കാലത്തിനുമുമ്പ് ഓടയിലെ പച്ചിലക്കാടുകളടക്കം എടുത്തുമാറ്റി ഒഴുക്ക് പുനഃസ്ഥാപിച്ചിരുന്നതായും വൻതുക മുടക്കി ഓടയിലെ മണ്ണ് പൂർണമായും നീക്കിയാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂവെന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കി. മാത്രമല്ല, സ്റ്റേഡിയം ജങ്ഷനിലെ ഓടയിലെ തടസ്സങ്ങൾ ഒഴിവാക്കിയാൽ മാത്രമേ വെള്ളം ഒഴിഞ്ഞുപോവുകയുമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.