മുതലക്കുളം ‘മാലിന്യക്കളം’
text_fieldsകോഴിക്കോട്: മുതലക്കുളം മൈതാനത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാകുന്നു. റോഡിനോട് ചേർന്നുള്ള ചുറ്റുമതിലിന് സമീപമാണ് വൻതോതിൽ മാലിന്യം കുന്നുകൂടിക്കിടക്കുന്നത്. ബി.എസ്.എൻ.എൽ ഓഫിസിനോട് ചേർന്നുള്ള ഭാഗത്ത് ട്രാൻസ് ഫോർമറിനടുത്തായി ഇരുപതിലേറെ ചാക്കിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂട്ടിയിട്ടത്.
അലക്കുതൊഴിലാളികൾ വെള്ളമെടുക്കുന്ന കിണറിനടുത്തുള്ള ഭാഗത്താണ് പുറത്തുള്ളവർ ചാക്കുകളിൽ മാലിന്യം തള്ളിയത്. പ്ലാസ്റ്റിക് കവറുകൾ, മദ്യക്കുപ്പികൾ, പഴയ തുണികൾ അടക്കമുള്ളവയാണ് കൂട്ടിയിട്ടത്. മാത്രമല്ല ഉണങ്ങിയ മരച്ചില്ലകളും ഇവിടെയുണ്ട്. പുറത്തുള്ളവർ കുപ്പിച്ചില്ലുകൾ ഇവിടെ കൊണ്ടിടുന്നതും അലക്കുതൊഴിലാളികൾക്ക് ഭീഷണിയാണ്.
തിരിഞ്ഞുനോക്കാനാളില്ലാത്തതോടെ മുതലക്കുളത്തെ ഓപൺ സ്റ്റേജും ശോച്യാവസ്ഥയിലാണ്. റോഡിനോട് ചേർന്നുള്ള ചുറ്റുമതിലും പലഭാഗത്തും തകർന്നു. ഒരുഭാഗത്ത് ഗാലറിപോലെ നിർമിച്ച കരിങ്കൽകെട്ടുകൾക്ക് മുകളിലാകെ പച്ചിലക്കാട് വളർന്നിരിക്കുകയാണ്.
ഇവിടെ അലക്കിയുണക്കി ഉപജീവന വഴി കണ്ടെത്തുന്ന തൊഴിലാളികളെയടക്കം സംരക്ഷിച്ച് മുതലക്കുളം നവീകരിക്കണമെന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്. നേരത്തെ ഇതുസംബന്ധിച്ച് കോർപറേഷൻ പദ്ധതികൾ തയാറാക്കിയിരുന്നുവെങ്കിലും ഒന്നും നടപ്പായില്ല. അലക്കുതൊഴിലാളികളെ സംരക്ഷിക്കുന്നതിലടക്കം പദ്ധതികൾ മുന്നോട്ടുവെക്കാത്തതായിരുന്നു പ്രധാന വിമർശനം.
കഴിഞ്ഞ ബജറ്റിലും മുതലക്കുളം നവീകരണത്തിന് കോർപറേഷൻ തുക വകയിരുത്തിയിട്ടുണ്ട്. മുതലക്കുളത്തെ മാലിന്യവും പച്ചിലക്കാടുമെല്ലാം പൂർണമായും ഒഴിവാക്കി സൗകര്യമൊരുക്കിയാൽ, ഇവിടെ നടക്കുന്ന പൊതുയോഗങ്ങൾക്കും മറ്റും എത്തുന്നവർക്ക് റോഡിലിറങ്ങി നൽക്കേണ്ടിവരില്ല. മാത്രമല്ല ഈ സമയം റോഡിലുണ്ടാകുന്ന ഗതാഗത തടസ്സത്തിനും ഒരുപരിധിവരെ പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.