മാവൂർ റോഡിലെ സാമൂഹികവിരുദ്ധ താവളം മാലിന്യത്തുരുത്തുമായി
text_fieldsകോഴിക്കോട്: സാമൂഹികവിരുദ്ധർ തമ്പടിക്കുന്ന മാവൂർ റോഡിലെ കേന്ദ്രം മാലിന്യത്തുരുത്തുമായി മാറി. കെ.എസ്.ആർ.ടി.സിക്ക് സമീപം മാവൂർ റോഡിൽനിന്ന് പുതിയമ്പലം ഭാഗത്തേക്ക് പോകുന്ന ഇടറോഡിലെ സ്വകാര്യ ഭൂമിയിലാണ് പ്ലാസ്റ്റിക് ഉൾപടെ മാലിന്യം വലിച്ചെറിയുന്നത്. അഴക് പദ്ധതി നടപ്പിലാക്കുന്ന നഗരത്തിന്റെ ഹൃദയഭാഗത്തുതന്നെയാണ് ഈ മാലിന്യത്തുരുത്ത്.
ഇവിടെ മദ്യപാനികളും ലഹരിഇടപാടുകാരും സദാ തമ്പടിക്കുന്ന സ്ഥലം കൂടിയാണ്. തുറന്ന മൂത്രപ്പുരയായും ഈ സ്ഥലം പലരും ഉപയോഗിക്കുന്നു. തെരുവുവിളക്ക് കത്താത്തതിനാൽ രാത്രിയായാൽ കൂരിരുട്ടാണ്. ഈ ഭാഗം കേന്ദ്രീകരിച്ച് അനാശാസ്യവും നടക്കുന്നതായി പരാതിയുണ്ട്. പൊലീസ് വല്ലപ്പോഴും ഇതുവഴി വരാറുണ്ട്.
പകൽപോലും ലഹരിക്കാർ ഇവിടെ തമ്പടിക്കുകയാണ്. സ്ത്രീകളും വിദ്യാർഥികളുമുൾപടെ നടന്നുപോകുന്ന വഴിയാണിത്. നഗരത്തിന് നടുവിലായതിനാൽ ഇതിനടുത്ത ഫുട്പാത്തിലും എപ്പോഴും കാൽനടയാത്രക്കാരുണ്ടാവും. രാത്രിയെങ്കിലും ഇവിടെ പൊലീസ് സാന്നിധ്യം വേണമെന്ന ആവശ്യം ശക്തമാണ്.
പ്ലാസ്റ്റിക് ഉൾപെടെ മാലിന്യം വലിച്ചെറിയുന്നതിനെതിരെ കോർപറേഷൻ ആരോഗ്യവിഭാഗം നടപടിയെടുക്കുന്നില്ല. പരിസരമാകെ കാടുപിടിച്ച് കിടക്കുകയാണ്. കുടുംബസമേതം ആളുകളെത്തുന്ന ഹോട്ടലും ലോഡ്ജും സമാന്തര വിദ്യാഭ്യാസ സ്ഥാപനവും പരിസരത്തുണ്ട്. സർക്കാർ സ്ഥാപനമായ എൽ.ബി.എസിന്റെ തൊട്ടുപിന്നിലാണ് ഈ കേന്ദ്രം. ഇവിടെയും വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
ഈ സ്വകാര്യഭൂമി കേസിലാണ്. അതിനാലാണ് ഇവിടെ നിർമാണപ്രവർത്തനങ്ങളൊന്നും നടക്കാത്തത്. സാമൂഹികവിരുദ്ധരുടെ താവളമാണിതെന്ന് പൊലീസിന് അറിയാമെങ്കിലും വല്ലപ്പോഴുമേ അവർ ഈ വഴിക്ക് വരുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.