മാലിന്യമുക്ത നവകേരളം പദ്ധതി; രണ്ടാം ഘട്ടം ഒക്ടോബർ ഒന്നിന് തുടങ്ങും
text_fieldsകോഴിക്കോട്: മാലിന്യമുക്ത നവകേരളം ആക്ഷൻ പ്ലാൻ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് കോഴിക്കോട് കോർപറേഷനിൽ ഒക്ടോബർ ഒന്നിനു തുടക്കമാകും. കോർപറേഷൻ കൗൺസിലിന്റെ പ്രത്യേക യോഗം ചേർന്നാണ് ഗാന്ധിജയന്തി ദിനം മുതൽ റിപ്പബ്ലിക് ദിനംവരെ സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനം വരെ നീളുന്ന പരിപാടികൾക്ക് രൂപം നൽകിയത്.
ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ കോർപറേഷനിലെ എല്ലാ വാർഡുകളിലും തീവ്ര ശുചീകരണ യജ്ഞം നടക്കും. വാർഡുതോറും 500 പേരെ വീതം പങ്കെടുപ്പിച്ച് ‘ഹരിതകർമ സേനക്കൊപ്പം ഒരു ദിനം’ എന്ന പേരിൽ പൊതുശുചീകരണ പരിപാടി നടത്താനാണ് ഉദ്ദേശിക്കുന്നത്.
വാർഡ് സാനിട്ടേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10 പേരടങ്ങുന്ന യുവജനങ്ങളുടെ ‘ഗ്രീൻ ഹണ്ടേഴ്സ്’ ഗ്രൂപ്പുകളുണ്ടാക്കാനും തീരുമാനിച്ചിട്ടുണ്ട്. നഗരസഭയിലെ എല്ല വീടുകളിൽനിന്നും മാലിന്യം ശേഖരിക്കും. ഹരിതകർമ സേനാംഗങ്ങൾക്ക് ശരാശരി 10,000 രൂപ വീതം വരുമാനം ലഭിക്കുന്ന വിധത്തിൽ ക്രമീകരണമുണ്ടാകും. ആഴ്ചയിൽ ഒരിക്കൽ മാലിന്യം ശേഖരിക്കുന്ന വിധത്തിലേക്ക് മാറും.
വസ്തു നികുതിയോടൊപ്പം യൂസർ ഫീ ഈടാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഭേദഗതി വന്നാൽ ഹരിതകർമ സേനക്കുള്ള പണം പ്രത്യേക പ്രോജക്ട് ആയി കോർപറേഷൻ നൽകും. യൂസർ ഫീസ് ജനങ്ങളിൽനിന്ന് വസ്തു നികുതിയോടൊപ്പം കോർപറേഷൻ നേരിട്ട് വാങ്ങും.
ഹരിതകർമ സേനാംഗങ്ങൾക്ക് വാഹന സൗകര്യം ലഭ്യമാക്കും. ഒരു വാർഡിലേക്ക് ആവശ്യമായ 10 ഹരിത കർമസേനാംഗങ്ങളെ നിയമിക്കുന്നതിനും യോഗം തീരുമാനിച്ചു. ഇതിന്റെ പ്ലാൻ തയാറാക്കി റിപ്പോർട്ട് ചെയ്യാൻ ആരോഗ്യകാര്യ സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി. എല്ലാ വാർഡുകളിലും അംഗൻവാടി ഒഴികെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ചെറിയ മാലിന്യ ശേഖരണ കേന്ദ്രം (മിനി എം.സി.എഫ്) ആരംഭിക്കും.
റോഡുകളിൽ എല്ലാ 500 മീറ്ററിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. റോഡുകളിൽ മാലിന്യം തള്ളുന്നത് തടയാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപവത്കരിക്കും. വൻതോതിൽ മാലിന്യം ഉണ്ടാക്കുന്ന കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. പന്നി ഫാമുകളിലേക്ക് മാലിന്യം കൊണ്ടുപോകുന്നത് കൃത്യമായി പരിശോധിക്കും. കോർപറേഷൻ പരിധിയിൽ കാമറ നിരീക്ഷണം ശക്തമാക്കും. വീടുകളിലെ കാമറകളിലെ ദൃശ്യങ്ങളും ഇതിനായി ഉപയോഗപ്പെടുത്താനും തീരുമാനിച്ചു.
മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു. ജനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത അടിച്ചേല്പിക്കാതെ വേണം പദ്ധതി നടപ്പാക്കാനെന്ന് പ്രതിപക്ഷ നേതാക്കളായ കെ.സി. ശോഭിതയും കെ. മൊയ്തീൻ കോയയും ആവശ്യപ്പെട്ടു.
ജനത്തിന് അധികബാധ്യയുണ്ടാകില്ലെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അറിയിച്ചു. ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൺ എസ്. ജയശ്രീ, ഒ. സദാശിവൻ, പി. ദിവാകരൻ, ടി. രനീഷ്, നവ്യ ഹരിദാസ്, എസ്.കെ. അബൂബക്കർ, സി.എം. ജംഷീർ, പി.കെ. നാസർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.