എങ്ങുമെത്താതെ കോർപറേഷൻ മാലിന്യ സംസ്കരണ പദ്ധതികൾ
text_fieldsകോഴിക്കോട്: മാലിന്യ സംസ്കരണത്തിനായി കോർപറേഷൻ ആഭിമുഖ്യത്തിലുള്ള മൂന്നു പ്രധാന പദ്ധതികളും തുടങ്ങാനായില്ല. ഖരമാലിന്യം സംസ്കരിച്ച് വൈദ്യുതിയാക്കാൻ ഞെളിയൻപറമ്പിൽ 250 കോടി രൂപ ചെലവിൽ പണിയുന്ന പ്ലാന്റ്, മലിനജലം സംസ്കരിക്കാനുള്ള ആവിക്കലിലെയും കോതിയിലെയും പ്ലാന്റുകൾ എന്നിവയാണ് എവിടെയുമെത്താത്ത അവസ്ഥയിലായത്. വെസ്റ്റ്ഹിൽ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റ് മാത്രമാണിപ്പോൾ പ്രവർത്തിക്കുന്ന പദ്ധതി. 2020 ജനുവരി ആറിന് മുഖ്യമന്ത്രി തറക്കല്ലിടുമ്പോൾ മൂന്നുഘട്ടമായി രണ്ടു കൊല്ലംകൊണ്ട് പണിപൂർത്തിയാക്കാൻ ലക്ഷ്യമിട്ട ഞെളിയൻപറമ്പ് പ്ലാന്റ് എങ്ങുമെത്തിയിട്ടില്ല.
സർക്കാറും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനും (കെ.എസ്.ഐ.ഡി.സി) നടപ്പാക്കുന്ന പദ്ധതിയുടെ കരാറുകാർ ബംഗളൂരു ആസ്ഥാനമായ സോണ്ട ഇൻഫോടെക് എന്ന സ്ഥാപനമാണ്. കൊച്ചി ബ്രഹ്മപുരത്തെ പ്ലാന്റിന്റെ നിർമാണക്കരാറും സർക്കാർ ഇവർക്കാണ് നൽകിയത്.
കേന്ദ്ര സർക്കാർ സഹായത്തോടെ അമൃത് പദ്ധതിയിലുള്ള ആവിക്കലിലെയും കോതിയിലെയും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രാരംഭ പ്രവൃത്തി പോലും പ്രതിഷേധത്തെ തുടർന്ന് തുടങ്ങാൻ സാധിച്ചില്ല. ഞെളിയൻപറമ്പിൽ നിലവിലുള്ള മാലിന്യവും മറ്റും നീക്കാൻ ആറുമാസം പിടിക്കുമെന്നായിരുന്നു ഉദ്ഘാടന സമയത്തെ പ്രഖ്യാപനം. ഈ പണിയാണ് പല കാരണങ്ങൾപറഞ്ഞ് കരാർ കമ്പനി നീട്ടിക്കൊണ്ടുപോവുന്നത്. കോവിഡ് നിയന്ത്രണങ്ങളും പ്രളയവും മറ്റു സാങ്കേതിക പ്രശ്നങ്ങളും കാരണമായി പറയുന്നു. പ്ലാന്റിന് 2020 ആഗസ്റ്റ് 12ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം ലഭിച്ച് ഒക്ടോബർ 25ന് ഭൂമിപൂജ നടത്തിയിരുന്നു. 6.5 ഏക്കർ
സ്ഥലം മാലിന്യമുക്തമാക്കി നിർമാണ പ്രവൃത്തി തുടങ്ങാനാവുന്നവിധം വീണ്ടെടുത്തതായാണ് കണക്ക്. മൂന്നു മേഖലകളാക്കിയാണ് പ്ലാന്റ് നിർമാണം നടക്കുന്നത്. 1962 മുതൽ മലം അടക്കം നിക്ഷേപിക്കുന്ന സ്ഥലമായിരുന്നു ഇവിടം.
2000 മുതലാണ് പ്ലാസ്റ്റിക്കടക്കം മാലിന്യങ്ങൾ തള്ളാൻ തുടങ്ങിയത്. സ്വകാര്യ പങ്കാളിത്തത്തോടെ ഞെളിയൻപറമ്പിലുള്ള 12.47 ഏക്കർ സ്ഥലത്താണ് വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കുന്നത്. ഇപ്പോഴുള്ള 1,30,000 എം ക്യൂബ് മാലിന്യം ബയോ മൈനിങ്ങും കാപ്പിങ്ങും നടത്തി സ്ഥലമൊരുക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ദിവസം 450 ടൺ ജൈവ, അജൈവ മാലിന്യങ്ങൾ സംസ്കരിച്ച് ദിവസം ആറ് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയാണിത്. യൂനിറ്റിന് 6.81 രൂപക്ക് വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങാൻ ധാരണയായിരുന്നു.
കോർപറേഷൻ കൂടാതെ സമീപ നഗരസഭകളായ രാമനാട്ടുകര, ഫറോക്ക്, കൊയിലാണ്ടി എന്നിവിടങ്ങളിലും സമീപ ഗ്രാമപഞ്ചായത്തുകളായ ഒളവണ്ണ, കുന്ദമംഗലം, കടലുണ്ടി ഭാഗങ്ങളിലുമുള്ള മാലിന്യം സംസ്കരിക്കുന്നതിന് പ്ലാന്റ് ഉപയോഗിക്കാനാവുമെന്നാണ് പ്രതീക്ഷ. ആവിക്കൽ, കോതി മലിനജല സംസ്കരണ പ്ലാന്റ് പണി അടുത്ത വർഷത്തെ പദ്ധതിയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. അതിനിടെ അമൃത് രണ്ടാം ഘട്ട പദ്ധതിയിലുൾപ്പെടുത്തിയ സരോവരത്തെ മലിനജല സംസ്കരണ പ്ലാന്റ് നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ കോർപറേഷൻ തുടങ്ങിയിട്ടുമുണ്ട്.
എങ്ങുമെത്താതെ കോർപറേഷൻ മാലിന്യ സംസ്കരണ പദ്ധതികൾ
ഞെളിയൻപറമ്പിൽ വർഷങ്ങളായി കൊണ്ടിട്ട മാലിന്യം മുഴുവൻ നീക്കംചെയ്യുന്ന ബയോമൈനിങ് പൂർത്തിയാക്കിയാലേ പ്ലാന്റ് നിർമാണം തുടങ്ങാനാവൂവെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. ജൈവമാലിന്യം കൂട്ടി അതിനുമുകളിൽ പൂന്തോട്ടവും മറ്റും ഒരുക്കുന്ന കാപ്പിങ് ജോലിയാണ് ഇനി കാര്യമായി ചെയ്യാനുള്ളത്. ഏറ്റവും അവസാനം പ്രവൃത്തി തീർക്കാൻ കോർപറേഷൻ 60 ദിവസമായിരുന്നു നൽകിയത്.
മഴയും മറ്റുകാരണങ്ങളുമാണ് മാലിന്യനീക്കം നീളാൻ കമ്പനി കാരണമായി പറയുന്നത്. കഴിഞ്ഞതവണ ഞെളിയൻപറമ്പിൽ തീപിടിത്തമുണ്ടായപ്പോഴും ഇക്കാര്യം കരാറുകാരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ബയോമൈനിങ്, കാപ്പിങ് എന്നിവ ചെയ്യാൻ കോർപറേഷന് ഒമ്പതു കോടിയുടെ നേരിട്ടുള്ള കരാറാണ് കമ്പനിയുമായുള്ളത്.
സർക്കാറും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനും (കെ.എസ്.ഐ.ഡി.സി) നടപ്പാക്കുന്ന പദ്ധതിയുടെ കരാറുകാർ ബംഗളൂരു ആസ്ഥാനമായ സോണ്ട ഇൻഫോടെക് എന്ന സ്ഥാപനമാണ്. ബയോമൈനിങ് നടത്താനായുള്ള മൊത്തം ഒമ്പതു കോടിയിൽ രണ്ടു കോടിയിലേറെ രൂപ മാത്രമേ കമ്പനിക്ക് നൽകിയിട്ടുള്ളൂ. മൈനിങ് പൂർത്തിയാവാത്തതിനാൽ കോർപറേഷൻ പണം കൈമാറാതിരിക്കുകയാണെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.