ഉറവിട മാലിന്യസംസ്കരണം വീടുകളിലേക്ക്
text_fieldsകോഴിക്കോട്: മാലിന്യമുക്ത നഗരസഭയാകാന്‍ ഉറവിട മാലിന്യസംസ്കരണ പദ്ധതിയുമായി കോഴിക്കോട് കോര്പറേഷന്. ഉറവിട മാലിന്യ സംസ്കരണം വീടുകളിലേക്ക് എന്ന ലക്ഷ്യവുമായി അഴക് പദ്ധതിയുടെ ഭാഗമായി 21 കോടി രൂപയുടെ പദ്ധതികളാണ് കോര്പറേഷന് ആസൂത്രണം ചെയ്തിരിക്കുന്നത്.
വീടുകളിലെ ജൈവമാലിന്യങ്ങളെ ഉറവിടത്തില്‍തന്നെ സംസ്കരിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി ആധുനിക മാലിന്യസംസ്കരണ ഉപകരണങ്ങള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും. ബയോഗ്യാസ് ഒഴികെയുള്ള ഉപകരണങ്ങള്‍ 90 ശതമാനം സബ്സിഡിയിലാണ് നല്‍കുക.
ബയോഗ്യാസിന് 50 ശതമാനം സബ്ഡിസി നല്‍കും. 900 ബയോഗ്യാസുകള്‍, 26,250 ജി ബിന്നുകള്‍,15,000 റിങ് കമ്പോസ്റ്റുകള്‍, 6750 ബൊക്കാഷി ബക്കറ്റ്, 7427 പൈപ്പ് കമ്പോസ്റ്റുകള്‍ തുടങ്ങി 53,062 ഉപകരണങ്ങള്‍ 53,062 കുടുംബങ്ങളിലേക്കായി വിതരണം ചെയ്യും. 21,52,23144 രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.
19,443 രൂപ വിലയുള്ള പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റിന് 50 ശതമാനം സബ്ഡിസി കഴിച്ച് 9723 രൂപയാണ് ഗുണഭോക്താക്കൾ അടക്കേണ്ടത്. മൂന്നു തട്ടുകളോടുകൂടിയ ജി ബിന്നുകളുടെ വില 4300 രൂപയാണ്. 90 ശതമാനം സബ്ഡിഡി കഴിച്ച് 430 രൂപയാണ് ഗുണഭോക്തൃ വിഹിതം.
3750 രൂപ വില വരുന്ന രണ്ട് വീതം റിങ് കമ്പോസ്റ്റുകള്‍ 3375 രൂപ സബ്സിഡിയില്‍ നല്‍കും. ഇതിന് ഗുണഭോക്തൃവിഹിതമായി 375 രൂപ അടക്കണം. 2845 രൂപ വിലവരുന്ന രണ്ട് ബൊക്കാഷി ബക്കറ്റിന് 2560 രൂപയാണ് സബ്സിഡി നല്‍കുന്നത്. ബാക്കി തുകയായ 285 രൂപ ഗുണഭോക്താവ് അടക്കണം.
1265 രൂപ വിലയുള്ള പൈപ്പ് കമ്പോസ്റ്റിന് 1138 രൂപ സബ്സിഡി നല്‍കും. 127 രൂപയാണ് ഗുണഭോക്താക്കൾ അടക്കേണ്ടത്. അപേക്ഷാഫോറത്തിനായി വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത് ഓഫിസുകള്‍ എന്നിവയുമായി ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.