മലിനജലം നിർബാധം ഒഴുകുന്നു; എൻ.ഐ.ടി പരിസരത്ത് ദുരിതജീവിതം
text_fieldsചാത്തമംഗലം: എൻ.ഐ.ടി ഹോസ്റ്റലുകളിൽനിന്ന് ഒഴുകിയെത്തുന്ന മലിനജലം പരിസരത്തെ നിരവധി കുടുംബങ്ങളുടെ ജീവിതത്തെ ദുസ്സഹമാകുന്നു. തട്ടൂർപൊയിൽ, പാലക്കുറ്റി, 12ാം മൈൽ, സ്പ്രിങ് വാലി, ചോലക്കുഴി ഭാഗത്തെ കുടുംബങ്ങളാണ് വർഷങ്ങളായി ദുരിതമനുഭവിക്കുന്നത്.
പരാതി ശക്തമാകുമ്പോൾ പേരിനു മാത്രം നടപടികളെടുത്ത് കണ്ണിൽ പൊടിയിടുകയാണ് അധികൃതർ. എൻ.ഐ.ടി കാമ്പസിൽ കട്ടാങ്ങൽ - മാവൂർ റോഡ് പരിസരത്തെ മെഗാ ഹോസ്റ്റലിൽനിന്നുള്ള മലിനജലമാണ് തട്ടൂർപൊയിൽ തോട്ടിലൂടെ പരിസരത്തേക്ക് ഒഴുകിയെത്തുന്നത്.
മെഗാ ഹോസ്റ്റൽ പ്രവർത്തനം തുടങ്ങിയതുമുതൽ രണ്ട് വർഷത്തോളമായി നാട്ടുകാർ ദുരിതം അനുഭവിക്കുകയാണ്. ശുചിമുറി മാലിന്യമടക്കം തോട്ടിലേക്ക് തുറന്നുവിട്ടതിനെത്തുടർന്ന് 2022 ഡിസംബറോടെ തട്ടൂർപൊയിൽ തോടിന്റെ പരിസരത്തുള്ള വീടുകളിലെ കിണറുകളാണ് ആദ്യം മലിനമായത്. പരാതിയെത്തുടർന്ന് ആദ്യം എൻ.ഐ.ടി അധികൃതർ കിണറുകൾ വറ്റിച്ച് ശുചീകരിച്ചു.
പരിശോധനയിൽ വെള്ളത്തിൽ ഇ കോളി, കോളിഫോം ബാക്ടീരിയ സാന്നിധ്യം ഉയർന്ന തോതിൽ കണ്ടെത്തി. 2023 നവംബറിൽ വിവാദമായതോടെ മലിനീകരണ നിയന്ത്രണ ബോർഡ് അടക്കം വിഷയത്തിൽ ഇടപെട്ടു. തുടർന്ന്, പുതിയ ശുചിമുറി മാലിന്യ സംസ്കരണ സംവിധാനം അടക്കമുള്ളവയെക്കുറിച്ച് പഠനം നടത്താൻ മദ്രാസ് ഐ.ഐ.ടി പ്രഫസറുടെ നേതൃത്വത്തിലുള്ള സംഘത്തെ എൻ.ഐ.ടി അധികൃതർ ചുമതലപ്പെടുത്തി. വേനലിൽ തോടിന്റെ ഒഴുക്ക് നിലക്കുകയും വാർഷിക അവധിയെത്തുടർന്ന് ജൂലൈ അവസാനം വരെ ഹോസ്റ്റലുകൾ അടച്ചിടുകയും ചെയ്തതോടെ പ്രശ്നം കെട്ടടങ്ങിയെങ്കിലും ഹോസ്റ്റലുകൾ പ്രവർത്തനം തുടങ്ങിയതോടെ എല്ലാം പഴയപടിയായി.
തട്ടൂർപൊയിൽ തോട് അരീക്കുളങ്ങര, നെച്ചൂളി വഴി ചെറുപുഴയിലാണ് എത്തിച്ചേരുന്നത്. മെഗാ ഹോസ്റ്റൽ പരിസരത്തെ ശുചിമുറി സംസ്കരണ പ്ലാന്റ് ശരിയായവിധം പ്രവർത്തിക്കാത്തതിനാൽ പാലക്കുറ്റി ഭാഗങ്ങളിലെ കുടുംബങ്ങൾ അസഹനീയ ദുർഗന്ധം കാരണം പൊറുതിമുട്ടുകയാണ്. കൊതുക് ശല്യവും പരിസരത്തെ കുടിവെള്ള സ്രോതസ്സുകൾ മലിനമാകുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന പാതയോരത്ത് 12ാം മൈൽ ഭാഗത്ത് വനിത ഹോസ്റ്റലിൽനിന്നുള്ള മലിനജലം കെട്ടിക്കിടക്കുന്നത് ദുർഗന്ധത്തിനും പരിസരത്തെ ജലസ്രോതസ്സുകളിൽ മാലിന്യം കലരാനും കാരണമായിട്ടുണ്ട്. മാലിന്യം അര കിലോമീറ്ററോളം ഒഴുകി ചോലക്കുഴി നീരുറവയിലാണ് പതിക്കുന്നത്. ചോലക്കുഴിയിലെ വെള്ളവും മലിനമാണ്. വനിത ഹോസ്റ്റലിൽനിന്ന് മലിനജലം ഒഴുക്കിയതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് കേസെടുത്ത് കോടതിക്ക് കൈമാറിയെങ്കിലും എൻ.ഐ.ടി അധികൃതർ ഹൈകോടതിയെ സമീപിച്ചതോടെ കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്.
മെഗാ ഹോസ്റ്റലിലും വനിത ഹോസ്റ്റലിലും പരിധിയിൽ കവിഞ്ഞ് വിദ്യാർഥികളെ താമസിപ്പിച്ചതാണ് മലിനജല സംസ്കരണ സംവിധാനമടക്കം താളം തെറ്റാൻ കാരണമെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.