യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിനുനേരെ ജലപീരങ്കിയും ഗ്രനേഡും
text_fieldsകോഴിക്കോട്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ച പൊലീസ് പ്രവർത്തകർക്കുനേരെ ലാത്തിവീശി. മൂന്നു പ്രവർത്തകർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.ടി. നിഹാൽ, ഷമീൽ അരക്കിണർ, മൻസൂർ രാമനാട്ടുകര എന്നിവർക്കാണ് ഗ്രനേഡ് വീണ് പരിക്കേറ്റത്. ഷമീലിനെയും മൻസൂറിനെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 11.30ഓടെ എരഞ്ഞിപ്പാലത്തുനിന്ന് പ്രകടനമായി എത്തിയ പ്രവർത്തകർ കലക്ടറേറ്റിനു മുന്നിലെ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. സമീപത്ത് സ്ഥാപിച്ച ബോർഡുകളും കട്ടൗട്ടുകളും മറിച്ചിട്ട പ്രവർത്തകർക്കുനേരെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. എൻ.എസ്.യു അഖിലേന്ത്യ സെക്രട്ടറി കെ.എം. അഭിജിത്ത് സംസാരിച്ചുകഴിഞ്ഞ ഉടൻ പ്രവർത്തകർ ബാരിക്കേഡുകളിൽ കയറി കലക്ടറേറ്റിലേക്ക് കടക്കാനും ബാരിക്കേഡുകൾ മറിച്ചിടാനും ശ്രമിച്ചു.
ബാരിക്കേഡുകൾ കൂട്ടിക്കെട്ടിയ കയർ പ്രവർത്തകർ ഒരുഭാഗം മുറിച്ചുമാറ്റി. പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവർത്തകർ ചെരിപ്പും കല്ലും എറിഞ്ഞു. പിരിഞ്ഞുപോകാതെ പ്രവർത്തകർ നിന്നതോടെ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു.
പൊലീസ് എറിഞ്ഞ പൊട്ടാത്ത ഗ്രനേഡ് പ്രതിഷേധക്കാർ കലക്ടറേറ്റിലേക്ക് തിരിച്ചെറിഞ്ഞു. ചില പ്രവർത്തകർ പൊലീസിനുനേരെ കല്ലെറിയുകയും ചെയ്തു. പിന്നീട് കലക്ടറേറ്റിനു മുന്നിലെ കോഴിക്കോട്-വയനാട് റോഡിൽ കുത്തിയിരുന്ന് ഗതാഗതം തടസ്സപ്പെടുത്തി.
അസി. കമീഷണർ എ.ജെ. ജോൺസന്റെ നേതൃത്വത്തിൽ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കുന്നതിനിടെയും സംഘർഷമുണ്ടായി. പൊലീസിന്റെ ലാത്തി പ്രവർത്തകർ പിടിച്ചുവാങ്ങിയതിനെ തുടർന്നാണ് പ്രവര്ത്തകര്ക്കുനേരെ പൊലീസ് ലാത്തിവീശിയത്. ജില്ല പ്രസിഡന്റ് ആർ. ഷഹിന്റെ നേതൃത്വത്തിൽ ഒരു മണിക്കൂറിലേറെ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഉപരോധനം തുടർന്നതോടെ പത്തുപേരെ പൊലീസ് ബലമായി അറസ്റ്റു ചെയ്തു നീക്കി. നടക്കാവ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രവർത്തകരെ ജാമ്യത്തിൽ വിട്ടു.
യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. കെ.എം. അഭിജിത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് ആർ. ഷഹിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സുഫിയാൻ ചെറുവാടി, ടി.എം. നിമേഷ്, വി.ടി. നിഹാൽ, വൈശാൽ കല്ലോറ, കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി. സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.