പനിയുടെ കാലത്ത് ബീച്ച് ആശുപത്രിയിലെത്തിയാൽ മഴ കൊള്ളണം
text_fieldsകോഴിക്കോട്: പലതരം പനികളുടെ ഭീഷണി നേരിടുന്ന കാലത്ത് കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലെത്തുന്നവർക്ക് മഴ കൊള്ളേണ്ട അവസ്ഥ. ബീച്ച് ആശുപത്രിയുടെ മുന്നിൽ ഒ.പി. പരിശോധന കഴിഞ്ഞ് മരുന്ന് നൽകുന്ന ഭാഗത്താണ് വെള്ളം തളം കെട്ടിയത്.
മരുന്ന് നൽകുന്ന കൗണ്ടറുകൾക്ക് മുമ്പിലുള്ള ഇരുമ്പ് ഷീറ്റിട്ട മേൽക്കൂര തകർന്നതാണ് കാരണം. ഷീറ്റ് പൊളിഞ്ഞതിനാൽ ടാർപായ െകട്ടിയെങ്കിലും അതിനിടയിലൂടെ വെള്ളം കിനിഞ്ഞെത്തുകയാണ്. ടൈലിട്ട തറയിൽ വെള്ളം തളം കെട്ടിക്കിടപ്പാണ്.
പ്രവൃത്തി ദിവസങ്ങളിൽ ഇവിടെയുള്ള രണ്ട് കൗണ്ടറുകൾക്ക് മുന്നിലും വലിയ വരി ഉണ്ടാവാറുണ്ട്. മഴയും വെള്ളവും കാരണം വരി നിൽക്കാൻ പറ്റാത്ത സ്ഥിതിയാണിപ്പോൾ.
കോടികൾ ചെലവിട്ട് ബീച്ച് ആശുപത്രിയെ ഹൈടെക് ആക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് അപമാനമുണ്ടാക്കുന്ന വിധത്തിൽ ചോർച്ച. ബീച്ച് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബിയില്‍ നിന്ന് 86.8 കോടി രൂപ അനുവദിച്ചിരുന്നു.
ജില്ലയുടെ ചരിത്രത്തില്‍ ഒരു ആശുപത്രിയുടെ വികസനത്തിനായി അനുവദിക്കുന്ന ഏറ്റവും വലിയ തുകയാണിത്. എം.എൽ.എ ഫണ്ട്, പ്ലാന്‍ഫണ്ട്, നാഷനല്‍ ഹെല്‍ത്ത് മിഷന് എന്നിവ വഴി 15 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ നടന്നു കഴിഞ്ഞ ആശുപത്രിയാണിത്.
സാധാരണക്കാരും മത്സ്യത്തൊഴിലാളികളുമുള്‍പ്പെടുന്ന തീരദേശത്ത് ഹൈടെക് ആശുപത്രി സമുച്ചയം ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ചികിത്സക്കെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാവുന്നത്. സര്‍ജിക്കല്‍ ബ്ലോക്ക്, അഡ്മിനിസ്ട്രേഷന് ബ്ലോക്ക്, അമിനിറ്റി ബ്ലോക്ക് എന്നീ മൂന്ന് മേഖലകളിലായാണ് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. എട്ടു നിലകളിലായാണ് സര്‍ജിക്കല്‍ ബ്ലോക്ക് രൂപകൽപന ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.