പ്രാഥമികാവശ്യത്തിന് വെള്ളമില്ല; പടിഞ്ഞാറ്റുമുറി സ്കൂളിന്റെ പ്രവർത്തനങ്ങൾ താളംതെറ്റുന്നു
text_fieldsകക്കോടി: ഒന്നാം ക്ലാസിലേക്ക് പുതിയ കുട്ടികൾ ചേർന്ന് ശ്രദ്ധേയമായ കക്കോടി പടിഞ്ഞാറ്റുമുറി ഗവ. എ.യു.പി സ്കൂളിൽ വെള്ളമില്ലാതെ പ്രാഥമികാവശ്യത്തിനുപോലും കുട്ടികൾ ദുരിതമനുഭവിക്കുന്നതായി പരാതി. അറുനൂറിൽപരം കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളിൽ പ്രാഥമികാവശ്യത്തിന് വെള്ളം നൽകാൻ കഴിയാത്തതിനാൽ കുട്ടികളെ ഇടവിട്ട ദിവസം വരുത്താൻ സ്കൂൾ അധികൃതർ നിർബന്ധിതരാകുന്നു. എ.ഇ.ഒയുടെ അനുമതിയോടെയാണ് കഴിഞ്ഞ ദിവസം താൽക്കാലിക സംവിധാനമൊരുക്കിയതെങ്കിലും നഴ്സറി, എൽ.പി ക്ലാസുകളിലെ പല വിദ്യാർഥികളെയും സ്കൂളിലയക്കാൻ രക്ഷിതാക്കൾ മടിക്കുകയാണ്. സ്കൂൾ കിണറിൽ വെള്ളമില്ലാത്തതിനാൽ കക്കോടി ഗ്രാമപഞ്ചായത്ത് ഒരു മിനിലോറി വെള്ളം എത്തിച്ചുനൽകുന്നുണ്ട്.
സ്കൂൾ കിണറിന്റെ ഒരുഭാഗം താഴ്ന്നതിനാൽ അപകടം സംഭവിക്കുമെന്ന ആശങ്കയിൽ വെള്ളം കോരാൻ കഴിയാത്ത അവസ്ഥയാണ്. വെള്ളം കുറവായതിനാൽ മോട്ടോർ അടിച്ച് വെള്ളം ടാങ്കിലേക്ക് കയറ്റുമ്പോൾ കലക്കുവെള്ളമാണ് എത്തുന്നത്. ഇതുപയോഗിച്ച് കുട്ടികൾ ശുചികർമങ്ങൾ ചെയ്യുമ്പോൾ അണുബാധയേൽക്കുമോയെന്ന ആശങ്കയാണ് രക്ഷിതാക്കൾക്ക്. പഞ്ചായത്ത് എത്തിച്ചുനൽകുന്ന വെള്ളം ഭക്ഷണാവശ്യത്തിന് എടുത്തശേഷം ലോറിയിൽനിന്ന് കിണറിലേക്ക് അടിക്കുകയാണ്.
ശേഖരിച്ചുവെക്കാൻ ടാങ്കുകൾ ഇല്ലാത്തതാണ് കിണറിലേക്ക് അടിക്കേണ്ടിവരുന്നതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഗ്രാമപഞ്ചായത്തിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും കലക്ടറുടെ ദുരന്തനിവാരണ വിഭാഗത്തിൽ വിവരം അറിയിച്ചതായും സ്കൂൾ അധികൃതർ പറഞ്ഞു. സ്കൂളിൽ നിർമാണപ്രവർത്തനങ്ങൾ ഗണ്യമായി നടന്നതിനാൽ വെള്ളം ഏറെ ഉപയോഗിച്ചതാണ് കിണർ വറ്റാൻ കാരണമെന്നും സ്കൂൾ തുറക്കുന്നതിന് മുമ്പുതന്നെ പൂർത്തിയാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും ആക്ഷേപമുണ്ട്.
പ്രധാനാധ്യാപിക സ്ഥലംമാറിപ്പോയതിനുശേഷം തസ്തിക ചാർജ് നൽകിയിരിക്കുകയാണ്. പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറെ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്കൂളിൽ എത്രയും വേഗം അടിസ്ഥാന സൗകര്യമൊരുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.