ജലവിതരണ പൈപ്പ് പൊട്ടി; കുറ്റിക്കാട്ടൂരിൽ റോഡിൽ പ്രളയം
text_fieldsകുറ്റിക്കാട്ടൂർ: മാവൂർ-കോഴിക്കോട് റോഡിൽ സർവിസ് സ്റ്റേഷനുസമീപം ജലവിതരണ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് മണിക്കൂറുകൾ വെള്ളക്കെട്ട്. കൂളിമാട് ജലശുദ്ധീകരണ പ്ലാന്റിലെ സ്റ്റേജ് ഒന്ന് പ്ലാന്റിൽനിന്ന് വെള്ളിപ്പറമ്പ് പമ്പ് ഹൗസിലേക്കുള്ള ജല വിതരണ പൈപ്പാണ് ബുധനാഴ്ച രാവിലെ പത്തോടെ കുറ്റിക്കാട്ടൂർ സർവിസ് സ്റ്റേഷനുസമീപം റോഡിനോടുചേർന്ന് പൊട്ടിയത്. കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം.
കുത്തിയൊഴുകിയ ജലം റോഡിൽ ഏറെനേരം വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും കാരണമായി. ഒരടിയിലേറെ ഉയരത്തിലാണ് റോഡിൽ മണിക്കൂറുകൾ വെള്ളക്കെട്ടുണ്ടായത്. ഉടൻ പമ്പിങ് നിർത്തിയെങ്കിലും വെള്ളക്കെട്ട് മാറാൻ സമയമെടുത്തു. ഈ ഭാഗത്ത് റോഡ് തകർന്നിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജലമെത്തിക്കുന്ന ലൈനാണെങ്കിലും സ്റ്റേജ് രണ്ട് പ്ലാന്റിൽനിന്നുള്ള ജലവിതരണം നടക്കുന്നതിനാൽ വിതരണം മുടങ്ങിയില്ല. ബുധനാഴ്ച വൈകീട്ട് അറ്റകുറ്റപ്പണിക്ക് തീരുമാനിച്ചിരുന്നെങ്കിലും മഴ കാരണം സാധിച്ചില്ല. പൈപ്പ് മാറ്റൽ പ്രവൃത്തി വ്യാഴാഴ്ച രാവിലെ നടത്തുമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ ദീപ്തിലാൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.