ജലവിതരണം ഇന്ന് വൈകീട്ടോടെ പുനഃസ്ഥാപിക്കും
text_fieldsകോഴിക്കോട്: വേങ്ങേരി മേൽപാത നിര്‍മാണത്തിന്റെ ഭാഗമായി പൈപ്പ് ലൈനുകള്‍ മാറ്റിസ്ഥാപിക്കുന്നതിനെ തുടര്‍ന്ന് നിലച്ച ജലവിതരണം വെള്ളിയാഴ്ച വൈകീട്ടോടെ മാത്രമേ പുനഃസ്ഥാപിക്കാൻ കഴിയൂവെന്ന് ജല അതോറിറ്റി വിഭാഗം. വെള്ളിയാഴ്ച രാവിലെയോടെ വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പ്രവൃത്തികൾ പ്രതീക്ഷിച്ചപോലെ നടക്കാതിരുന്നതാണ് രാവിലെയോടെ വെള്ളമെത്തുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റത്.
വേങ്ങേരി ജങ്ഷനിലെ പ്രവൃത്തി വ്യാഴാഴ്ച രാവിലെയോടെ തന്നെ പൂർത്തിയായിരുന്നു. വേദവ്യാസ സ്കൂളിനു സമീപത്തെ ജോയന്റ് പ്രവൃത്തിയാണ് വൈകിയത്. ഈ ഭാഗത്തെ വെൽഡിങ് പ്രവൃത്തി പുരോഗമിക്കുകയാണ്. വെൽഡിങ്ങിനുശേഷം അപ്പോക്സി വർക്കുകൾ പൂർത്തിയാക്കി ഉണങ്ങിയ ശേഷമേ വാൽവ് തുറക്കൂ. താഴ്ന്ന ഭാഗങ്ങളിലേ ആദ്യം വെള്ളമെത്തൂ. ഉയർന്ന പ്രദേശങ്ങളിലെത്താൻ പിന്നെയും മണിക്കൂറുകളെടുക്കും.
മൂന്നാം ദിവസവും ജലവിതരണം മുടങ്ങിയതോടെ വീടുകളിലും ഹോട്ടലുകളും ഓഫിസുകളിലെല്ലാം ജലക്ഷാമം രൂക്ഷമായി. പ്രാഥമികാവശ്യങ്ങൾക്കുപോലും പ്രയാസപ്പെടുകയാണ്. അമിത നിരക്ക് ഈടാക്കിയാണെങ്കിൽപോലും സ്വകാര്യ ഏജൻസികൾക്ക് സമയത്തിന് വെള്ളമെത്തിക്കാൻ കഴിഞ്ഞില്ല. ജല അതോറിറ്റിയുടെ ശുദ്ധജലത്തെ മാത്രം ആശ്രയിക്കുന്നവരാണ് കൂടുതല്‍ ദുരിതത്തിലായത്. സിവില്‍സ്റ്റേഷനിൽ വെള്ളമില്ലാതെ ബുദ്ധിമുട്ടിയെങ്കിലും 10.45ഓടെ വാട്ടര്‍ അതോറിറ്റി മാവൂരില്‍നിന്ന് ടാങ്കറില്‍ വെള്ളമെത്തിച്ചു. 9000 ലിറ്ററിന്റെ മൂന്നു ടാങ്കറുകളാണ് സിവില്‍സ്റ്റേഷനിലെ മൂന്നു ടാങ്കുകളില്‍ പമ്പ് ചെയ്തത്. സ്വകാര്യ സ്ഥാപനങ്ങളും നഗരത്തിലെ ഫ്ലാറ്റുകളും പ്രൈവറ്റ് ടാങ്കറുകളില്‍ വെള്ളമെത്തിക്കുകയാണ്. കോർപറേഷന് നിലവിലുള്ള വാഹനങ്ങള്‍ക്കുപുറമെ നാല് ടാങ്കറുകളിൽകൂടി ജലവിതരണം തുടങ്ങി. രാവിലെ ഏഴുമുതല്‍ 5000, 2000 ലിറ്ററുകളുടെ രണ്ടുവീതം അധിക ടാങ്കറുകളാണ് ജലവിതരണം നടത്തുന്നത്. കോളനികളിലുള്‍പ്പെടെ വെള്ളം സംഭരിച്ചുവെക്കാന്‍ ചെറിയ സൗകര്യങ്ങള്‍ മാത്രമാണുള്ളത്.
നവംബർ അഞ്ചു മുതൽ എട്ടുവരെയാണ് ജലവിതരണം മുടങ്ങുകയെന്ന് ജല അതോറിറ്റി അറിയിച്ചിരുന്നത്. കോഴിക്കോട് കോർപറേഷനിലും ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിലും ഫറോക്ക് മുനിസിപ്പാലിറ്റിയിലുമാണ് ജലവിതരണം മുടങ്ങിയതുമൂലം പ്രയാസപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.