കോഴിക്കോട്: വെള്ളക്കെട്ടും ഉരുൾപൊട്ടലും കെ.എസ്.ആർ.ടി.സി സർവിസ് താളം തെറ്റി
text_fieldsകോഴിക്കോട്: മഴയും വെള്ളക്കെട്ടും കെ.എസ്.ആർ.ടി.സി സർവിസുകൾ താളംതെറ്റി. കോഴിക്കോട്-കൽപറ്റ ദേശീയപാതയിൽ ഈങ്ങാപുഴയിലെ വെള്ളക്കെട്ടും ചൂരൽമലയിലെ ഉരുൾപൊട്ടലും മൂലം ചൊവ്വാഴ്ച പുലർച്ച മുതൽ സർവിസുകളുടെ താളം തെറ്റിച്ചു.
ബത്തേരി, മാനന്തവാടി പാതയിൽ രാവിലെ പത്തുവരെ ബസുകൾ ഓടിയില്ല. പുലർച്ച സിഫ്റ്റ് ബസ് ഇൗങ്ങാപ്പുഴയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയതിനെത്തുടർന്ന് കേടുപാടുകൾ സംഭവിച്ചു. ചില ബസുകൾ വഴിതിരിച്ചുവിട്ടെങ്കിലും വിവിധ ഭാഗങ്ങളിലെ വെള്ളക്കെട്ടുകൾമൂലം അതും തടസ്സപ്പെട്ടു.
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി റോഡിലെ തിരക്കൊഴിവാക്കാൻ അത്യാവശ്യ സർവിസുകൾ വിട്ടാൽമതി എന്ന നിർദേശത്തെത്തുടർന്ന് നിയന്ത്രിച്ചായിരുന്നു സർവിസുകൾനടത്തിയത്. പതിനൊന്ന് മണിയോടെ വീണ്ടും വഴിതിരിച്ച് വിട്ട് ചില സർവിസുകൾ നടത്തി. വയനാട് ഭാഗത്തെ ഡിപ്പോകളിൽനിന്ന് വളരെ കുറച്ച് സർവിസുകൾമാത്രമാണ് എത്തിയത്. ഉച്ചയോടെ അരമണിക്കൂർ ഇടവിട്ട് കോഴിക്കോടുനിന്ന് സുൽത്താൻ ബത്തേരി, മാനന്തവാടി പാതയിൽ സർവിസ് തുടർന്നു.
അപകടസ്ഥലത്തേക്ക് കൂടുതൽ ആളുകൾ എത്തുന്നത് ഒഴിവാക്കാൻ ചുരത്തിൽ വാഹനങ്ങൾതടഞ്ഞ് പരിശോധനയും നടത്തി. രക്ഷാപ്രവർത്തനങ്ങൾക്ക് എത്താൻ ദൗത്യസേനകൾക്ക് തടസ്സമാകാതിരിക്കാൻ പൊലീസും സന്നദ്ധപ്രവർത്തകരും നിയന്ത്രിച്ചാണ് വാഹനങ്ങൾ കടത്തിവിട്ടത്. ആവശ്യങ്ങൾക്കനുസരിച്ച് വിട്ടുകൊടുക്കാൻ ബസുകൾ ഡിപ്പോയിൽ തയാറാക്കിയിട്ടുണ്ടെന്ന് ചുമതലയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടോടെ ബംഗളൂരൂ സർവിസും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.