കുണ്ടൂപ്പറമ്പിൽ വെള്ളക്കെട്ട്; ദുരിതം പേറി നാട്ടുകാർ
text_fieldsകോഴിക്കോട്: കുണ്ടൂപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്തെ റോഡിലെ വെള്ളക്കെട്ട് കാരണം യാത്രക്കാർ ദുരിതത്തിൽ. ബസ് സ്റ്റോപ്പിലേക്കും സ്കൂളിലേക്കുമുള്ള റോഡാണ് ചളിവെള്ളത്തിൽ മുങ്ങിയത്. വെള്ളം ഒഴുകിപ്പോകാൻ ഓവുചാൽ ഈ ഭാഗത്തില്ല. റോഡിനരികിൽ കുഴിയുമുള്ളതിനാൽ ഇരുചക്ര വാഹനങ്ങളും കാൽനടക്കാരും വീഴുക പതിവാണ്.
ഇരുവശത്തും ഓവുചാലില്ലാത്ത റോഡിന്റെ ഒരു ഭാഗം താഴ്ന്നുകിടക്കുകയാണ്. റോഡിന്റെ പാതിവരെ വെള്ളമുള്ളതിനാൽ നടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. ഓഫിസ് സമയങ്ങളിൽ സ്ഥിരമായി ഗതാഗതക്കുരുക്കാണ്. കാരപ്പറമ്പിലും പുതിയങ്ങാടിയിലുംനിന്ന് ബൈപാസിലേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണിത്.
റോഡരികിൽ മെറ്റലും മറ്റുമിട്ട് കുഴി നികത്താൻ ശ്രമിച്ചെങ്കിലും അവ പരന്ന് വീണ്ടും കുഴിയായി. റോഡുയർത്തി ഓവുചാൽ പണിതാലേ ശാശ്വത പരിഹാരമാവൂ. പുതിയങ്ങാടി-കരുവിശ്ശേരി റോഡ് നവീകരണമുള്ളതിനാൽ അറ്റകുറ്റപ്പണി നടക്കുന്നില്ല. എന്നാൽ, സ്ഥലമെടുപ്പും മറ്റും നീളുന്നതിനാൽ വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനപ്രതിനിധികൾക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയായില്ല.
അടിയന്തര നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങാൻ നാട്ടുകാർ രൂപവത്കരിച്ച ഉപഭോക്തൃ സംരക്ഷണ സമിതി കുണ്ടൂപ്പറമ്പ് യൂനിറ്റ് അടിയന്തര യോഗം തീരുമാനിച്ചു. പ്രസിഡന്റ് ടി. രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പടുവാട്ട്, ഗോപാലകൃഷ്ണൻ, കെ.പി. സുബ്രഹ്മണ്യൻ, എം. ഗോവിന്ദരാജ്, സി. അനിൽകുമാർ, പോൾ ജേക്കബ്, എം.പി. ഗോപാലകൃഷ്ണൻ, ശ്രീജ സുരേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.