വാവാട് പ്രദേശം ബ്ലാക്ക് സ്പോട്ട് ക്ലസ്റ്ററിൽ ഉൾപ്പെടുത്തണമെന്ന്
text_fieldsകൊടുവള്ളി: വാഹനാപകടങ്ങൾ വിട്ടൊഴിയാത്ത ദേശീയപാത-766ൽ വാവാട് പ്രദേശം ബ്ലാക്ക് സ്പോട്ട് ക്ലസ്റ്ററുകളിൽ ഉൾപ്പെടുത്തി അപകടം കുറക്കാനുള്ള നടപടികൾ ഉണ്ടാവണമെന്ന ആവശ്യം ശക്തമാകുന്നു. മോട്ടോർ വാഹന വകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് 374 ബ്ലാക്ക് സ്പോട്ടുകളുണ്ടെന്നാണ് കണക്ക്.
ഇതിൽ 3117 റോഡുകൾ അപകടം ആവർത്തിക്കുന്ന ക്ലസ്റ്ററുകളായി തിരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 872 എണ്ണം ഹൈ റിസ്കും 821 മോഡറേറ്റ് വിഭാഗത്തിലും 1424 ലോ റിസ്ക് വിഭാഗത്തിലുമാണെന്ന് തരം തിരിച്ചിട്ടുണ്ട്. വാവാട് പ്രദേശത്ത് നിരന്തരം അപകടങ്ങളുണ്ടായിട്ടും പരിഹാരമാർഗങ്ങൾ ഇല്ലാതെ പോവുകയാണ്. വാവാട് ആലിൽചുവട് അങ്ങാടിക്കും മണ്ണിൽകടവിനുമിടയിലായി വരുന്ന രണ്ട് കി.മീറ്റർ ദൂരപരിധിയിലാണ് സ്ഥിരം അപകട മേഖലയായി മാറിയത്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. പ്രദേശവാസികളടക്കം നൂറോളം ആളുകളാണ് അപകടങ്ങളിൽ ജീവൻ പൊലിഞ്ഞത്. ഡിസംബർ ഒമ്പതിന് ഇരുമോത്ത് ജുമാ മസ്ജിദിന് മുൻവശത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ വേഗത്തിലെത്തിയ കാറിടിച്ചു വാവാട് പുൽക്കുഴിയിൽ പി.കെ.ഇ. മുഹമ്മദ്ഹാജിയാണ് (72) അവസാനമായി അപകടത്തിൽ മരണപ്പെട്ടത്.
അപകടങ്ങൾ പതിവായതോടെ എട്ടുവർഷം മുമ്പ് വാവാട് വില്ലേജ് ഓഫിസിന് മുൻവശത്തെ കയറ്റം കുറച്ച് റോഡ് നവീകരിച്ചിരുന്നു. എന്നാൽ, നടപാത ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ല. ട്രാഫിക് നിയന്ത്രണ സൂചകങ്ങളും സിഗ്നൽ ലൈറ്റുകളും ഈ ഭാഗത്ത് എവിടെയും സ്ഥാപിച്ചിട്ടില്ല. രണ്ടു വർഷം മുമ്പ് നടപ്പാത നവീകരണത്തിന് തുടക്കമിട്ടെങ്കിലും പ്രവൃത്തി പാതിവഴിയിൽ നിലച്ച നിലയിലാണ്. പലഭാഗത്തും നടപ്പാതപോലും സ്ഥാപിക്കാത്തതിനാൽ ആളുകൾ ഭയത്തോടെ പോകേണ്ട സ്ഥിതിയാണുള്ളത്. വേഗനിയന്ത്രണ സംവിധാനങ്ങളും ഇവിടെയില്ല.
സർക്കാർ-സ്വകാര്യ ആശുപത്രികൾ, സിവിൽ സപ്ലൈസ് ഗോഡൗൺ, വില്ലേജ് ഓഫിസ്, മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന വാവാട്ട് ദിവസവും വിദ്യാർഥികളടക്കം നിരവധി ആളുകളാണ് വന്നുപോകുന്നത്. നേരേയുള്ള റോഡായതിനാൽ വാഹനങ്ങളുടെ അമിത വേഗവും ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് അപകടങ്ങൾക്ക് വഴിവെക്കുന്നത്. ഇവിടം എങ്ങനെ അപകടരഹിതമാക്കാമെന്ന കാര്യത്തിൽ ഇപ്പോഴും അധികൃതർ ഉത്തരമില്ലാതെ നിസ്സംഗത നടിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.