മരണം കാത്തു കഴിയുന്ന അന്തേവാസികൾക്ക് ലെപ്രസി ആശുപത്രിയിലേക്കുള്ള വഴിയടയുന്നു
text_fieldsകോഴിക്കോട്: അവരോടതു ചെയ്യാൻ മനുഷ്യത്വമുള്ളവർക്ക് കഴിയുമോ? മോഹങ്ങൾ മരവിച്ച്, മോതിരക്കൈകൾ മുരടിച്ച് അനാഥത്വത്തിന്റെ ഇരുട്ടിൽകഴിയുന്ന മനുഷ്യർ. പണ്ടെങ്ങോ ബാധിച്ച കുഷ്ഠരോഗത്തിന്റെ പേരിൽ രോഗം ഭേദമായിട്ടും ആരും സ്വീകരിക്കാത്തവർ. വീടും കുടുംബവുമൊക്കെ സങ്കൽപം മാത്രമാണിവർക്ക്. മരണത്തെ മാത്രമാണ് അവർക്ക് കാത്തിരിക്കാനുള്ളത്.
മറ്റാരും അവരെ തേടിവരാനില്ല. അവർക്ക് ആശുപത്രിയിൽ പോയി മരുന്നുവാങ്ങി വരാനുള്ള വഴി കൊട്ടിയടക്കുകയാണ് സർക്കാർ. ചേവായൂർ കുഷ്ഠരോഗാശുപത്രിക്ക് സമീപത്തെ പുവർഹോമിൽ കഴിയുന്ന പ്രായംചെന്ന അന്തേവാസികൾക്കാണ് ആശുപത്രി അധികൃതരുടെ നടപടി വലിയ ക്രൂരതയായിമാറുന്നത്.
ലെപ്രസി ആശുപത്രിയിൽ ഇടക്കിടെ പോയി മരുന്നുവാങ്ങാനും ഡോക്ടറെ കാണിക്കാനും ഇനിയവർക്ക് കിലോമീറ്റർ ചുറ്റിക്കറങ്ങണം. ഓട്ടോറിക്ഷക്ക് നൂറു രൂപയിലേറെ കൊടുക്കണം. എന്ത് നിയമത്തിന്റെ പേരിലാണെങ്കിലും ഈ നടപടി മനുഷ്യാവകാശലംഘനമാണ്.
ലെപ്രസി ആശുപത്രി അതിർത്തിയിൽ കിഴക്കുഭാഗത്താണ് 76 വർഷം പഴക്കമുള്ള പുവർ ഹോം. സ്ത്രീകളും പുരുഷന്മാരുമായി 18 പേരുണ്ടിവിടെ. പലരും രോഗത്തെ തുടർന്ന് അംഗഭംഗം ഉണ്ടായവർ. സ്വന്തം കാര്യങ്ങൾ നിർവഹിക്കാൻ പ്രയാസപ്പെടുന്നവർ. അര നൂറ്റാണ്ടിലേറെയായി ഇവിടെ കഴിയുന്നവരാണിവരിലേറെയും.
സന്നദ്ധസംഘടനകളുടെ സഹായത്താൽ ജീവിച്ചുപോകുന്നവർ. സർക്കാർ ലെപ്രസി ആശുപത്രിക്കു ചുറ്റുമതിൽ കെട്ടുന്നതോടെ ഇവർ വർഷങ്ങളായി ഉപയോഗിക്കുന്ന വഴിയാണ് ഇല്ലാതാകുന്നത്. ഓട്ടോറിക്ഷക്ക് കൊടുക്കാനൊന്നും ഇവരുടെ കൈയിൽ കാശില്ല.
അവരുടെ ലോകം ഈ പുവർ ഹോമും ആശുപത്രിയും മാത്രമാണ്. സ്വാതന്ത്ര്യസമര സേനാനികളായ കെ.എൻ. കുറുപ്പും എ.വി. കുട്ടിമാളു അമ്മയും 1937ൽ സ്ഥാപിച്ച വെസ്റ്റ്ഹിൽ പുവർ ഹോംസ് സൊസൈറ്റിയുടെ കീഴിലാണ് ഈ അനാഥമന്ദിരം പ്രവർത്തിക്കുന്നത്.
ഒടുവിലവർ സമരത്തിനിറങ്ങി
ലെപ്രസി ആശുപത്രിയിലേക്കുള്ള അവസാന വഴിയും കൊട്ടിയടക്കുന്നതിനെതിരെ അവരിന്നലെ സമരത്തിനിറങ്ങി. മതിൽ നിർമാണത്തിനെതിരെ പ്രതീകാത്മക തടയൽ സമരം നടത്തി.
വെസ്റ്റ്ഹിൽ അനാഥമന്ദിര സമാജത്തിനു കീഴിൽ ലെപ്രസി ബാധിച്ചവരെ പുനരധിവസിപ്പിക്കാൻ 1946 മുതൽ സ്ഥാപിച്ച ഡിസേബിൾഡ് ഹോമിൽനിന്ന് ലെപ്രസി ആശുപത്രിയിലേക്ക് പോകാൻവേണ്ടി കഴിഞ്ഞ 76 വർഷമായി ഉപയോഗിച്ച വഴി കൊട്ടിയടക്കാനുള്ള മനുഷ്യത്വരഹിതമായ നീക്കത്തിനെതിരെ ഏതറ്റംവരെയും നീതിക്കായി പോരാടുമെന്ന് പുവർ ഹോംസ് സൊസൈറ്റി സെക്രട്ടറി സുധീഷ് കേശവപുരി പറഞ്ഞു.
മതിൽ നിർമാണത്തിനെതിരെ നടന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എക്സി. മെംബർ ഹാഷിം കടാക്കലകം അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം പുല്ലൂർക്കണ്ടി അശോകൻ, എ.കെ. സച്ചിൻ, സി. മുരളീധരൻ, അന്തേവാസികളായ കെ.വി. കറുപ്പൻ, പി.ടി. മുഹമ്മദ് കോയ, ആയിശബി എന്നിവർ സംസാരിച്ചു.
ഇവർക്ക് ആശുപത്രിവളപ്പിലേക്ക് കടക്കാൻ മൂന്ന് അടി വഴി അനുവദിക്കണമെന്ന് ഹാഷിം കടാക്കലകം ആവശ്യപ്പെട്ടു. ഇവിടെ ഒരു ഗേറ്റ് സ്ഥാപിച്ചാൽ മതി എന്ന് അന്തേവാസികൾ ചൂണ്ടിക്കാട്ടി. മതിൽ നിർമാണത്തിനെതിരെ ഇതിനുമുമ്പും ഇവർ പ്രതിഷേധിച്ചിരുന്നു.
മതിൽ നിർമാണം ആശുപത്രി വികസന സമിതി തീരുമാനം -സൂപ്രണ്ട്
ലെപ്രസി ആശുപത്രിക്ക് ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കുന്നത് ആശുപത്രി വികസനസമിതിയുടെ തീരുമാനമനുസരിച്ചാണെന്ന് സൂപ്രണ്ട് ഡോ. ബൈജു മാധ്യമത്തോടു പറഞ്ഞു. സാമൂഹികവിരുദ്ധർ ആശുപത്രി വളപ്പിലേക്ക് അതിക്രമിച്ചുകയറുന്ന പ്രശ്നമുണ്ട്.
അന്തേവാസികളിൽ രോഗികളുണ്ടെങ്കിൽ അവർക്ക് ലെപ്രസി ആശുപത്രിയിൽ ചികിത്സയും ഭക്ഷണവും താമസവും നൽകാൻ സംവിധാനമുണ്ട്. അങ്ങനെ ഒരു വഴി അനുവദിക്കാനാവില്ലെന്ന് ജില്ല കലക്ടർ ഉൾപ്പെടുന്ന ആശുപത്രി വികസന സമിതി നേരത്തേ വ്യക്തമാക്കിയതാണ് എന്നും സൂപ്രണ്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.