‘ദുശ്ശീലമുള്ള പൂച്ച’യെപ്പോലെ ഞങ്ങളിങ്ങനെയും വരക്കും
text_fieldsകോഴിക്കോട്: മൺചിരാതിൽ ഐശ്വര്യത്തിന്റെ പ്രതീകമായി കത്തുന്ന തിരിക്കു പകരം കരിഞ്ഞ കോഴിമുട്ട തോടുകൾ സന്ദർശകരെ സ്വാഗതം ചെയ്യുന്നു. അഴയിൽ തൂക്കിയിട്ട തുണിക്കഷണങ്ങളിൽ എന്തൊക്കെയോ കോറിയിട്ടിരിക്കുന്നു. മറ്റൊരു വശത്ത് തലയണയിൽ നിറങ്ങൾ വാരി വിതറിയിട്ടതു കാണാം.
പരമ്പരാഗത സങ്കൽപങ്ങളിലെ ചട്ടങ്ങളെല്ലാം ലംഘിച്ച് സന്ദർശകർക്കുമുന്നിൽ കാഴ്ചയുടെ പുതിയ മാനം തുറന്നിടുകയാണ് ആർട്ട് ഗാലറിയിൽ മൂന്ന് വിദ്യാർഥികളുടെ ചിത്രപ്രദർശനം. തൃശൂർ ഫൈൻ ആർട്സ് കോളജിലെ ബിരുദ വിദ്യാർഥികളായ പി.എസ്. അക്ഷയ്, അശ്വതി പ്രകാശ്, പി. മയൂഖ എന്നിവരാണ് ദുശ്ശീലമുള്ള പൂച്ച എന്ന പേരിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. വെള്ളത്തുണി ചെറിയ കഷണങ്ങളായി കീറിയെടുത്ത് അതിൽ മെഹന്തി ഉപയോഗിച്ചാണ് അശ്വതി ചിത്രം വരച്ചിരിക്കുന്നത്.
ഫ്രെയിം ചെയ്ത ചിത്രങ്ങൾക്കു പകരം അഴയിൽ തൂക്കിയിട്ടാണ് പ്രദർശനം. അഴയിൽ തൂക്കിയിടുന്ന കറപുരണ്ട െവള്ളത്തുണികൾ, പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത കുഞ്ഞുങ്ങളെയോ പ്രായമായവരെയോ ആണ് പ്രതിഫലിപ്പിക്കുന്നതെന്ന് അശ്വതി പറയുന്നു. സ്ത്രീകളുടെ ദൈനംദിന ജീവിതത്തിലെ വിവിധ ഭാവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഉപയോഗിച്ച് ഉപേക്ഷിച്ച തുണികളിൽ വർണങ്ങൾ കോറിയിട്ട് തൂക്കിയിട്ട അക്ഷയ് ചിത്രങ്ങൾ സന്ദർശകർക്ക് പുതിയ അനുഭൂതി പകരും. വർണച്ചായം കോറിയിട്ട തലയണയും മേശവിരിയും ചിത്രകലയുടെ പുതിയ മാധ്യമങ്ങൾ പരിചയപ്പെടുത്തുകയാണ്. അധികം പരിചിതമല്ലാത്ത എച്ചിങ് മാധ്യമമാണ് മയൂഖ ചിത്രങ്ങൾക്ക് തെരഞ്ഞെടുത്ത്.
കേരള ലളിതകലാ അക്കാദമിയുടെ പ്രോജക്ടിന്റെ ഭാഗമായി വിദ്യാർഥികൾ തീർത്ത ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ദുശ്ശീലമുള്ള പൂച്ചയെപ്പോലെ ആരും ചോദിക്കാനും പറയാനും ഇല്ലാതെ സ്വതന്ത്രമായി വരക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അശ്വതി പറഞ്ഞു. ഒമ്പതിനു തുടങ്ങിയ പ്രദർശനം 18ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.