ക്ഷേമ പെൻഷൻ; മസ്റ്ററിങ് നടത്താനാവാതെ കിടപ്പുരോഗികളും ഭിന്നശേഷിക്കാരും
text_fieldsനന്മണ്ട: വിവിധ ക്ഷേമ പെൻഷനുകളുടെ മസ്റ്ററിങ് തീയതി തിങ്കളാഴ്ച അവസാനിക്കാനിരിക്കെ മസ്റ്ററിങ് നടത്താൻ കഴിയാതെ ആയിരക്കണക്കിന് കിടപ്പു രോഗികളും വയോധികരും ഭിന്നശേഷിക്കാരും.
അക്ഷയ സെൻററുകളിലുള്ളവർക്ക് എത്തിച്ചേരാനുള്ള പ്രയാസമാണ് വീടുകളിൽ കഴിയുന്ന ഗുണഭോക്താക്കൾക്ക് തിരിച്ചടിയാകുന്നത്. നേരത്തേ അക്ഷയ സെൻററുകളിലുള്ളവർ വീട്ടിലെത്തിയാൽ അവർക്ക് 130 രൂപയായിരുന്നു നൽകിയിരുന്നത്. എന്നാൽ, ഇപ്പോൾ കേവലം 50 രൂപയാണ് നൽകുന്നത്. ഈ തുക വാഹനത്തിന്റെ ഇന്ധന ചെലവിനുപോലും തികയുന്നില്ല എന്നാണ് അക്ഷയ കേന്ദ്രങ്ങളിലുള്ളവർതന്നെ പറയുന്നത്. അതുകൊണ്ട് 130 രൂപ കിട്ടിയിരുന്ന കാലത്തെ ആവേശമൊന്നും അക്ഷയ നടത്തിപ്പുകാർ കാണിക്കുന്നില്ല.
സംസ്ഥാനത്തെ 52,48,136 പെൻഷൻകാരിൽ 42,62,983 പേരാണ് കഴിഞ്ഞ ദിവസം വരെ മസ്റ്റർ ചെയ്തത്. 9,85,153 പേർ ബാക്കിയാണ്. അതായത് 81.22 ശതമാനമാണ് മസ്റ്റർ ചെയ്തതെന്ന് ചുരുക്കം. നന്മണ്ട പഞ്ചായത്തിൽ വാർധക്യകാല പെൻഷൻ ഗുണഭോക്താക്കളായി 2670 പേരുള്ളതിൽ മസ്റ്റർ ചെയ്തതാവട്ടെ 2084 പേർ. ഭിന്നശേഷിക്കാരായി 336 പേരുണ്ട്. അതിൽ 242 പേരാണ് മസ്റ്റർ ചെയ്തത്. അവിവാഹിത പെൻഷൻ 150ൽ 121 പേരാണ് മസ്റ്റർ ചെയ്തത്. വിധവ പെൻഷൻ വാങ്ങുന്നത് 1025 പേരാണ്. അതിൽ 863 പേരാണ് മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കിയത്. കർഷകത്തൊഴിലാളി പെൻഷൻ ഗുണഭോക്താക്കൾ 704, മസ്റ്റർ ചെയ്തവർ 558.
അതായത് മൊത്തം 4885ൽ 3868 പേർ. 79.18 ശതമാനം. മറ്റ് പഞ്ചായത്തുകൾ 80 ശതമാനത്തിലേറെ കടന്നപ്പോഴാണ് നന്മണ്ട 80 ശതമാനത്തിൽ താഴെ വരുന്നത്. ബാലുശ്ശേരി പഞ്ചായത്ത് 88.33, കാക്കൂർ 88.23, പനങ്ങാട് 81.94, ഉണ്ണിക്കുളം 82.74 ശതമാനം.
തിങ്കളാഴ്ച മസ്റ്ററിങ് നടപടികൾ പൂർത്തീകരിക്കാൻ കഴിയാത്തവർക്ക് കുറച്ചു സമയംകൂടി അനുവദിച്ചില്ലെങ്കിൽ പലരും ക്ഷേമ പെൻഷനിൽനിന്ന് പുറത്താകും. സമയം നീട്ടിനൽകാൻ സർക്കാർ തയാറാകണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം. ഗസറ്റഡ് ഉദ്യോഗസ്ഥർ ലൈഫ് സർട്ടിഫിക്കറ്റ് നൽകിയാലും ഇവരുടെ ക്ഷേമ പെൻഷനുകൾ മുടങ്ങില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.