എന്നു തുറക്കും മാവൂർ റോഡ് ശ്മശാനം?
text_fieldsകോഴിക്കോട്: വർഷം നാലു കഴിഞ്ഞിട്ടും നവീകരണത്തിന് അടച്ച മാവൂർ റോഡ് ശ്മശാനം തുറന്നുകൊടുക്കാനാവാതെ കോർപറേഷൻ അധികൃതർ. നൂറ്റാണ്ട് പഴക്കമുള്ള മാവൂർ റോഡ് ശ്മശാനം തുറന്നുകൊടുക്കാത്തതിനാൽ സംസ്കാരത്തിന് കോർപറേഷൻ പരിധിയിലെ ജനങ്ങൾ പ്രയാസപ്പെടുകയാണ്.
ശ്മശാനം അടച്ചിട്ടതിനാൽ നാലും അഞ്ചും മൃതദേഹങ്ങൾ ദഹിപ്പിച്ച സമീപത്തെ ശ്മശാനങ്ങളിൽ ദിനംപ്രതി പത്തും പതിനഞ്ചും മൃതദേഹങ്ങൾ ദഹിപ്പിക്കാനെത്തുകയാണ്. ഇതുമൂലം മൃതദേഹം ദഹിപ്പിക്കാനെത്തുന്നവർ സംസ്കരണത്തിന് ഏറെനേരം കാത്തിരിക്കേണ്ട അവസ്ഥയാണ്.
2020 ഒക്ടോബറിലാണ് നവീകരണത്തിന് ചാളത്തറ ശ്മശാനം അടച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു അന്നത്തെ മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞതെന്ന് ജനകീയ സമിതി നേതാക്കൾ പറയുന്നു. പാരമ്പര്യ ചൂളകളിലെ സംസ്കാരം മുടങ്ങിയിട്ടു നാലുവർഷം കഴിഞ്ഞെങ്കിലും ഇലക്ട്രിക്, വാതക ശ്മശാനങ്ങളിൽ സംസ്കാരം നടന്നിരുന്നു. അതും മുടങ്ങിയിട്ട് ഒരു വർഷമായി.
ഇലക്ട്രിക് ശ്മശാനത്തിലെ ഫർണസ് തകരാറാണ് ഇതിനു കാരണം. വാതക ശ്മശാനത്തിൽ വാതകം ചോർന്ന് തീപിടിച്ചിരുന്നു. ഇതിനുശേഷം നന്നാക്കിയിരുന്നെങ്കിലും തറഭാഗം തകർന്നതിനാൽ വെള്ളം കയറി വീണ്ടും പ്രവർത്തനരഹിതമായി. ഇതോടെയാണ് വാതക ശ്മശാനവും അടച്ചത്. ഇവിടെ പുതുതായി രണ്ടു വാതക ശ്മശാനങ്ങളാണ് നിർമിക്കുന്നത്. ഇലക്ട്രിക് ശ്മശാനത്തിന്റെ ഫർണസ് പൂർണമായും മാറ്റും.
എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടും കോർപറേഷന്റെ ഫണ്ടും ഉപയോഗിച്ചാണ് മാവൂർ റോഡ് ശ്മശാനം നവീകരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് കോഓപറേറ്റിവ് സൊസൈറ്റിയാണ് നിർമാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. നവീകരണത്തിന്റെ ഭാഗമായി മൂന്നുതരം അടുപ്പുകൾ, പ്രാർഥന ഹാൾ, ചടങ്ങുകൾ നടത്താനുള്ള ഇടം എന്നിവയും ആസൂത്രണം ചെയ്തിരുന്നു. മേയിൽ പണി പൂർത്തീകരിക്കുമെന്നാണ് അവസാനമായി അറിയിച്ചത്.
കോർപറേഷൻ ഭരണാധികാരികളുടെ കെടുകാര്യസ്ഥതക്കെതിരെ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ജനകീയ സമിതിയും ബി.ജെ.പി നേതാക്കളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.