നാട്ടിലും നഗരത്തിലും പന്നിശല്യം; അപായഭീതിയിൽ ജനം; എന്നിട്ടും ക്ഷുദ്രജീവിയല്ല
text_fieldsകോഴിക്കോട്: മലയോരമേഖലകളിൽനിന്ന് കാട്ടുപന്നികൾ നാട് കീഴടക്കാനെത്തുകയാണ്. കാടുമായി വിദൂരബന്ധം പോലുമില്ലാത്ത പ്രദേശങ്ങളിലും നഗരമധ്യത്തിലും പന്നികൾ വിഹരിക്കുന്നു. രാപ്പകൽ വ്യത്യാസമില്ലാതെ ഈ കാട്ടുമൃഗത്തിന്റെ ശല്യം ജില്ലയിൽ വ്യാപകമാകുന്നതിനാൽ ജനങ്ങൾ പേടിയിലാണ്. നേരത്തേ, കാർഷികവിളകൾ നശിപ്പിക്കുന്നതായിരുന്നു പ്രധാന പരാതി. എന്നാൽ, മനുഷ്യജീവനുകൾ നഷ്ടമാകുന്ന ഗുരുതരമായ അവസ്ഥയാണിപ്പോൾ. വാഹനയാത്രക്കാരെ ഇവ ആക്രമിക്കുന്ന സംഭവം വർധിച്ചു. ഒരാഴ്ചക്കിടെ വിവിധ ആക്രമണങ്ങളിൽ ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരുചക്രവാഹനങ്ങളും നാല് ചക്രവാഹനങ്ങളും ആക്രമണത്തിനിരയായി.
ജില്ലയിൽ ഏറ്റവും കൂടുതൽ കാട്ടുപന്നിശല്യമുള്ളത് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് പരിധിയിലാണ്. കോഴിക്കോട് നഗരം വരെ നീളുന്ന താമരശ്ശേരി റേഞ്ച് പരിധിയിൽ പന്നിശല്യത്തിന്റെ പരാതികളില്ലാത്ത ഒരുദിവസം പോലുമില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർതന്നെ പറയുന്നു. കട്ടിപ്പാറ, മാവൂർ, കൊടിയത്തൂർ, കാരശ്ശേരി, കോടഞ്ചേരി, താമരശ്ശേരി, പുതുപ്പാടി, ഓമശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലാണ് കാർഷിക വിളകൾക്ക് കൂടുതൽ നാശം. പെരുവണ്ണാമൂഴി റേഞ്ചിൽ കൂരാച്ചുണ്ട്, കായണ്ണ എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്.
തോക്ക് ലൈസൻസുള്ളവർക്ക് പന്നിയെ വെടിവെക്കാൻ അനുവാദം നൽകിയശേഷം നൂറിലേറെ എണ്ണത്തെ താമരശ്ശേരി റേഞ്ചിൽ മാത്രം കൊന്നിട്ടുണ്ട്. എന്നാൽ, ശല്യം കൂടുന്നതല്ലാതെ കുറയുന്നില്ല. തോക്ക് ലൈസൻസുള്ള കർഷകരെയാണ് വനംവകുപ്പ് എംപാനൽ ലിസ്റ്റിലുൾപ്പെടുത്തി വെടിവെക്കാൻ അനുവാദം നൽകിയത്. താമരശ്ശേരി റേഞ്ചിൽ 29 പേർ മാത്രമാണ് എംപാനൽ ലിസ്റ്റിലുള്ളത്. നേരത്തേയുണ്ടായിരുന്ന ലൈസൻസുകൾ പുതുക്കിനൽകിയാൽ അതത് പഞ്ചായത്തുകളിൽ കൂടുതൽ പേർക്ക് പന്നിയെ കൊല്ലാനുള്ള അനുവാദം ലഭിക്കും.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യങ്ങളിലൊന്ന്. നേരത്തെ, സംസ്ഥാന സർക്കാർ താൽക്കാലികമായി ഇവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സ്ഥിരമായി ഇവയെ ക്ഷുദ്രജീവിയാക്കാൻ കേന്ദ്രസർക്കാറാണ് നടപടിയെടുക്കേണ്ടത്. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പന്നികളെ കൊന്നൊടുക്കാൻ കഴിയുന്നുണ്ടെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. 1800 കാട്ടുപന്നികളെ നിലവിൽ വെടിവെച്ച് കൊന്നിട്ടുണ്ട്. കർഷകർക്ക് വെടിവെക്കാനുള്ള അനുവാദം നൽകിയിട്ടുണ്ടെന്നും മന്ത്രി. അതേസമയം, ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ ശല്യക്കാരനായ വന്യമൃഗം എന്ന നിലയിൽ കർഷകർക്ക് തന്നെ പന്നിയെ കൊല്ലാൻ കഴിയും. കെണിവെച്ചും പിടിക്കാനാകും.
28 എണ്ണത്തിനെ കൊന്നു; ഭീതിയടങ്ങാതെ പനങ്ങോട്
മാവൂർ: മാസങ്ങൾക്കുള്ളിൽ 28 കാട്ടുപന്നികളെ വെടിവെച്ച് കൊന്നിട്ടും ശല്യംതീരാതെ പൊറുതിമുട്ടുന്ന പ്രദേശമാണ് മാവൂർ ഗ്രാമപഞ്ചായത്ത് താത്തൂർപൊയിൽ വാർഡിലെ പനങ്ങോട് ഗ്രാമം. പൂട്ടിയ ഗ്രാസിം ഫാക്ടറിയുടെ കാടുമൂടിക്കിടക്കുന്ന വളപ്പിനോട് ചേർന്നാണ് താത്തൂർപൊയിൽ വാർഡും പനങ്ങോടുമുള്ളത്.
ഗ്രാസിം വളപ്പിൽ ആയിരത്തോളം കാട്ടുപന്നികളുണ്ടെന്നാണ് പറയുന്നത്. ഈ ഭാഗത്ത് ഗ്രാസിം ഭൂമിക്ക് ചുറ്റുമതിൽ ഇല്ലാത്തതിനാൽ ഇരുട്ടിയാൽ ജനവാസകേന്ദ്രത്തിലേക്ക് പന്നികൾ കൂട്ടമായി ഇറങ്ങുന്നു. കാട് വെട്ടിത്തെളിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാസിം മാനേജ്മെന്റിനെ സമീപിച്ചിട്ടും നടപടിയില്ല. ഇതിനിടക്കാണ് ബുധനാഴ്ച രാവിലെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്.
മാവൂർ പൈപ്പ് ലൈൻ റോഡിൽ പനങ്ങോട് ഗ്രൗണ്ടിന് സമീപത്തുവെച്ചാണ് കുറ്റിക്കാട്ടൂർ നെടുംപറമ്പ്കുന്ന് യൂനുസിനെ (36) ആക്രമിച്ചത്. പനങ്ങോട് അണ്ടിപ്പറ്റ് ഫസലുറഹ്മാന്റെ വീട്ടിലേക്ക് സെന്റ്റിങ് പണിക്ക് ബൈക്കിൽ വരുമ്പോൾ റോഡരികിൽ പൈപ്പ് ചോർച്ചയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽനിന്ന് പന്നി ഓടിവന്ന് ആക്രമിക്കുകയായിരുന്നു. റോഡിൽവീണ യൂനുസിനെ പന്നി തിരിച്ചെത്തി വീണ്ടും ആക്രമിച്ചു. കൈകാലുകൾക്കും മുഖത്തും സാരമായ പരിക്കേറ്റ് യൂനുസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.