തൊണ്ടയാട് ബൈപാസിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു; കൂടുതൽ എണ്ണമുണ്ടെന്ന് സംശയം
text_fieldsകോഴിക്കോട്: ദേശീയപാത ബൈപാസോരത്തെ പൊന്തക്കാട്ടിൽ കണ്ടെത്തിയ കാട്ടുപന്നിയെ താമരശ്ശേരിയില്‍നിന്ന് വനംവകുപ്പ് ദ്രുതകർമ സേനയെത്തി വെടിെവച്ചു കൊന്നു. വെടിെവച്ച വനം വകുപ്പിെൻറ എം.പാനൽ ഷൂട്ടർമാരിൽപെട്ട മുക്കം സ്വദേശി സി.എം. ബാലന് പന്നിയുടെ പരാക്രമത്തിൽ തേറ്റയേറ്റു കാലിന് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ച ബൈപാസിൽ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തിൽ ഓമ്നി വാനിൽ പിക്അപ് ലോറിയിടിച്ച് വാൻ യാത്രക്കാരൻ ചേളന്നൂർ ഇരുവള്ളൂർ ചിറ്റടിപ്പുറായിൽ സിദ്ധീഖ് (38) മരിച്ചിരുന്നു.
ദേശീയ പാത 66 ൽ തൊണ്ടയാടിനും ഇരിങ്ങല്ലൂരിനും ഇടയിൽ വഴിപോക്കിൽ ബൈപാസിൽനിന്ന് പൊറ്റമ്മലേക്കുള്ള റോഡിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടിന് ശേഷമാണ് പന്നിയെ നാട്ടുകാർ കണ്ടത്. ഇതോടെ ഏറെ പേർ തടിച്ചുകൂടി. മെഡിക്കൽ കോളജ് പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് റേഞ്ച് ഓഫിസർ എം.കെ. രാജീവ് കുമാറിെൻറ നിർദേശ പ്രകാരം ദ്രുതകര്‍മ സേന അംഗങ്ങളെത്തി രാവിലെ ഒമ്പതരയോടെ പന്നിയെ വെടിെവച്ചു വീഴ്ത്തുകയായിരുന്നു.
ആദ്യ വെടിയുതിർത്തപ്പോൾ ആക്രമണം
ഏറെ സമയം കാത്തിട്ടും പന്നിയെ കാണാൻ കഴിയാതെ വന്നതോടെ ബാലൻ പൊന്തയിലേക്ക് ഇറങ്ങി ചെന്നാണ് വെടിയുതിർത്തത്. വെടിയേറ്റ ഉടൻ വേട്ടക്കാരനെതിരെ ചാടി തേറ്റകൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. തുടർന്ന് മൂന്ന് തവണ കൂടി വെടിയുതിർത്താണ് വീഴ്ത്തിയത്. രാവിലെ പത്തിന് വനം വകുപ്പിെൻറ വാഹനത്തിൽ കൊണ്ടുപോയി.
ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ടി. അജികുമാര്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എം. ദേവാനന്ദന്, വാച്ചര്‍മാരായ ഷബീര്‍, നാസര്‍ എന്നിവരടങ്ങിയ സംഘമാണ് നഗരത്തിലെത്തിയത്. 100 കിലോയിലേറെ തൂക്കം വരുന്ന പന്നിയെയാണ് കൊന്നത്. താമരശ്ശേരി വനം വകുപ്പ് ഓഫിസിലെത്തിച്ച് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഓഫിസ് വളപ്പിൽ കുഴിച്ചിട്ടു.
പന്നിയുടെ താവളം തിരക്കുള്ള റോഡിൽ കുറ്റിക്കാട്ടിൽ
ഏതു നേരവും വാഹനത്തിരക്കുള്ള ബൈപാസില്‍ ഹൈലൈറ്റ് മാളിനടുത്ത് പൊറ്റമ്മൽ റോഡ് ബൈപാസിൽ ചേരുന്നിടത്തെ കാട്ടിലാണ് പന്നിയെ കണ്ടത്. ഒരാൾ പൊക്കത്തിൽ കാട് വളർന്നയിടത്താണ് പന്നി ഒളിച്ചത്. വലിയ ഓവു ചാൽ പോലെ കുഴിഞ്ഞ ഭാഗമാണിത്. രാത്രി തള്ളുന്ന മാലിന്യ കൂമ്പാരവും ഓടയിലെ അഴുക്കുവെള്ളവും ഭക്ഷിച്ചു വളർന്ന ആരോഗ്യമുള്ള പന്നിയെയാണ് കൊന്നത്.
പന്നിക്ക് വണ്ടി തട്ടിയ പരിക്കില്ല
മുമ്പ് മലയോര ഗ്രാമങ്ങളില്‍ മാത്രം കണ്ടിരുന്ന കാട്ടുപന്നി ശല്യം നഗരത്തിലും എത്തി യത് ആധി കൂട്ടുന്നു. വെടിെവച്ച് കൊന്ന പന്നിയെ താമരശ്ശേരിയിലെത്തിച്ച് അസി.ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സത്യെൻറ മേൽനോട്ടത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പരിക്കൊന്നും കണ്ടെത്തിയില്ല. വ്യാഴാഴ്ച പുലർച്ച പന്നിക്ക് വണ്ടിയിടിച്ചുവെന്ന് അപകടമരണമുണ്ടാക്കിയ പിക്അപ് ലോറി ഡ്രൈവർ പറയുന്നത് ശരിയെങ്കിൽ മറ്റൊരു പന്നി ഉണ്ടാവാൻ സാധ്യതയുണ്ട്. ജനവാസകേന്ദ്രങ്ങളിൽ പെട്ടാൽ പന്നികൾ പരിഭ്രമിച്ചോടുക പതിവാണെന്ന് വനം വകുപ്പ് റേഞ്ച് ഓഫിസർ എം.കെ. രാജീവ് കുമാർ പറഞ്ഞു. കുറ്റിക്കാട്ടൂർ ഭാഗത്ത് ഇപ്പോൾ തന്നെ കാട്ടുപന്നികളുടെ ശല്യമുണ്ട്.
ബൈപാസിലേക്ക് ഈ ഭാഗത്തുനിന്ന് ദിശതെറ്റിയെത്തി വാഹനങ്ങളും ആൾക്കൂട്ടവും കണ്ട് പരിഭ്രമിച്ചോടിയതാണെന്ന് കരുതുന്നു. പൂച്ചപോലും കുറുകെ ചാടിയാല്‍ അപകടം ഉറപ്പായ സാഹചര്യത്തിലാണ് റോഡിൽ പന്നികൾ കൂടിയിറങ്ങി ഭീതി പരത്തുന്നത്. കൂരാച്ചുണ്ടില്‍ കാട്ടുപന്നി റോഡിൽ ചാടി ഗുരുതര പരിക്കേറ്റ ഓട്ടോഡ്രൈവര്‍ ഇപ്പോഴും ചികിത്സയിലാണ്.
പട്ടാപകൽ താമരശ്ശേരിയിലെ സംസ്ഥാനപാതയിൽ കാട്ടുപന്നി
താമരശ്ശേരി: കാട്ടുപന്നികൾ വാഹനയാത്രക്കാരുടെ ജീവനെടുക്കുന്ന സംഭവങ്ങൾക്കിടെ താമരശ്ശേരിയിൽ പട്ടാപകൽ കാട്ടുപന്നി സംസ്ഥാനപാത മുറിച്ച് ഓടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാത മുറിച്ച് കാട്ടുപന്നി കോരങ്ങാട്ടെ താമരശ്ശേരി ജി.വി.എച്ച്.എസ്. സ്കൂളിന്റെ ഗെയ്റ്റ് കടന്നാണ് ഓടിയത്. ഇരുചക്രവാഹനങ്ങളും കാറും റോഡിലൂടെ പോകുന്നതിന് ഇടയിലായിരുന്നു പന്നിയുടെ റോഡ് മുറിച്ച് കടന്നുള്ള ഓട്ടം. കാർ യാത്രക്കാർ മൊബൈലിൽ പകർത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
കാട്ടുപന്നി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇടിച്ച് വാഹനങ്ങൾ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ച് തൊണ്ടയാട് ബൈപ്പാസിൽ വ്യാഴാഴ്ച പുലർച്ച ഒരാൾ മരിച്ചിരുന്നു. കട്ടിപ്പാറയിൽ ഓട്ടോറിക്ഷയിൽ കാട്ടുപന്നിയിടിച്ച് ഓട്ടോഡ്രൈവർ മരിച്ചിരുന്നു. ഈ സംഭവങ്ങൾ രാത്രിയിലായിരുന്നു. പകലും കാട്ടുപന്നികൾ അപകട ഭീഷണിയുമായി റോഡ് മുറിച്ച് കടക്കുന്ന സാഹചര്യമുണ്ടെന്നാണ് താമരശ്ശേരിയിലെ സംഭവം കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.