കാട്ടുപന്നിശല്യം രൂക്ഷം; പരലാട് മേഖലയിൽ കർഷകർ ദുരിതത്തിൽ
text_fieldsനന്മണ്ട: കാട്ടുപന്നിശല്യം രൂക്ഷമായതോടെ നന്മണ്ട പരലാട് മേഖലയിലെ കർഷകർ ദുരിതത്തിലായി. കൂട്ടത്തോടെ കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നികൾ വിളകൾ പൂർണമായും നശിപ്പിക്കുന്ന സ്ഥിതിയാണ്. പ്രദേശത്തെ നെല്ല്, വാഴ, മരച്ചീനി, ഇടവിളകൾ തുടങ്ങിയവയെല്ലാം നശിപ്പിക്കുന്നു. പാട്ടത്തിനെടുത്തും വലിയ തുക മുതൽമുടക്കിയും കൃഷിയിറക്കിയ കർഷകരാണ് വിളവെടുക്കാൻ ഒന്നുമില്ലാതെ പ്രതീക്ഷക്ക് മങ്ങലേറ്റ് കഴിയുന്നത്.
ഒ.പി. ബാലൻ, വാസു, സിറാജുദ്ദീൻ, കെ.കെ. ബാലൻ, സദാനന്ദൻ തുടങ്ങി നിരവധി കർഷകരുടെ കൃഷിയിടത്തിൽ കാട്ടുപന്നി നാശംവിതച്ചിട്ടുണ്ട്. സമീപത്തെ കുന്നിൻ പ്രദേശങ്ങളിൽനിന്നാണ് കാട്ടുപന്നികൾ കൃഷിയിടത്തിലേക്ക് എത്തുന്നത്. ഇവയെ പ്രതിരോധിക്കാൻ കൃഷിയിടം സാരികൊണ്ടും മറ്റും മറച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം മറികടന്നുകൊണ്ടാണ് കാട്ടുപന്നികൾ കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കാട്ടുപന്നിശല്യം തുടരുന്ന സാഹചര്യത്തിൽ പലരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. പ്രശ്നത്തിന് പരിഹാരം തേടി അധികൃതരെ സമീപിച്ചെങ്കിലും നിരാശ മാത്രമാണ് കർഷകർക്ക് ബാക്കിയായത്.
വലിയ പ്രതീക്ഷകളുമായി വിത്തിറക്കി വിളവെടുപ്പ് കഴിയുന്നതുവരെ കർഷകർ ആശങ്കയോടെയാണ് കഴിയുന്നത്. കൃഷിയിടത്തിലെത്തുന്ന കർഷകർക്കു നേരെയും കാട്ടുപന്നികളുടെ ആക്രമണം ഉണ്ടാവുന്നുണ്ട്. പലപ്പോഴും തലനാരിഴക്കാണ് കർഷകർ വലിയ അപകടത്തിൽനിന്ന് ഒഴിവാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.