എഴുകുളം മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം; കൃഷിയിറക്കാനാവാതെ കർഷകർ
text_fieldsനന്മണ്ട: എഴുകുളം മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷമായതോടെ കൃഷിയിറക്കാനാവാതെ കർഷകർ വിഷമവൃത്തത്തിൽ. കഴിഞ്ഞ ദിവസം രാത്രി നെല്ലിക്കുന്നുമ്മൽ ഗോകുൽ, കുട്ടിനാരായണൻ, പ്രഭാകരൻ എന്നിവരുടെ കാർഷിക വിളകൾ പൂർണമായും നശിപ്പിച്ചു.
നശിപ്പിച്ചവയിൽ തുലാമാസ വിളവെടുക്കാനായവയും ഉൾപ്പെടുമെന്ന് കർഷകർ പറഞ്ഞു. പകൽ സമയങ്ങളിലും കാട്ടുപന്നി ഇറങ്ങുന്നത് നാട്ടിൽ ഭീതിജനകമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം പണിക്ക് പോവുകയായിരുന്ന തൊഴിലാളിക്കുനേരെ കാട്ടുപന്നി ഓടിയടുത്തെങ്കിലും തന്ത്രപൂർവം ഒഴിഞ്ഞുമാറിയതിനാൽ കുത്തേൽക്കാതെ രക്ഷപ്പെട്ടു.
എഴുകുളം എ.യു.പി സ്കൂൾ വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ രക്ഷിതാക്കളുടെ തുണ വേണം. സ്കൂളിന് സ്വന്തമായി ബസ് ഉണ്ടെങ്കിലും സമീപത്തെ കുട്ടികൾ നടന്നാണ് വരുന്നത്. കാട്ടുപന്നികൾ വിളയാടുന്ന പരലാട് മലയുടെയും പെരിങ്ങോട് മലയുടെയും മധ്യഭാഗത്താണ് എഴുകുളമെന്നതാണ് കർഷകരെ ഭീതിയിലാഴ്ത്തുന്നത്. തങ്ങളുടെ പ്രധാന വരുമാനമാർഗമായ കൃഷി നിലച്ചുപോകുമോയെന്ന ആധിയും അവർ പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.