നഗരത്തിൽ വീണ്ടും കാട്ടുപന്നി ഭീതി
text_fieldsകോഴിക്കോട്: നഗരത്തിൽ വീണ്ടും കാട്ടുപന്നി. നടക്കാവിൽ പല ഭാഗത്തായാണ് കഴിഞ്ഞ ദിവസം പന്നിയെ കണ്ടത്. വെള്ളിയാഴ്ച വൈകുന്നേരം നാലോടെ നടക്കാവ് കെ.എസ്.ആർ.ടി.സി വർക് ഷോപ്പിന് സമീപം പന്നിയെ കണ്ടവരുണ്ട്. ഇടവഴിയിൽ പന്നി പോകുന്നത് വിവിധ നിരീക്ഷണ കാമറകളിലും പെട്ടിട്ടുണ്ട്. വണ്ടിപ്പേട്ടയിൽനിന്ന് ബിലാത്തിക്കുളം റോഡിലേക്കുള്ള പോക്കറ്റ് റോഡുകളിൽ പലേടത്തായി നടക്കുന്നത് കണ്ടെത്തി. സ. കാട്ടുപന്നിയുണ്ടെന്ന് വാർത്ത വന്നതോടെ പരിസരവാസികൾ ഭീതിയിലാണ്. രാത്രി തനിച്ചു പോവാനും കുട്ടികളെ അയക്കാനുമെല്ലാം ഭയക്കുന്നു. പുലർച്ചെ നടക്കാനും പള്ളിയിൽ പോവാനുമിറങ്ങുന്നവർക്ക് ആധിയുണ്ട്.
കോർപറേഷന് നടപടിയെടുക്കാം
നഗരത്തിൽ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായെന്ന പരാതിയെ തുടർന്ന് പന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതിയുള്ള ഒമ്പത് അംഗ ഷൂട്ടർമാരുടെ ലിസ്റ്റ് കഴിഞ്ഞ വർഷം ജനുവരിയിൽതന്നെ കോർപറേഷൻ തയാറാക്കിയിരുന്നു. മുഴുവൻ കൗൺസിലർമാർക്കും ലിസ്റ്റ് കൈമാറിയിട്ടുണ്ട്.
നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലം കൗൺസിലർ രേഖാമൂലം അറിയിച്ചാൽ മാത്രമേ പന്നികളെ വെടിവെക്കാനാവൂവെന്നാണ് കോർപറേഷൻ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് പന്നിയെ വെടിവെക്കാമെന്ന സർക്കാർ ഉത്തരവുണ്ടെങ്കിലും നടപടിക്രമങ്ങൾ ആദ്യമിറക്കിയത് കോർപറേഷനാണ്. വനം വകുപ്പ് നിരക്കായ 1000 രൂപയാണ് ഷൂട്ടർക്ക് കോർപറേഷൻ നൽകുക. സംസ്കരിക്കാൻ 2000 രൂപയും അനുവദിക്കും. നേരത്തേ വനം വകുപ്പിന് മാത്രമേ ഇവയെ വെടിവെക്കാൻ കഴിയുമായിരുന്നുള്ളൂ. പുതിയ കോർപറേഷൻ ഉത്തരവിന്റെയടിസ്ഥാനത്തിൽ കോട്ടൂളി പൊൻപറക്കുന്നിൽ നടന്ന തെരച്ചിലിൽ രണ്ട് പന്നികളെ വെടിവച്ചു കൊന്നിരുന്നു.
കോർപറേഷൻ സിവിൽസ്റ്റേഷൻ, കോട്ടൂളി വാർഡിൽ പെട്ട ഈ മേഖലയിൽ വ്യാപകമായി പന്നിയിറങ്ങിയിരുന്നു. സിവിൽ സ്റ്റേഷൻ മേഖലയിൽ കാട്ടുപന്നി വാഴയും ചേമ്പും കപ്പയും മഞ്ഞളുമെല്ലാം കുത്തിയിളക്കുന്നതായി മുമ്പ് പരാതിയുയർന്നിരുന്നുവെങ്കിലും ഇപ്പോൾ ആശ്വാസമുണ്ട്. കോട്ടൂളി മീമ്പാലക്കുന്നിലെ കാടുനിറഞ്ഞ ഭാഗവും ബൈപ്പാസിന് ചുറ്റുമുള്ള ചതുപ്പുമൊക്കെയാണ് മുഖ്യ താമസകേന്ദ്രം. ബൈപ്പാസ് പണി തുടങ്ങിയതോടെ പലതും ഒഴിഞ്ഞുപോയി.
കോട്ടൂളി ചുള്ളിയോട് റോഡ്, സിവിൽ സ്റ്റേഷൻ മധുരവനം റോഡ്, ചേവരമ്പലം തുടങ്ങി 10 കിലോമീറ്റർ സ്ഥലത്തിനുള്ളിൽ പന്നികൾ വിഹരിക്കുന്നു. കോട്ടൂളി തണ്ണീർത്തട മേഖല കാട്ടുപന്നിക്ക് ഏറെയിഷ്ടമുള്ള കേന്ദ്രങ്ങളാണ്. ഈ ഭാഗത്തുനിന്ന് എരഞ്ഞിപ്പാലം, നടക്കാവ് മേഖലയിലേക്ക് എളുപ്പം കടക്കാനാവും.
വെടിവെക്കാനുള്ള നടപടികൾ പൂർത്തിയായി
നടക്കാവിൽ പന്നിയെ കണ്ടാൽ വെടിവെക്കാനുള്ള നടപടികൾ പൂർത്തിയായതായി കോർപറേഷൻ കൗൺസിലർ നവ്യ ഹരിദാസ് അറിയിച്ചു. ഒരു പന്നിയെയാണ് കണ്ടെത്തിയത്. ഇടവഴികളിൽ വഴി തെറ്റിയെത്തിയതാവാമെന്ന് കരുതുന്നു. ആളുകളെ കണ്ടാൽ ഒഴിഞ്ഞുമാറുന്നുണ്ട്. പന്നിയെ കണ്ടെത്തിയാൽ വെടിവെക്കാനാവും. പന്നി ആക്രമണം നടത്തിയതായി റിപ്പോർട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.