ആളെക്കൊല്ലി കാട്ടുപോത്തിനായുള്ള തിരച്ചിൽ രണ്ടാം ദിനവും വിഫലം
text_fieldsകൂരാച്ചുണ്ട്: കക്കയത്ത് കർഷകൻ പാലയാട്ടിൽ അബ്രഹാമിനെ കൃഷിയിടത്തിൽനിന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനായുള്ള തിരച്ചിൽ രണ്ടാം ദിനവും വിഫലം. വനംവകുപ്പിന്റെ വയനാട്, താമരശ്ശേരി ദ്രുതകർമസേനാംഗങ്ങളും കക്കയം, പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരും പ്രദേശവാസികളുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. അബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ച മേഖല, അദ്ദേഹത്തിന്റെ കൃഷിയിടവും വീടും അടങ്ങുന്ന പ്രദേശം, ഡാം സൈറ്റ് മേഖല എന്നിവിടങ്ങളിലായിരുന്നു തിരച്ചിൽ.
വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ കക്കയം ഡാം സൈറ്റ് റോഡിൽ നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമാണ് സംഘം തിരച്ചിൽ ആരംഭിച്ചത്. പെരുവണ്ണാമൂഴി റേഞ്ച് ഓഫിസർ കെ.വി. ബിജുവിന്റെ നേതൃത്വത്തിൽ നടന്ന തിരച്ചിലിൽ ഡോ. അജീഷ്, താമരശ്ശേരി ആർ.ആർ.ടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പ്രജീഷ്, കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരായ ഗണേശൻ, വി.ടി. ബിജു എന്നിവർ ഉണ്ടായിരുന്നു.
വനംവകുപ്പ് വാച്ചർമാർ, പ്രദേശവാസികളായ ജോൺസൺ കക്കയം, ജിബിൻ പുത്തൻപുരയിൽ, പ്രിൻസ് ഐസക്, ആഗ്നസ് ജോൺസൺ എന്നിവർ സംഘത്തിന് സഹായം നൽകി. ഞായറാഴ്ച മുതൽ പുലർച്ച നാലുമണിയോടെ തിരച്ചിൽ തുടങ്ങണമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ ആർ.ആർ.ടി സംഘത്തിന് നിർദേശം നൽകി. പുലർച്ച കാട്ടുപോത്തിനെ കാണുന്നതായി നാട്ടുകാർ മന്ത്രിയോട് പറഞ്ഞതിനെ തുടർന്നാണ് മന്ത്രിയുടെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.