കണ്ടിവാതുക്കൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു
text_fieldsനാദാപുരം: വളയംകണ്ടിവാതുക്കലിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. കണ്ണൂർ ജില്ലയിലെ കണ്ണവം വനമേഖലയോട് അടുത്തുകിടക്കുന്ന വളയം പഞ്ചായത്തിലെ മലയോരഭൂമിയിലാണ് കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചത്.
തടിക്കൽ ജോസഫ്, പിലാക്കണ്ടി ഉപ്പാട്ടി എന്നിവരുടെ പറമ്പിലാണ് കൃഷിനാശം വരുത്തിയത്. കണ്ണവം വനത്തിൽനിന്ന് എത്തിയ ആനകൾ ജില്ല അതിർത്തിയിൽ സ്ഥാപിച്ച വേലികൾ തകർത്താണ് കൃഷിയിടത്തിലിറങ്ങിയത്. 15ലേറെ തെങ്ങിൻ തൈകൾ, ഇരുനൂറോളം വാഴ, തെങ്ങുകൾ, കുരുമുളക് വള്ളികൾ എന്നിവ ആനകൾ നശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ പറമ്പിൽനിന്ന് ശബ്ദം കേട്ടെത്തിയപ്പോഴാണ് ആനകളെ കണ്ടത്. തുടർന്ന് ജോസഫ് കൃഷിയിടത്തിലിറങ്ങുകയും ഓലപ്പടക്കം പൊട്ടിച്ച് ആനകളെ തുരത്തുകയുമായിരുന്നു.
പടക്കത്തിന്റെ ശബ്ദം കേട്ട് ആനകൾ കാടുകയറിയെങ്കിലും വീണ്ടും കൃഷിയിടത്തിലിറങ്ങുമെന്ന ആശങ്കയിലാണ് കർഷകർ. വനാതിർത്തിയിൽ സ്ഥാപിച്ച വേലികൾ തകർത്താണ് ആനകൾ കൃഷിയിടത്തിലിറങ്ങിയത്. കുട്ടിയാന ഉൾപ്പെടെയുള്ള ആനക്കൂട്ടം രണ്ട് മാസത്തിലധികമായി വളയം, ചെക്യാട്, നരിപ്പറ്റ പഞ്ചായത്തുകളുടെ മലയോരമേഖലകളിൽ വ്യാപക കൃഷിനാശമാണ് വരുത്തിവെച്ചത്. ഒരുമാസം മുമ്പും ജോസഫിന്റെ കൃഷിയിടത്തിൽ ആനകളിറങ്ങി വാഴകൃഷി നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചാൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഫോട്ടോയെടുത്ത് മടങ്ങുകയാണെന്നും കാട്ടാനകളെ തുരത്താനാവശ്യമായ പടക്കമോ തകർന്ന വേലികൾ നന്നാക്കാനോ തയാറാവുന്നില്ലെന്നും കർഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.