ചെമ്പനോടയില്‍ കാട്ടാനകൾ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു
text_fieldsപേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോടയിൽ കാട്ടാനക്കൂട്ടമെത്തി കൃഷി നശിപ്പിച്ചു. ചെമ്പനോട ആലമ്പാറ ആദിവാസിക്കോളനിക്ക് സമീപം ജനവാസ കേന്ദ്രത്തില്‍ കൂട്ടത്തോടെ ആനകള്‍ എത്തുകയായിരുന്നു. ആലമ്പാറ മനയത്ത് ജോണ്‍, കുബ്ലാനിക്കല്‍ മാത്യു, ഉറുമ്പുങ്ങല് ബിനോയ്, കുബ്ലാനിക്കല്‍ തോമസ് എന്നിവരുടെ പുരയിടത്തിലെ കാര്‍ഷിക വിളകളാണ് നശിപ്പിക്കപ്പെട്ടത്. രാത്രി പതിനൊന്നുമണിയോടെ നാല് ആനകളാണ് കൃഷിയിടത്തില്‍ എത്തിയത്. വട്ടക്കയം മേഖലയില്‍ കടുവയെ കണ്ടതായി വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ വൈകീട്ട് ആറു മണിക്കുശേഷം ആളുകള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്നതിനിടയിലാണ് കാട്ടാനകളുടെ ശല്യം.
ആദ്യകാലങ്ങളില്‍ കാട്ടാനക്കൂട്ടങ്ങള്‍ കൃഷിയിടങ്ങളിലെത്തിയാല്‍ വെളിച്ചവും തീയുംകൊണ്ട് അവയെ തിരിച്ചയക്കാന്‍ കഴിയാറുണ്ടായിരുന്നെന്നും ഇപ്പോള്‍ ആനകള്‍ അക്രമിക്കാന്‍ ശ്രമിക്കാറുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു. രാത്രി ആന ഇറങ്ങിയിട്ട് വനപാലകരെ വിവരമറിയിച്ചിട്ട് അവര്‍ എത്തിയില്ലെന്ന് പറയുന്നു.
ആനയെ തുരത്താനുള്ള പടക്കം ഇല്ലെന്നും ജീവനക്കാര്‍ മറ്റൊരു ഭാഗത്താണ് ഉള്ളതെന്നുമുള്ള മറുപടിയാണത്രെ ലഭിച്ചത്.
ദിവസവും ആനകള്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്ന അവസ്ഥയുണ്ടെന്നും ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ ഇവിടെ കര്‍ഷകര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.