ഇനിയും നീളുമോ ഓൺലൈൻ പഠനം..?
text_fieldsകോഴിക്കോട്: അപ്രതീക്ഷിതമായി വീണ്ടും ക്ലാസ് മുറികളിൽനിന്ന് ഓൺലൈനിലേക്ക് പഠനം വെച്ചുമാറേണ്ടിവന്നതിന്റെ അങ്കലാപ്പിലാണ് ജില്ലയിലെ ഓരോ വിദ്യാർഥിയും അവരുടെ വീടുകളും അധ്യാപകരുമെല്ലാം. കോവിഡ് കാലത്ത് ഒന്നര വർഷത്തോളം ഓൺലൈനിൽ പഠനം നടത്തേണ്ടിവന്ന വിദ്യാർഥികൾ ജില്ലയിലെ വിദ്യാലയങ്ങൾക്കു മാത്രം പൂട്ടിട്ട നിപ കാലത്ത് വീണ്ടും ഓൺലൈൻ പഠനത്തെ ആശ്രയിക്കേണ്ടിവന്നത് ചില്ലറ ആശയക്കുഴപ്പമല്ല സൃഷ്ടിച്ചിരിക്കുന്നത്.
ഒരിടവേളക്കു ശേഷം ജില്ലയിൽ നിപ സ്ഥിരീകരിക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്തപ്പോഴായിരുന്നു കോവിഡ് കാലം പോലെ പഠനം ഓൺലൈനിലേക്ക് മാറ്റിയത്. ആഗസ്റ്റ് 30ന് മരിച്ച രോഗിക്ക് നിപയായിരുന്നുവെന്ന് സ്ഥിരീകരിച്ചത് സെപ്റ്റംബർ 12നായിരുന്നു. 14 മുതൽ സ്കൂളുകൾ അടച്ചു. 18 മുതൽ പഠനം ഓൺലൈനിലേക്ക് മാറ്റി. ഇപ്പോൾ ഓൺലൈൻ പഠനം ഒരാഴ്ച പിന്നിടുന്നു. ഇനിയും ഇത് നീളുമോ എന്നതിൽ വ്യക്തതയുമില്ല.
കോവിഡ് കാലത്ത് സമ്പൂർണ ലോക്ഡൗൺ ആയിരുന്നപ്പോൾ നടത്തിയിരുന്നപോലെ സുഗമമായി ഓൺലൈൻ പഠനം നടത്താൻ കഴിയുന്നില്ലെന്ന് രക്ഷിതാക്കൾ തന്നെ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. പ്രധാനമായും പഠന സൗകര്യമൊരുക്കാനുള്ള ബുദ്ധിമുട്ടാണ് ഇവർ പറയുന്നത്. കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം വീട്ടിൽ തന്നെയായിരുന്നപ്പോൾ മൊബൈൽ ഫോണുകൾ അവർക്ക് ലഭിക്കുന്നതിന് തടസ്സമുണ്ടായിരുന്നില്ല.
എന്നാൽ, രക്ഷിതാക്കൾ വീടുകളിൽനിന്ന് ജോലിക്കും മറ്റുമായി പുറത്തുപോകുമ്പോൾ കുട്ടികൾ മാത്രമാകുന്ന വീടുകളിൽ മൊബൈൽ ഫോൺ പോലുള്ള ഉപകരണങ്ങൾ ലഭ്യമാക്കാൻ കഴിയുന്നില്ല എന്ന പരാതി വ്യാപകമായിട്ടുണ്ട്. ഒന്നിലധികം വിദ്യാർഥികളുള്ള വീടുകളിൽ രക്ഷിതാക്കൾ രണ്ടുപേരും ജോലിക്കാരാണെങ്കിൽ പഠനം സങ്കീർണമാകുന്നു. വല്ല വിധേനയും മൊബൈൽ ഫോൺ സംഘടിപ്പിച്ച് നൽകിയാലും വീട്ടിലില്ലാത്ത രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠനം ശ്രദ്ധിക്കാനുമാവുന്നില്ല.
അധ്യാപകർ സ്കൂളിലെത്തി ക്ലാസ് മുറികളിൽ നിന്നുതന്നെ ലൈവ് ക്ലാസുകൾ നടത്തുന്നുണ്ട്. തൽസമയം ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർഥികൾക്കായി വൈകീട്ടും രാത്രിയിലും വാട്സ് ആപ്പിലൂടെയും മറ്റും പ്രത്യേക ക്ലാസുകൾ നടത്തേണ്ടിയും വരുന്നു.
നിപ ബാധിച്ച് മരണം സംഭവിച്ച് മൂന്നാഴ്ച പിന്നിട്ട സാഹചര്യത്തിൽ സ്കൂളുകൾ അടച്ചിടുന്നതിൽ കാര്യമില്ലെന്ന അഭിപ്രായവും ആരോഗ്യ വിദഗ്ധർ പങ്കുവെക്കുന്നു. കോവിഡ് സാഹചര്യം പോലെ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ച് സമ്പൂർണമായി അടച്ചിടേണ്ട ആവശ്യമില്ലെന്നും ഇവർ പറയുന്നു. നിപ ബാധിച്ച് മരിച്ചയാളുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയിരുന്നവർക്ക് സ്രവങ്ങളിലൂടെ മാത്രമെ രോഗം പകരുകയുള്ളൂ എന്നിരിക്കെ കോവിഡിന് തുല്യമായി സമ്പൂർണമായി അടച്ചിടേണ്ട ആവശ്യമില്ലെന്നും ഇവർ പറയുന്നു.
ആദ്യ നിപ മരണം കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ട സാഹചര്യത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ സ്കൂളുകൾ തുറന്നുപ്രവർത്തിക്കുന്നതിന് മറ്റ് തടസ്സങ്ങളില്ലെന്നും വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.