സൂപ്പറാകുമോ കോർപറേഷൻ സ്റ്റേഡിയം...?
text_fieldsകോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സ്, ബംഗളൂരു എഫ്.സി, എ.ടി.കെ മോഹൻ ബഗാൻ, ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് അടക്കമുള്ള വമ്പൻ ടീമുകൾ മാറ്റുരക്കുന്ന സൂപ്പർ കപ്പ് വേദിയായ കോർപറേഷൻ സ്റ്റേഡിയത്തിന്റെ നവീകരണം എങ്ങുമെത്താതെ നീളുന്നു. ടൂർണമെന്റിനായി ഇനി അവശേഷിക്കുന്നത് വെറും 16 ദിവസം മാത്രമാണ്.
സൂപ്പർ കപ്പിനായി കോർപറേഷൻ സ്റ്റേഡിയം തീരുമാനിച്ചപ്പോൾതന്നെ ഉയർന്നത് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ സ്റ്റേഡിയം സൂപ്പറാക്കാനാകുമോയെന്ന ചോദ്യം.
ടർഫ് എന്താകും...?
ഐ ലീഗിൽ കളിക്കുന്ന ഗോകുലം കേരള എഫ്.സിയുടെ ഹോം ഗ്രൗണ്ടായതിനാൽ അവരായിരുന്നു സ്റ്റേഡിയം പരിപാലിച്ചുപോന്നത്. സന്തോഷ് ട്രോഫിയിലെ കേരളമുൾപ്പെട്ട ഗ്രൂപ് മത്സരങ്ങളും കേരള പ്രീമിയർ ലീഗും ഐ ലീഗും പിന്നെ ചെറിയ പല മത്സരങ്ങളുമായി താങ്ങാവുന്നതിലുമധികം മത്സരങ്ങൾ നടത്തിയതിനാൽ ടർഫിന് കാര്യമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്.
നേരാവണ്ണം നനക്കുകപോലും ചെയ്യാത്തതിനാൽ പലയിടത്തും പുല്ല് കരിഞ്ഞുണങ്ങിയിട്ടുണ്ട്. ഇപ്പോൾ ധിറുതിയിൽ പുല്ല് ചെത്തിയൊരുക്കലും നനക്കലുമെല്ലാം തകൃതിയായി തുടങ്ങിയിട്ടുണ്ട്. ആലുവയിലെ വി.കെ.എം സ്പോർട്സ് ആൻഡ് ടർഫ് എന്ന കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്.
വെറും രണ്ട് പുല്ലുവെട്ട് യന്ത്രവുമായി നാലു തൊഴിലാളികളാണ് വലിയൊരു മൈതാനത്തിന്റെ പണികൾ നടത്തുന്നത്. മൂന്നാം തീയതി ആദ്യ മത്സരത്തിനുമുമ്പ് മൈതാനമൊരുക്കുമെന്നാണ് പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്ന ബാബു എന്ന തൊഴിലാളി പറയുന്നത്.
കണ്ണുതുറക്കാത്ത വിളക്കുമരങ്ങൾ
ഏപ്രിൽ മൂന്നാം തീയതിക്കുള്ളിൽ സ്റ്റേഡിയമൊരുക്കാൻ കഴിഞ്ഞാലും അതിനുള്ളിൽ ആവശ്യത്തിന് വെളിച്ചമെത്തിക്കാൻ വേണ്ട ഫ്ലഡ് ലൈറ്റ് സംവിധാനം സജ്ജമാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. മത്സരങ്ങളെല്ലാം വൈകീട്ടാണ് നടക്കുന്നത്.
സ്റ്റേഡിയത്തിന്റെ നാലു ഭാഗത്തുമായി ഉയർന്നു നിൽക്കുന്ന നാല് ഫ്ലഡ് ലൈറ്റുകളിൽ ഓരോന്നിലും പഴയകാല സാങ്കേതികവിദ്യയനുസരിച്ചുള്ള 80 ഹാലജൻ ബൾബുകൾ വീതമാണുള്ളത്.
മൊത്തം 320 ബൾബുകൾ. ഇതിൽ കത്തുന്നത് വെറും 61 എണ്ണം. ഐ ലീഗ് മത്സരങ്ങളുടെ രണ്ടാം പകുതിയിൽ വെളിച്ചക്കുറവ് പരിഹരിക്കാൻ ഫ്ലഡ് ലൈറ്റുകൾ ഇട്ടിരുന്നെങ്കിലും കാര്യമായ പ്രയോജനം ലഭിച്ചിരുന്നില്ല. മൂന്നിലൊന്ന് ബൾബുകളെങ്കിലും തെളിഞ്ഞാലേ ഗ്രൗണ്ടിൽ മതിയായ വെളിച്ചം ലഭിക്കൂ.
വൈകീട്ട് 5.30നും 8.30നും രണ്ടു കളികൾ വീതം ക്രമീകരിച്ചിരിക്കുന്ന ഷെഡ്യൂളിലെ ആദ്യ മത്സരത്തിന്റെ പകുതിയും രണ്ടാം മത്സരം പൂർണമായും രാത്രിയിലാണ് നടക്കുക. പഴയ സാങ്കേതികവിദ്യയിലെ കേടായ ബൾബുകൾക്കുപകരം പൂർണമായും വൈദ്യുതിച്ചെലവ് കുറവുള്ള എൽ.ഇ.ഡി ബൾബുകളിലേക്ക് മാറുന്നതാണ് ഭാവിയിലും ഗുണകരമാവുക. പക്ഷേ, ഇത് അത്ര പെട്ടെന്ന് നടക്കുന്ന കാര്യമല്ല. ഗ്രൗണ്ടിന്റെ അപര്യാപ്തതയിൽ പല ടീമുകളുടെയും മാനേജ്മെന്റ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
വെള്ളപൂശാത്ത പടവുകൾ
പണ്ടെന്നോ പെയിന്റടിച്ച സ്റ്റേഡിയത്തിന്റെയും പടവുകളുടെയും കാഴ്ച ശോകമാണ്. സ്റ്റേഡിയത്തിനകത്തെ വി.വി.ഐ.പി ലോഞ്ചും മീഡിയ റൂമും അത്യന്തം പരിതാപകരകരമാണ്.
കസേരകൾ പൊട്ടിപ്പൊളിഞ്ഞതും തുരുമ്പ് വീണതുമാണ്. ഏതാനും വർഷം മുമ്പ് നാഗ്ജി ഫുട്ബാൾ നടന്ന ശേഷം പ്രധാന മത്സരങ്ങൾ നടക്കാത്തതിനാൽ സ്റ്റേഡിയത്തിന്റെ കാര്യത്തിൽ ആർക്കും വലിയ താൽപര്യമില്ലാത്ത അവസ്ഥയാണ്. സൂപ്പർ കപ്പിനായി സ്റ്റേഡിയമൊരുക്കേണ്ടതിനാൽ കേരള പ്രീമിയർ ലീഗിന്റെ സെമിയും ഫൈനലും വയനാട്ടിലേക്ക് മാറ്റുകയായിരുന്നു.
പക്ഷേ, ഏപ്രിൽ മൂന്നിനകം സ്റ്റേഡിയം സജ്ജമാക്കുമെന്ന് ഉറപ്പിച്ചുപറയുകയാണ് കോർപറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ്. കേരള ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളും പ്രത്യാശയിലാണ്. എന്തെങ്കിലും കാരണവശാൽ കോർപറേഷൻ സ്റ്റേഡിയം സമയത്തിനകം സജ്ജമായില്ലെങ്കിൽ മത്സരങ്ങൾ മഞ്ചേരിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.