പേമാരിയെത്തും; മലിനമാവുമോ മിഠായിതെരുവ് ?
text_fieldsകോഴിക്കോട്: മിഠായിത്തെരുവിലെ ഓട അടഞ്ഞതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അടിയന്തര അഴുക്കുചാൽ നിർമാണം ഇനിയും തുടങ്ങാനായില്ല. കഴിഞ്ഞ ദിവസം വേനൽമഴ പെയ്തപ്പോൾ ഓടയിൽനിന്ന് തെരുവിലേക്ക് മലിനജലം ഒഴുകിയിരുന്നു. ടൈലുകളും മറ്റും പതിച്ച ഓടക്കടിയിൽ മലിനജലം ഒഴുക്കില്ലാതെ നിറഞ്ഞ് കെട്ടിക്കിടക്കുന്നത് പഴുതുകളിലൂടെ കാണാം.
ഇതോടെ ആഴ്ചകൾക്കകം പെയ്തു തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന പേമാരിയിൽ അടഞ്ഞ ഓടയിൽനിന്ന് മാലിന്യമൊഴുകി മൊത്തം പ്രശ്നമാവുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. ഓട മൊത്തമായി നിർമിക്കാൻ കോർപറേഷൻ 12.5 ലക്ഷം രൂപയുടെ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും പണി ഇനിയും തുടങ്ങാനായില്ല. രാധ തിയറ്റർ ഭാഗത്തുനിന്ന് മേലെപാളയത്തേക്കുള്ള ഓവുചാലാണ് ഒഴുക്കില്ലാതെ അടഞ്ഞുകിടക്കുന്നത്.
കോടികൾ ചെലവിട്ട് മിഠായിത്തെരുവ് നവീകരിച്ചപ്പോൾ ഓവുചാൽ ശാസ്ത്രീയമായി പണിയാത്തതാണ് തെരുവിലെ പ്രശ്നം. ഇത്രയും ഭാഗത്തെ സ്ലാബുകൾ കുത്തിയെടുത്ത് ആഴത്തിൽ സ്ലാബുകൾ പണിത് വീണ്ടും മൂടണം. നവീകരിച്ചപ്പോൾ കേബിളുകളിടാനുള്ളതടക്കം മൂന്ന് ചെറിയ ചാലുകളാണ് പണിതതെന്ന് വ്യാപാരികൾ പറയുന്നു. തുറന്ന് പരിശോധിക്കാൻ മാൻഹോളടക്കമുള്ള ഒരു സംവിധാനവും ചെയ്തില്ല.
വെള്ളം കയറിയപ്പോൾ മാലിന്യവും കുപ്പികളും പ്ലാസ്റ്റിക്കുമെല്ലാം ചേർന്ന് ഒഴുക്ക് തടസ്സപ്പെട്ടു. ഇനി എല്ലാം പൊളിച്ച് മാലിന്യം എടുത്തുമാറ്റി ആഴത്തിൽ ഓട പണിയേണ്ട സ്ഥിതിയാണ്. മഴ വരാൻ ഏതാനും ആഴ്ചകൾ മാത്രമേയുള്ളൂവെന്നതിനാൽ അതിനകം ഓട നിർമാണം പൂർത്തിയാവുമെന്ന പ്രതീക്ഷ ആർക്കുമില്ല. ഈ മഴയോടെ മിഠായിത്തെരുവ് വീണ്ടും നവീകരണത്തിനുമുമ്പുള്ള സ്ഥിതിയിലെത്തുമെന്ന ആശങ്കയാണെങ്ങും.
തെരുവ് വീണ്ടും പഴയപടിയാവുന്നു
2017 ഡിസംബർ 23നാണ് നവീകരിച്ച തെരുവ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്. തെരുവുനോക്കാനും അറ്റകുറ്റപ്പണി അപ്പപ്പോൾ ചെയ്യാനുമുള്ള സംവിധാനം വരുമെന്ന് പലതവണ പ്രഖ്യാപനമുണ്ടായെങ്കിലും ഒന്നും നടന്നിട്ടില്ല. ഇപ്പോൾ മിഠായിത്തെരുവ് മുതല്‍ മൊയ്തീന്‍പള്ളി റോഡ് വരെയുള്ള സ്ലാബുകൾ പൊട്ടിച്ച് അറ്റകുറ്റപ്പണി നടത്തേണ്ടിവരും. ടൈലുകളും മറ്റും ഇനിയും മാറ്റണം.
കുടിവെള്ള പ്രശ്നവും തുടരുന്നു
എടുത്തുമാറ്റാനാവാത്ത ഓടകൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മിഠായിത്തെരുവിലെ കുടിവെള്ള പ്രശ്നവും പരിഹരിക്കാനായിട്ടില്ല. ഓടയിൽനിന്ന് മാലിന്യം നീക്കി പൈപ്പുകൾ നന്നാക്കാൻ കരാറുകാരും കോർപറേഷനും അഗ്നിരക്ഷാസേനയുമെല്ലാം കൂട്ടായി ശ്രമിച്ചിട്ടും പൂർണഫലം കണ്ടില്ല. 200 മീറ്റർ നീളത്തിൽ ഇന്റർലോക്ക് പൊളിച്ച് തടസ്സം നീക്കിയാലേ കുടിവെള്ള വിതരണം പുനരാരംഭിക്കാനാവൂവെന്നാണ് കണ്ടെത്തിയത്.
ഓടക്കകത്ത് പൈപ്പ് പൊട്ടിക്കിടക്കുന്നതിനാൽ മിഠായിത്തെരുവിലേക്കുള്ള വാൽവ് തുറന്നാൽ പൊട്ടിയഭാഗം വഴി വെള്ളമൊഴുകി ഓട നിറയുന്ന സ്ഥിതിയാണ്. താൽക്കാലിക പരിഹാരമായി വാൽവ് അത്യാവശ്യത്തിന് മാത്രം തുറന്ന് അത്യാവശ്യക്കാർ വെള്ളമെടുത്തുകഴിഞ്ഞാൽ അടക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ദിവസം ഏതാനുംനേരം മാത്രമേ വെള്ളം കിട്ടുള്ളൂവെന്ന സ്ഥിതിയാണിപ്പോൾ.
ഈയാഴ്ച ഓട നിർമാണം തുടങ്ങും
മിഠായിത്തെരുവിലെ ഓടനിർമാണം ഈ ആഴ്ചതന്നെ തുടങ്ങുമെന്ന് കോർപറേഷൻ കൗൺസിലർ എസ്.കെ. അബൂബക്കർ അറിയിച്ചു. നിലവിലുള്ള ഓട മുഴുവൻ പൊളിച്ച് ആഴത്തിൽ പണിയണം. പെരുന്നാൾ-വിഷു വിപണിക്കാലത്ത് ഓട പൊളിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാൽ മാറ്റിവെക്കുകയായിരുന്നു.
മഴ വരുന്നത് ശ്രദ്ധയിൽപെടുത്തി ഉടൻ നടപടിയെടുക്കണമെന്ന് ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർമാണം അടുത്ത ദിവസം തുടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.