അപകടം വിളിച്ചുവരുത്തി സിഗ്നലുകളിൽ വാഹനങ്ങളുടെ ചില്ല് തുടപ്പ്
text_fieldsകോഴിക്കോട്: തിരക്കേറിയ റോഡിൽ അപകടംവരുത്തി വാഹനങ്ങളുടെ ചില്ല് തുടക്കൽ സംഘം. നാലും കൂടിയ തിരക്കുള്ള സിഗ്നലുകളിൽ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് മുന്നിൽ ചാടി ഇതരസംസ്ഥാനക്കാരായ ആളുകൾ ചില്ല് തുടക്കാനെത്തുന്നത് ഏറെ അപകടം വരുത്തുകയാണ്. മുപ്പതും നാൽപതും സെക്കന്റ് മാത്രം നിൽക്കുന്ന സിഗ്നലുകളിൽ കാർ ഉടമകളോട് ചോദിക്കാതെപോലും വാഹനങ്ങളുടെ ചില്ല് തുടക്കാൻ ഷാമ്പും വൈപ്പറുമായി ചാടി വീഴുകയാണ് സംഘം.
മലപ്പാറമ്പ്, തൊണ്ടയാട്, എരഞ്ഞിപ്പാലം ഭാഗങ്ങളിലാണ് മൂന്നും നാലും പേർ തുടക്കാനെത്തുന്നത്. സിഗ്നൽ ലഭിക്കുമ്പോൾ ബന്ധപ്പാടോടെ ഡ്രൈവർമാർ വാഹനം മുന്നോട്ടെടുക്കുമ്പോൾ മറ്റു വാഹനങ്ങൾക്ക് ഇടയിൽപെടുകയാണ് ജോലിക്കാർ. ചില്ല് തുടക്കുന്നത് പാതിയാകുമ്പോഴേക്കും സിഗ്നൽ ലഭിച്ച് വാഹനം മുന്നോട്ടെടുക്കുന്ന വേളയിൽ കൂലി ലഭിക്കാൻ ജോലിക്കാർ മുന്നോട്ടു പായുന്നതും അപകടം വിളിച്ചുവരുത്തുകയാണ്.
ട്രാഫിക് പൊലീസിന്റെ മുന്നിൽ നടക്കുന്ന ഈ അപകടക്കളിക്കെതിരെ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. വാഹനം തുടക്കാനെത്തുന്നവരുടെ കുടുംബാംഗങ്ങളായ സ്ത്രീകൾ കുട്ടികളെയേന്തി ഭിക്ഷാടനം നടത്തുന്നതും അപകടം വരുത്തുകയാണ്. വാഹനമോടിക്കുന്നവരുടെ ശ്രദ്ധ അൽപമൊന്നുതെറ്റിയാൽ ജീവൻ അപകടത്തിലാകുന്ന അവസ്ഥയാണ് നടുറോഡിൽ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.