താത്കാലിക അധ്യാപികക്ക് ഒരു മാസത്തിനകം വേതനം അനുവദിക്കണം -മനുഷ്യാവകാശ കമീഷൻ
text_fieldsകോഴിക്കോട്: കൂത്താളി എ.യു.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിതയായ അധ്യാപികക്ക് നൽകാനുള്ള കുടിശ്ശിക ശമ്പളം ഒരു മാസത്തിനുള്ളിൽ അനുവദിക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.
നടപടി സ്വീകരിച്ച ശേഷം ഹെഡ്മിസ്ട്രസും സ്കൂൾ മാനേജറും കമീഷനിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകാരണമാണ് പരാതിക്കാരിക്ക് യഥാസമയം വേതനം ലഭിക്കാതെ പോയതെന്നും ഉത്തരവിൽ പറഞ്ഞു.
വടകര കുരിക്കിലാട് വലിയ നാഗപ്പള്ളി വീട്ടിൽ എസ്. അനുപ്രിയ സമർപ്പിച്ച പരാതി തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്. കെ.പി. കൃഷ്ണകല എന്ന അധ്യാപിക അവധിയിൽ പ്രവേശിച്ചപ്പോഴാണ് പരാതിക്കാരിയെ നിയമിച്ചത്. 2017 നവംബർ 14 മുതൽ 2018 മാർച്ച് 27 വരെയാണ് ഇവർ ജോലി ചെയ്തത്.
134 ദിവസം ജോലി ചെയ്തെങ്കിലും 37 ദിവസത്തെ ദിവസ വേതനം മാത്രമാണ് ലഭിച്ചത്.
120 ദിവസത്തെ ശൂന്യവേതനാവധി മാത്രമേ പ്രധാനാധ്യാപകന് അനുവദിക്കാൻ കഴിയുകയുള്ളുവെന്ന് പേരാമ്പ്ര വിദ്യാഭ്യാസ ഓഫിസർ കമീഷനെ അറിയിച്ചു. ഇക്കാരണത്താലാണ് പരാതിക്കാരിയുടെ നിയമനം നിരസിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിയമനാധികാരിയായ സ്കൂൾ മാനേജർ നിയമനാംഗീകാര പ്രൊപ്പോസൽ സമർപ്പിക്കാതെ പരാതിക്കാരിയുടെ നിയമനാംഗീകാരം പരിഗണിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.