അങ്കത്തിനിറങ്ങിയ മങ്കമാർ
text_fieldsകോഴിക്കോട്: ജില്ലയിൽനിന്ന് ഇത്തവണ വനിത എം.എൽ.എമാരുണ്ടാവുമോയെന്ന ചർച്ചകൾ സജീവമായതോെട മൂന്ന് മുന്നണികളും ഒാരോ സീറ്റെങ്കിലും വനിതകൾക്ക് നൽകുന്നതിന് നിർബന്ധിതമായിട്ടുണ്ട്. വനിതകൾ വരണമെന്ന ചർച്ചകൾക്കിടെയാണ് ഇത്തവണത്തെ വനിതാ ദിനവും. അതിനാൽതന്നെ വനിതാദിന ചർച്ചകളും സെമിനാറുകളുമേറെയും 'തെരഞ്ഞെടുപ്പുകളിലെ വനിതപങ്കാളിത്തം' സംബന്ധിച്ചാണ്.
കാലം കഴിയുംതോറും വനിതകൾക്കുള്ള അവസരം കുറഞ്ഞുവരുന്നതായാണ് ജില്ലയുടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്. 10 മണ്ഡലം മാത്രമുണ്ടായിരുന്ന ആദ്യ തെരഞ്ഞെടുപ്പിൽ രണ്ട് വനിത എം.എൽ.എമാരുണ്ടായിരുന്നു ജില്ലക്ക്. എന്നാൽ, ഒരുമുന്നണിയും വിനതകൾക്ക് സീറ്റ് നൽകാത്ത തെരഞ്ഞെടുപ്പിനും ജില്ല സാക്ഷിയായിട്ടുണ്ട്.
1957ലെ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ഒന്നിൽ എച്ച്. മഞ്ജുനാഥ് റാവുവിനെ തോൽപിച്ച് ശാരദാകൃഷ്ണനും കുന്ദമംഗലത്ത് ചാത്തുണ്ണി ഒറ്റയിലിനെ തോൽപിച്ച് ലീലാ ദാമോദരനുമാണ് കോൺഗ്രസ് പ്രതിനിധികളായി ആദ്യം നിയമസഭയിലെത്തിയത്. '60ൽ ശാരദാകൃഷ്ണൻ കൃഷ്ണൻ കല്ലാട്ടിനെയും ലീലാദാമോദരൻ ഒറ്റയിൽ ചാത്തുണ്ണിയെയും തോൽപിച്ച് വീണ്ടും എം.എൽ.എമാരായി. '65ൽ കോൺഗ്രസ് സ്ഥാനാർഥികളായി എം. കമലം കോഴിക്കോട് ഒന്നിലും ശാരദാകൃഷ്ണൻ ബേപ്പൂരിലും പോരാട്ടത്തിനിറങ്ങിയെങ്കിയും ഇരുവരും പരാജയപ്പെട്ടു. '67ലും '70ലും കമലം വീണ്ടും കോഴിക്കോട് ഒന്നിൽ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. '77ൽ ഒരുമുന്നണിയും വനിതകൾക്ക് സീറ്റ് നൽകാത്തതും ചരിത്രമായി. ഇതിനിടെ കമലം '80ലും '82ലും കൽപറ്റയിൽനിന്ന് ജയിക്കുകയും സഹകരണ മന്ത്രിയാവുകയും ചെയ്തു. '82ൽ കോൺഗ്രസ് ടിക്കറ്റിൽ എം.ടി. പത്മ നാദാപുരത്തും ബി.ജെ.പി ടിക്കറ്റിൽ അഹല്യ ശങ്കർ ബേപ്പൂരിലും മത്സരിച്ചെങ്കിലും രണ്ടും മൂന്നും സ്ഥാനത്തായി. '87ൽ കൊയിലാണ്ടി കണ്ടത് വനിത പോരാട്ടത്തിനാണ്. സി.പി.എമ്മിലെ ടി. ദേവിയെ തോൽപിച്ച് കോൺഗ്രസിലെ എം.ടി. പത്മ നിയമസഭയിലെത്തി. ഇതേവർഷം കോഴിക്കോട് ഒന്നിൽ പോരിനിറങ്ങിയ എം. കമലം എം. ദാസനോട് പരാജയപ്പെടുകയും ബേപ്പൂരിൽ ബി.ജെ.പി സ്ഥാനാർഥി അഹല്യ ശങ്കർ മൂന്നാമതാവുകയും ചെയ്തു. '91ൽ കൊയിലാണ്ടിയിൽ എം.ടി. പത്മ വീണ്ടും ജയിച്ച് ഫിഷറീസ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായി. ബി.ജെ.പിയിലെ ടി. ലീലാവതി മൂന്നാമതെത്തി. ഇതേവർഷം പേരാമ്പ്രയിൽ സി.പി.എമ്മിലെ എൻ.കെ. രാധയും ജയിച്ചു. '96ൽ പേരാമ്പ്രയിൽ വീണ്ടും എൻ.കെ. രാധ ജയിച്ചപ്പോൾ മുസ്ലിം ലീഗിെൻറ വനിതസ്ഥാനാർഥി ഖമറുന്നീസ അൻവർ കോഴിക്കോട് രണ്ടിൽ എളമരം കരീമിനോട് പരാജയപ്പെട്ടു.
നാദാപുരത്തെ ബി.ജെ.പി സ്ഥാനാർഥി പി.പി. ഇന്ദിര മൂന്നാമതായി. 2001ൽ സി.പി.എമ്മിലെ പി. സതീദേവി കോഴിക്കോട് ഒന്നിൽ കോൺഗ്രസിലെ എ. സുജനപാലിനോട് തോറ്റു. ബി.ജെ.പി സ്ഥാനാർഥി ചന്ദ്രിക വടകരയിൽ മൂന്നാമതുമായി. 2006ൽ സി.പി.എമ്മിലെ കെ.കെ. ലതിക മേപ്പയൂരിലും 2011ൽ മേപ്പയൂർ മാറി രൂപംകൊണ്ട കുറ്റ്യാടിയിലും ജയിച്ചു. 2016 വീണ്ടും കുറ്റ്യാടിയിൽ പോരിനിറങ്ങിയെങ്കിലും മുസ്ലിം ലീഗിലെ പാറക്കൽ അബ്ദുല്ലയോട് തോറ്റു. ആർ.എം.പി.ഐയിലെ കെ.കെ. രമ വടകരയിലും തോറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.