അണ്‍എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ അരക്ഷിതാവസ്ഥ തുടരുന്നതായി വനിത കമീഷന്
text_fieldsകോഴിക്കോട്: അണ്‍എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ തൊഴില്‍ സുരക്ഷയും സംരക്ഷണവും സംബന്ധിച്ച് അരക്ഷിതാവസ്ഥ തുടരുന്നതായി വനിത കമീഷന് അധ്യക്ഷ അഡ്വ. പി സതീദേവി. ജില്ല പഞ്ചായത്ത് ഹാളില്‍ നടത്തിയ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു വനിത കമീഷന് അധ്യക്ഷ.
അണ് എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ കൃത്യമായ സേവന-വേതന വ്യവസ്ഥകള്‍ ഇല്ലാത്തതാണ് പ്രധാന പ്രശ്നം. ജില്ലയിലെ അണ് എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ അധ്യാപികമാരുടെ പ്രശ്നങ്ങള്‍ സിറ്റിങ്ങില്‍ പരിഗണനക്ക് വന്നു. അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത് തൊഴില്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായല്ല.
ഇത്തരം സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായി ജോലിചെയ്യുന്ന ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. ഇവര്‍ക്ക് ഒരു ആനുകൂല്യങ്ങളും നല്‍കാതെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതു സംബന്ധിച്ച് പരാതി വരുന്നുണ്ട്. അധ്യാപികമാരുടെ തൊഴില്‍ സംബന്ധിച്ച് കൃത്യമായ സേവന-വേതന വ്യവസ്ഥകള്‍ ഇല്ലാത്തതും ഒരു വിധത്തിലുള്ള നിയന്ത്രണങ്ങളില്ലാത്തതും പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നുണ്ട്.
ആരോഗ്യകരമായ കുടുംബ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിന് ജാഗ്രത സമിതികള്‍ വാര്‍ഡ് തലത്തില്‍ ക്ലാസുകള്‍ നടത്തുന്നത് ഉചിതമായിരിക്കും. ഗാര്‍ഹിക ചുറ്റുപാടുകളില്‍ പരസ്പരം ബഹുമാനിച്ചും സഹകരിച്ചുമാണ് ജീവിക്കേണ്ടത് എന്ന ധാരണ എല്ലാവര്ക്കും ഉണ്ടാകണം. തൊഴിലിടങ്ങളില്‍ പരാതിപരിഹാര സംവിധാനമില്ലാത്ത വിഷയവും കമീഷന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പാക്കണമെന്ന് സര്‍ക്കാറിന് മുമ്പാകെ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു.
ജില്ലതല സിറ്റിങ്ങില്‍ എട്ടു പരാതികള്‍ പരിഹരിച്ചു. മൂന്നു പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിന് അയച്ചു. രണ്ടു പരാതികളില്‍ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ സൗജന്യ നിയമ സഹായം നല്‍കുന്നതിന് അയച്ചു. 49 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. ആകെ 62 പരാതികളാണ് പരിഗണിച്ചത്. വനിത കമീഷന് അംഗം അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്, അഭിഭാഷകരായ ലിസി, സീനത്ത്, റീന, കൗണ്‍സലര്‍മാരായ സി. അഖിന, എം. സബിന, എ.കെ. സുനിഷ, കെ. സുധിന, വനിത സെല്‍ എ.എസ്.ഐ എന്‍. ഗിരിജ, സി.പി.ഒ പി. നിഖില്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.