ഇന്ന് ലോക വനിതാദിനം; ഖദീജ ഉമ്മയുടെ ഖൽബിലാണ് കൃഷി
text_fieldsനന്മണ്ട: ചീക്കിലോട്ടെ മാരാംകണ്ടി ഖദീജക്ക് കൃഷി ഒരു തപസ്യയാണ്. വിവാഹശേഷം ഭർതൃവീട്ടിലെത്തിയതോടെയാണ് ചെറുപ്പത്തിലെ കൃഷിയോടുള്ള പ്രണയം തളിർത്തത്. ഭർത്താവ് മൊയ്തീൻകോയയുടെ ഉപ്പ കുട്ട്യാലി ഹാജി നല്ലൊരു കർഷകനായിരുന്നു. അദ്ദേഹത്തിന്റെ കൂടെ പാടത്ത് ഇറങ്ങിയതോടെ കൃഷിപാഠത്തിന്റെ പുതു അറിവുകൾ സമ്പാദിച്ചു.
പാട്ടത്തിനെടുത്തും സ്വന്തം സ്ഥലത്തുമായി കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് ഈ വീട്ടമ്മ. അടുക്കളപ്പുരയിൽനിന്ന് അതിരാവിലെ തന്നെ കൈക്കോട്ടുമായി പാടത്തേക്കിറങ്ങും. വെയിൽ കനക്കുന്നതോടെ വീണ്ടും വീടിന്റെ അകത്തളത്തിലേക്ക്. അതിനിടെ പശുവിന് വെള്ളവും പുല്ലുമായി തൊഴുത്തിലേക്കും കോഴികൾക്ക് ഗോതമ്പുമായി കോഴിക്കൂട്ടിലും എത്തും. അമ്പതോളം നാടൻ കോഴികളാണുള്ളത്.
വിഷുവിന് വിഷരഹിത പച്ചക്കറി ഒരുക്കുകയാണ് വയലിൽ. തക്കാളി, പയർ, ചീര, പടവലം, വിവിധതരം മുളകുകൾ, വഴുതിന, വെണ്ട, ഇളവൻ, ഇഞ്ചി, കൂർക്ക, മരച്ചീനി, വാഴ എന്നിവയും ഉൾപ്പെടും.
ഇപ്പോൾ വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ പുറമെ നിന്നും വാങ്ങാറില്ല. കൃഷിജീവിതത്തിന്റെ ഭാഗമായ ഖദീജക്ക് കൃഷിയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ച് ചിന്തിക്കാനുമില്ല. ക്ഷീര കർഷക കൂടിയായ ഈ വീട്ടമ്മ ഒന്നുരണ്ട് നാടൻ പശുവിനെക്കൂടി ഉൾപ്പെടുത്തി ചെറിയ ഫാം തുടങ്ങിയാലോ എന്ന ചിന്തയിലാണിപ്പോൾ. ഉപജീവനമാർഗം എന്ത് എന്ന് ആരു ചോദിച്ചാലും കൃഷിതന്നെയാണ് ഉത്തരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.