ചട്ടംലംഘിച്ച് ടൂറിസം വകുപ്പിൽ വർക്കിങ് അറേഞ്ച്മെന്റ് സംവിധാനം
text_fieldsകോഴിക്കോട്: സർക്കാർ വിലക്കിയ വർക്കിങ് അറേഞ്ച്മെന്റ് സംവിധാനം ടൂറിസം വകുപ്പിൽ തോന്നുംപടി. ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ മാത്രം അനുവദിക്കപ്പെട്ട വർക്കിങ് അറേഞ്ച്മെന്റാണ് സ്വാധീനത്തിന് വഴങ്ങി ടൂറിസം വകുപ്പിൽ നടപ്പാക്കുന്നത്. ഇതുമൂലം പൊതുഖജനാവിന് ലക്ഷങ്ങളാണ് നഷ്ടമാകുന്നത്.
2022 ആഗസ്റ്റ് എട്ടിലെ ഉത്തരവിനെ തുടർന്ന് കഴിഞ്ഞവർഷം ആഗസ്റ്റിൽ അനധികൃതമായി നടത്തിയ വർക്കിങ് അറേഞ്ച്മെന്റുകൾ കണ്ടെത്തുന്നതിന് സ്പാർക് ആപിൽ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ഇതുപ്രകാരം സ്പാർക്കിൽ വർക്കിങ് അറേഞ്ച്മെന്റ് കാണിച്ചിട്ടുള്ള ജീവനക്കാർക്ക് ശമ്പള വിതരണ നടപടികൾ പൂർത്തിയാക്കാൻ കഴിയില്ല. എന്നാൽ, ടൂറിസം വകുപ്പിലെ ഭരണവിഭാഗത്തിലെ ഇഷ്ടക്കാർക്കുവേണ്ടി അനധികൃതമായി വർക്കിങ് അറേഞ്ച്മെന്റുകൾ നടത്തി സ്പാർക്കിൽ രേഖപ്പെടുത്താതെ ശമ്പളം നൽകുന്നതായാണ് പരാതി.
അസിസ്റ്റൻറ് ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസർ തസ്തികയിലെ ജീവനക്കാർക്ക് വർക്കിങ് അറേഞ്ച്മെൻറ് അനുവദിച്ച് നൽകിയതിനുശേഷവും ഇതേ ജീവനക്കാരെക്കൊണ്ട് ക്ലറിക്കൽ തസ്തികയിലെ ജോലിയാണ് ചെയ്യിക്കുന്നത്. അസിസ്റ്റന്റ് ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസർ 39300 -83000 ശമ്പള സ്കെയിലിലാണ് ജോലിചെയ്യുന്നത്. എന്നാൽ, ഇവർ നിർവഹിക്കുന്നത് ക്ലറിക്കൽ തസ്തികയിലെ ചുമതലകളാണ്. ക്ലറിക്കൽ തസ്തികയിലെ ശമ്പള സ്കെയിൽ 26500- 60700 ആണ്.
അനധികൃതമായ നിയമനങ്ങൾ സർക്കാറിന് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. വകുപ്പിനുകീഴിൽ മുപ്പതോളം അസി. ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസർ തസ്തികകളും ഇരുപതോളം ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസർ തസ്തികകളും ഇരുപതോളം ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസർ തസ്തികകളും ഉണ്ട്. ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസർ ഗെസറ്റഡ് റാങ്കിലുള്ള തസ്തികയാണ്. ഈ തസ്തികയിൽ ജോലി ചെയ്യുന്ന മിക്ക ജീവനക്കാരും മിക്ക ഓഫിസുകളിലും ക്ലറിക്കൽ തസ്തികയിലെ ജോലികൾ തന്നെയാണ് നിർവഹിക്കുന്നത്.
വർക്കിങ് അറേഞ്ച്മെന്റ് സംബന്ധിച്ച് സർക്കാറിന്റെ അനുമതിക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും ടൂറിസം വികസനത്തിന് ജീവനക്കാരുടെ താൽപര്യവും കഴിവും പ്രധാന ഘടകമായതിനാൽ അറേഞ്ച്മെന്റ് അരിവാര്യമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.