ലോകകപ്പ് ആവേശം; ഭീമൻ ബൂട്ട് കാണാൻ ജനമൊഴുകി
text_fieldsകോഴിക്കോട്: ലോക റെക്കോഡിനൊരുങ്ങുന്ന ബൂട്ട് കാണാൻ കോഴിക്കോട് കടപ്പുറത്ത് എത്തിയത് നൂറു കണക്കിനാളുകൾ. പതിനേഴടി നീളവും ആറടി ഉയരവും 450 കിലോ ഭാരവുമുള്ള ഭീമൻ ബൂട്ടാണ് കോഴിക്കോട് ബീച്ച് കൾചറൽ സ്റ്റേജിൽ പ്രദർശിപ്പിച്ചത്. രാജ്യത്തെ പ്രമുഖ ബിരിയാണി, ജീരകശാല അരി നിർമാതാക്കളായ ഐ മാക്സ് ഗോൾഡിനു വേണ്ടി ക്യുറേറ്റർ എം. ദിലീഫിന്റെ മേൽനോട്ടത്തിൽ നിർമിച്ച ബൂട്ട് യുവജന സംഘടനയായ ഫോക്കസ് ഇൻറർനാഷനൽ പ്രതിനിധി അസ്കർ റഹിമാൻ മന്ത്രി അഹമ്മദ് ദേവർകോവിലിൽനിന്ന് ഏറ്റുവാങ്ങി. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദും മുൻ കേരള സന്തോഷ് ട്രോഫി ക്യാപ്റ്റൻ ആസിഫ് സഹീറും സംയുക്തമായി ബൂട്ട് പ്രദർശനത്തിനായി തുറന്നുകൊടുത്തു. ബൂട്ട് ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് ഖത്തറിൽ വിവിധ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കും. ലെതർ, ഫൈബർ, റെക്സിൻ, ഫോംഷീറ്റ്, അക്രിലിക് ഷീറ്റ് എന്നിവകൊണ്ടാണ് ബൂട്ട് നിർമിച്ചിരിക്കുന്നത്.
ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഫിഫ വേൾഡ് കപ്പിന് മലയാളികളുടെ സമ്മാനമാണ് ബൂട്ടെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ബൂട്ട് കോഴിക്കോട്ടുനിന്ന് ചെയ്യാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഡെപ്യൂട്ടി മേയർ വി. മുസാഫർ അഹമ്മദ് പറഞ്ഞു.
ചടങ്ങിൽ ഇവൻറ് കോഓഡിനേറ്റർ മജീദ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ഐമാക്സ് റൈസ് ഇൻഡസ്ട്രീസ് ചെയർമാൻ സി.പി. അബ്ദുൽ വാരിഷ്, പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ്, കാലിക്കറ്റ് ചേംബർ പ്രസിഡൻറ് സുബൈർ കൊളക്കാടൻ, സി.ഐ. ബാബുരാജ്, ഇഖ്റ ഹോസ്പിറ്റൽ എംഡി ഡോ. പി.സി. അൻവർ, പരിസൺസ് ഗ്രൂപ് ചെയർമാൻ മുഹമ്മദ് അലി, ഫുഡ് ഗ്രെയിൻസ് അസോസിയേഷൻ സെക്രട്ടറി ബഷീർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.