Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഖൽബുകളിൽ പന്തുരുണ്ടു...

ഖൽബുകളിൽ പന്തുരുണ്ടു തുടങ്ങി

text_fields
bookmark_border
ഖൽബുകളിൽ പന്തുരുണ്ടു തുടങ്ങി
cancel

കോഴിക്കോട്: അൽ ബെയ്ത് സ്റ്റേഡിയം അങ്ങ് ഖത്തറിലല്ല, ഇങ്ങ് പുതിയപാലത്താണ്; നൈനാംവളപ്പിലും മാങ്കാവിലും ഫറോക്കിലുമാണ്. നാടിന്റെ മുക്കിലും മൂലയിലുമാണ്. പന്തുരുളുന്നത് ദോഹയിലല്ല, ഇവിടെ മലബാറിലെ കാൽപന്ത് പ്രേമികളുടെ ഖൽബിലാണ്.

കവലകൾ പല പല രാജ്യങ്ങളായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു. ഒരേ വീടുകളിൽതന്നെ പല പല രാജ്യങ്ങളുടെ ടീമുകളായി പോർവിളി മുഴങ്ങിക്കഴിഞ്ഞു. വാദ്യഘോഷവും കൊടിതോരണങ്ങളുമായി ലോകം പന്തിനു പിന്നാലെ പായുന്ന കാൽപ്പന്തോളത്തിൽ നാടും നഗരവും പ്രായഭേദമില്ലാതെ മുങ്ങിക്കഴിഞ്ഞു. ഇനി ഒരുമാസക്കാലം കാറ്റുനിറച്ച തുകൽപ്പന്തിനൊപ്പമാവും ഈ മനുഷ്യരുടെയും മനസ്സുരുളുക.

മലയാളികൾക്ക് സങ്കൽപിക്കാവുന്നതിൽ ഏറ്റവും അടുത്ത് ഖത്തറിൽ വിരുന്നുവന്ന ലോകകപ്പ് മത്സരത്തെ ഉത്സവാവേശത്തോടെയാണ് നാടെങ്ങും വരവേറ്റത്.

അൽഖോറിലെ അൽബെയ്ത് സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തറും എക്വഡോറും തമ്മിൽ ആദ്യ മത്സരത്തിന് കിക്കോഫ് തുടങ്ങുന്നതിനും മണിക്കൂറുകൾക്ക് മുമ്പുതന്നെ തെരുവുകളിൽ ബാൻഡ് മേളങ്ങളും ബൈക്ക് റാലികളും റോഡ് ഷോയുമായി ഇഷ്ട ടീമുകളുടെ പതാകകളും പേറി ആരാധകക്കൂട്ടം ആഘോഷം തുടങ്ങിയിരുന്നു. പ്രിയതാരങ്ങളുടെ നമ്പർ പതിച്ച ജഴ്സിയണിഞ്ഞ് കുഞ്ഞുങ്ങളും ചെറുപ്പക്കാരും പ്രായമായവരുമൊക്കെ ആവേശത്തിൽ പങ്കുചേർന്നു.

സ്റ്റേഡിയത്തിലിരുന്ന് കളികാണാൻ കഴിയാത്ത സങ്കടം മായ്ക്കാൻ ബിഗ് സ്ക്രീനുകളും എൽ.ഇ.ഡി വാളുകളും മികച്ച സൗണ്ട് സിസ്റ്റവുമായി മിനി സ്റ്റേഡിയങ്ങൾ തന്നെയാണ് പലയിടത്തും ഒരുക്കിയിരിക്കുന്നത്. മഞ്ഞും മഴയും കാറ്റുമേൽക്കാതെ ആവേശം ചോരാതെ ഗാലറിപ്പടവിലിരുന്നുതന്നെ കളി കാണാൻ പാകത്തിൽ സജ്ജീകരിച്ചിരിക്കുന്ന ചെറിയ ചെറിയ സ്റ്റേഡിയങ്ങൾ.

കഴിഞ്ഞ അഞ്ചുവർഷമായി ബിഗ് സ്ക്രീൻ കാഴ്ച ഒരുക്കുന്ന ഫാസ്കോ പുതിയപാലം തന്നെയാണ് ഇക്കുറിയും നഗരത്തിലെ മുഖ്യ കേന്ദ്രങ്ങളിൽ ഒന്ന്. പുതിയപാലത്തിന് കിഴക്കുവശത്ത് ജനകീയ സമിതിയുടെ ആഭിമുഖ്യത്തിലും ബിഗ്സ്ക്രീൻ പ്രദർശനമുണ്ട്. മാങ്കാവിൽ വെസ്റ്റ് മാങ്കാവ് കൂട്ടായ്മയിൽ ബിഗ്സ്ക്രീൻ ഒരുക്കിയിട്ടുണ്ട്. ഫുട്ബാൾ ആരാധന കൊണ്ട് ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ നൈനാംവളപ്പിൽ ബിഗ് സ്ക്രീൻ പ്രദർശനം ഗംഭീരമായാണ് ഇക്കുറിയും ഒരുക്കിയിരിക്കുന്നത്.

ഖത്തർ-എക്വഡോർ മത്സരത്തിന്റെ 16ാം മിനിറ്റിൽ ഇന്നർ വലൻസിയ പെനാൽറ്റിയിലൂടെയും 32ാം മിനിറ്റിൽ ഹെഡറിലൂടെയും ഖത്തർ ഗോളി സഅദ് അൽ ഷീബിനെ നിസ്സഹായനാക്കി വലകുലുക്കി ടൂർണമെന്റിലെ ആദ്യ ഗോളുകൾ കുറിച്ചപ്പോൾ അൽ ബെയ്ത് സ്റ്റേഡിയത്തിലുയർന്ന അതേ ആരവം 'മിനി സ്റ്റേഡിയ'ങ്ങളെ ത്രസിപ്പിച്ചു.

നാട്ടിൻപുറങ്ങളിൽ പലയിടത്തും ബിഗ് സ്ക്രീനുകൾക്കു പകരം വലിയ ടി.വി സെറ്റുകൾ സ്ഥാപിച്ചും കാഴ്ചാഘോഷം ഒരുക്കിയിട്ടുണ്ട്. ഡിസംബർ 18ന് ലുസൈൽ ഐകണിക് സ്റ്റേഡിയത്തിൽ ആര് കപ്പുയർത്തിയാലും ഫുട്ബാൾ ആവേശത്തിന്റെ കപ്പ് ഈ നാടിന്റെ കാൽപന്ത് പ്രേമികൾ സ്വന്തമാക്കിക്കഴിഞ്ഞു.

കാൽപന്തുകളിയിൽ കുന്ദമംഗലത്തിന്റെ 'ടച്ച്'

കുന്ദമംഗലം: ലോക ഫുട്ബാൾ മാമാങ്കത്തിന് തുടക്കമായതോടെ കുന്ദമംഗലവും ഫുട്‌ബാൾ ലഹരിയിൽ. ഇഷ്ടടീമുകളുടെയും കളിക്കാരുടെയും ഫ്ലക്സുകളും പരസ്പര വാഗ്വാദങ്ങളും ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ പൊടിപൊടിക്കുകയാണ്. തൊട്ടടുത്ത പുള്ളാവൂരിലെ ഭീമൻ കട്ടൗട്ടുകൾ ആഗോളതലത്തിൽ ചർച്ചയായിട്ടുണ്ടെങ്കിലും തങ്ങളും ഒട്ടും പിറകിലല്ല എന്ന രീതിയിലാണ് ഫുട്ബാൾ പ്രേമികൾ കുന്ദമംഗലത്തും പരിസരങ്ങളിലും ആവേശം കാണിക്കുന്നത്.

കുന്ദമംഗലത്തിന്റെ കാൽപന്തുകളിക്ക് ഒരു ഏകീകൃത സ്വഭാവം വരുന്നത് 1980കൾ മുതലാണ്. നിശ്ചയദാർഢ്യവും ഇച്ഛാശക്തിയുമുള്ള ഒരു കൂട്ടം ഫുട്ബാൾ കളിക്കാർ സ്പാർട്ടക്‌സ് ഫുട്ബാൾ ക്ലബ് എന്ന പേരിൽ ക്ലബ് രൂപവത്കരിക്കുകയും കുന്ദമംഗലത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലതല ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുകയുമുണ്ടായി. തുടർച്ചയായി നാലു വർഷം ടൂർണമെന്റ് നടന്നു.

സമീപ പ്രദേശങ്ങളിൽ നടന്ന ടൂർണമെന്റുകളിൽ സ്പാർട്ടക്‌സ് ചാമ്പ്യന്മാരാവുകയും ചെയ്തു. 2000ത്തിനുശേഷം സാന്റോസ് കുന്ദമംഗലം എന്ന പേരിലേക്ക് ഈ ക്ലബ് മാറി. സാന്റോസിന്റെ കീഴിൽ നിരവധി തവണ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റുകൾ നടത്തി. സാന്റോസ് ക്ലബിന്റെ ആവിർഭാവത്തോടുകൂടി ഇന്ത്യൻ ഫുട്ബാളിന് കുന്ദമംഗലം സംഭാവന നൽകിയ കളിക്കാരാണ് നിയാസ് റഹ്മാനും സഹോദരൻ നവാസ് റഹ്മാനും.

സന്തോഷ് ട്രോഫിയിൽ കേരളത്തിനുവേണ്ടി നിരവധി തവണ ജഴ്സിയണിയുകയും വിവ കേരള, അക്‌ബർ ട്രാവൽസ്, എസ്.ബി.ടി എന്നീ ടീമുകൾക്കുവേണ്ടി കളിക്കുകയും ചെയ്ത മറ്റൊരു കുന്ദമംഗലത്തിന്റെ താരമാണ് നൗഫൽ. കുന്ദമംഗലത്തിന്റെ ഫുട്ബാൾ ചരിത്രത്തിൽ മറക്കാൻ കഴിയാത്ത വ്യക്തിത്വമാണ് മുഹൈമിൻ. സാന്റോസ് ക്ലബിന്റെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. കുന്ദമംഗലത്തിന് ഫുട്ബാൾ മുഖം സ്ഥാപിച്ചെടുത്തതിലും അത് നിലനിർത്തുന്നതിലും ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.

ലോകകപ്പിനോടനുബന്ധിച്ച് വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ നടന്ന റോഡ്ഷോകൾ ആരാധകർക്ക് ആവേശമായി. 'മിനി ലോകകപ്പ്' മത്സരങ്ങൾ സംഘടിപ്പിക്കുകയും ബിഗ് സ്ക്രീനിൽ ലോകകപ്പ് മത്സരങ്ങൾ കാണാനുള്ള ഒരുക്കത്തിലുമാണ് നാട്ടുകാർ.

500ലേറെ പേർക്ക് ഒരുമിച്ചിരുന്ന് കളി കാണാൻ സൗകര്യമൊരുക്കിയിരിക്കുകയാണ് ടൗൺ ടീം പന്തീർപ്പാടം ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്. ദിവസവും കളിക്കിടെ വിവിധ കലാപരിപാടികൾ, ഫുഡ് കോർട്ട് എന്നിവയുൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊച്ചുകുട്ടികൾ മുതൽ നാട്ടിലെ മുഴുവൻ കളിയാരാധകരും ഇഷ്ട ടീമിന്റെ വിജയത്തിനായി കാത്തിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupfootball fans
News Summary - world cup-football fans of kozhikode
Next Story