കളി ഒന്നിച്ചിരുന്ന് കാണാൻ സ്വന്തം നാട്ടിന്റെ കളിക്കാർ
text_fieldsകോഴിക്കോട്: ഒന്നിച്ചിരുന്ന് കളികാണുന്നതിന്റെ രസമറിയാൻ കോഴിക്കോട്ടുകാർക്കൊപ്പം കേരളത്തിന്റെ താരങ്ങളും. ലോകകപ്പിൽ ഗോൾമഴ പെയ്ത ഇംഗ്ലണ്ട്-ഇറാൻ മത്സരത്തിനാണ് കോഴിക്കോട്ട് സന്തോഷ് ട്രോഫി പരിശീലനം നടത്തുന്ന കേരള ടീമംഗങ്ങൾ പുതിയപാലത്തെ ഫ്രൻഡ്സ് ആർട്സ് ആൻഡ് സോഷ്യൽ കൾചറൽ ഓർഗനൈസേഷൻ (ഫാസ്കോ) ആഭിമുഖ്യത്തിൽ ഒരുക്കിയ ബിഗ് സ്ക്രീൻ സ്റ്റേഡിയത്തിലെത്തിയത്.
മൊത്തം 5000 ചതുരശ്ര അടിയിൽ കല്ലുത്താൻകടവിലെ പുതിയ പച്ചക്കറി മാർക്കറ്റ് സൈറ്റിനടുത്തുള്ള 'സ്റ്റേഡിയ'ത്തിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽനിന്നുള്ള താരങ്ങളടങ്ങിയ സംഘം ആവേശക്കളി കണ്ടു. നവംബർ 20 മുതൽ ഡിസംബർ 14 വരെയാണ് കോർപറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ കേരള ടീമിന്റെ സന്തോഷ് ട്രോഫി കോച്ചിങ് ക്യാമ്പ്. 30 അടി നീളവും 16 അടി ഉയരവുമുള്ള ഏറ്റവും ആധുനികമായ സ്ക്രീനിനു മുന്നിലെ കളിയാവേശം കളിക്കാർ അനുഭവിച്ചറിഞ്ഞു.
കോർപറേഷൻ സ്റ്റേഡിയത്തോട് ഏറ്റവും അടുത്ത ബീഗ്സ്ക്രീൻ പ്രദർശനമാണ് കല്ലുത്താൻകടവിലേത്. ഡോൾബി സിസ്റ്റത്തോട് കിടപിടിക്കുന്ന ശബ്ദ സംവിധാനമൊരുങ്ങും. 15 സ്റ്റെപ്പുള്ള ഗാലറി, ഗാലറികളിൽ ഓരോ ടീമിന്റെയും ഫാൻ സോണുകൾ, 700ലേറെ പേർക്ക് ഇരിക്കാവുന്ന കസേരകൾ, പ്ലൈവുഡും കാർപ്പറ്റുമിട്ട അടിത്തട്ട്, ഫാനുകൾ എല്ലാം ഒരുക്കിയിട്ടുണ്ട്.
മദ്യവും പുകവലിയുമെല്ലാം കർശനമായി നിയന്ത്രിക്കുന്ന സ്റ്റേഡിയത്തിലെത്തിയ സ്വന്തം നാടിന്റെ കളിക്കാരെ പ്രസിഡന്റ് സി. റാസിഖ്, സെക്രട്ടറി എം.പി. നജീബ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. വരുംദിവസങ്ങളിൽ ഹോം ഗോകുലം കേരള എഫ്.സിയുടെ താരങ്ങളും ഇവിടെയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.