ഭിന്നശേഷിക്കാരായ 65 കുട്ടികൾക്ക് തണലേകി ഹോപ്ഷോർ
text_fieldsകടലുണ്ടി: ഭിന്നശേഷിക്കാരായ കുരുന്നുകൾക്ക് ആടിയും പാടിയും കളിച്ചും ചിരിച്ചും ഉല്ലസിക്കാനായി തുറന്നിട്ടിരിക്കുകയാണ് കടലുണ്ടിക്കടവ് റോഡിൽ ഹോപ്ഷോർ എന്ന വീട്. ഭിന്നശേഷിക്കാരായി ജനിച്ച മക്കളുടെ വിഷമം നേഞ്ചേറ്റിനടന്ന രണ്ടു രക്ഷിതാക്കളുടെ കാരുണ്യത്തിന്റെ ഉറവിടമായി ഏഴുവർഷം മുമ്പ് പിറവിയെടുത്ത ഹോപ്ഷോർ ഇന്ന് 65 കുട്ടികളുടെയും അവരുടെ അമ്മമാരുടെയും അഭയകേന്ദ്രമായി മാറി.
ഭിന്നശേഷിക്കാരായ തന്റെ മകളെയുംകൊണ്ട് ഒട്ടനവധി നാടുകളിൽ കറങ്ങിത്തിരിഞ്ഞ് നാട്ടിലെത്തിയ ശേഷം നജ്മുൽ ഹുസൈൻ എന്ന പിതാവിന്റെ മനസ്സിൽ ഉടലെടുത്തതായിരുന്നു ഹോപ്ഷോർ എന്ന ആശയം. പ്രമുഖ പണ്ഡിതനും അയൽക്കാരനുമായ ഖലീൽ ബുഖാരി തങ്ങൾ നിർമാണം പാതിയായ കെട്ടിടം ഉൾപ്പെടെ ഭൂമി വിട്ടുനൽകാൻ തയാറായതോടെ ആശയം പ്രാവർത്തിക തലത്തിലേക്കെത്തി. സൗദിയിൽ പ്ലാന്റ് മെയിന്റനൻസ് സ്പെഷലിസ്റ്റായ നജ്മുൽ കെട്ടിടം പണി പൂർത്തീകരിച്ച് 2017 നവംബർ രണ്ടിന് ഹോപ്ഷോറിനു തുടക്കം കുറിച്ചു.
നാട്ടുകാരുടെ പൂർണ സഹകരണത്തോടെ തുടക്കം കുറിച്ച സ്ഥാപനം ബേപ്പൂർ മണ്ഡലത്തിനുതന്നെ മാതൃകയായി. മൂന്നു മുതൽ 13 വയസ്സു വരെയുള്ളവർക്കാണ് ഇവിടെ പ്രവേശനം ലഭിക്കുക. ചിട്ടയായ പരിശീലനവും അറിവും പകർന്നുനൽകുന്നതു വഴി ഇവിടെയെത്തുന്ന കുട്ടികളെല്ലാം പഠനത്തിനായി വിദ്യാലയത്തിലേക്കും പോകുന്നു. സ്പീച്ച്, സൈക്കോളജി, സ്പെഷൽ എജുക്കേഷൻ എന്നിങ്ങനെ തെറപ്പി പരിശീലനവുമുണ്ട്.
ആഴ്ചയിൽ രണ്ടുദിവസം ഡേകെയർ സംവിധാനവും മൂന്നു ദിവസം വിദ്യാലയത്തിൽ പഠനവും എന്ന രീതിയാണ് പിന്തുടരുന്നത്. കുട്ടികളെയും കൊണ്ടുവരുന്ന അമ്മമാർക്ക് കരകൗശല വസ്തു നിർമാണ പരിശീലനവും തുടങ്ങിയിട്ടുണ്ട്. സർക്കാറിന്റെ റസ്പോൺസിബിൾ ടൂറിസത്തിൽ ക്ലബായി രജിസ്റ്റർ ചെയ്താണ് ഇതിനു തുടക്കം കുറിച്ചത്. കമ്മിറ്റിയോ, സംഘാടകരോ ഇല്ലാതെ നടക്കുന്ന സ്ഥാപനത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് കടലിനക്കരെനിന്ന് നജ്മുൽതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.