ആണ്ടിലൊരിക്കലല്ല, പരിസ്ഥിതിയെ എന്നും ഓർക്കുന്നുണ്ട് ശാഫി ദവാഖാന...
text_fieldsവെള്ളിമാട്കുന്ന്: പരിസ്ഥിതി ദിനങ്ങളിൽ മാത്രമല്ല, മനുഷ്യനുള്ളിടത്തോളം പ്രകൃതിയെയും സസ്യങ്ങളെയും നിലനിർത്തണമെന്ന് എന്നും ഓർമപ്പെടുത്തുകയാണ് ചെലവൂർ സി.എം.എം ഗുരുക്കൾ ശാഫി ദവാഖാന. പുതിയ തലമുറക്ക് തങ്ങളുടെ ചുറ്റുപാടുമുള്ള ഔഷധസസ്യങ്ങളെ തിരിച്ചറിയാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങളാണ് വർഷങ്ങളായി സ്ഥാപനം നടത്തുന്നത്.
അപൂർവ ഔഷധസസ്യങ്ങളെ പരിചയപ്പെടാനും നേരിൽകാണാനും ഏറെ പേർ എത്തുന്നുണ്ടെങ്കിലും വിദ്യാർഥികളിൽ സസ്യങ്ങളെക്കുറിച്ച് അറിവുപകരാൻ സ്കൂളുകളിൽ ഔഷധോദ്യാനം ഒരുക്കുന്നുണ്ട് കൂട്ടായ്മ. കുറെ വർഷങ്ങളായി പരിസ്ഥിതിദിനത്തിലാണ് സ്കൂളുകളിൽ ഔഷധോദ്യാനത്തിന് തുടക്കം കുറിക്കുന്നത്.
ഇത്തവണ ചെലവൂർ ഗവ. എൽ.പി സ്കൂളിലാണ് ഔഷധത്തോട്ടം ഒരുക്കുന്നത്. തങ്ങളുടെ ശേഖരത്തിലുള്ള ഔഷധച്ചെടികൾ നൽകുന്നതിലൂടെ വേരറ്റുപോകുന്ന പലതും സാർവത്രികമാക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. ശാഫി ദവാഖാന മാനേജിങ് ഡയറക്ടർ ഡോ. സഫീർ അലിയുടെയും ജനറൽ മാനേജർ എ. മൂസ ഹാജിയുടെയും നേതൃത്വത്തിലാണ് ഉദ്യാനം ഒരുക്കുന്നത്. അപൂർവമായ 30ഓളം ഔഷധച്ചെടികളാണ് ഈ സ്കൂളിൽ ഉദ്യാനത്തിൽ വളർത്തുന്നത്.
ചുറ്റുപാടുകളിൽ വളരുന്ന ചെറുതും വലുതുമായ സസ്യങ്ങൾ ഏതെല്ലാം രീതിയിൽ ഔഷധങ്ങൾ നിർമിക്കുന്നതിനായി ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചെല്ലാം ഡോ. വസീം ഹൈദർ, ഡോ. ദീപ്ന എന്നിവർ ക്ലാസെടുക്കും. പരിചരണം കുട്ടികളുടെ നേതൃത്വത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.