ആശങ്ക തീർന്നു; ഹരിതകർമസേന ഡ്രൈവർമാരുടെ നിയമനം സംബന്ധിച്ച് ഉത്തരവ്
text_fieldsകോഴിക്കോട്: ഹരിതകർമസേന വാഹനത്തിലെ ഡ്രൈവർമാരുടെ നിയമനം സംബന്ധിച്ച അവ്യക്തത നീക്കി സർക്കാർ ഉത്തരവ്. തദ്ദേശ സ്ഥാപന പ്രദേശത്തെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഫീൽഡ് തല പ്രവർത്തനങ്ങൾ നടത്തുന്നതിന് സംരംഭക മാതൃകയിൽ പ്രവർത്തിക്കുന്ന ഹരിത കർമസേനയുടെ വാഹനത്തിലെ ഡ്രൈവറുടെ വേതനം സംബന്ധിച്ചുള്ള അവ്യക്തത ഏറെ പ്രതിസന്ധിക്കിടയാക്കിയതിനെ തുടർന്നാണ് ഉത്തരവ്.
ഹരിത കർമസേന അംഗങ്ങളിൽ വാഹനം ഓടിക്കുന്നതിന് ലൈസൻസ് ഉള്ളവർക്ക് താൽപര്യ പ്രകാരം വാഹനം ഓടിക്കാവുന്നതാണെന്ന് ഉത്തരവിൽ പറയുന്നു. തുക ചെലവഴിക്കുന്നതിൽ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഓഡിറ്റ് ഒബ്ജക്ഷൻ നേരിട്ടിരുന്നു. മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിൽ എത്തിക്കുന്നതിൽ ഹരിതസേനക്ക് വാഹനം വാങ്ങി നൽകുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുവാദം നൽകിയിട്ടുണ്ട്.
ഒന്നിൽ കൂടുതൽ പേർക്ക് ഡ്രൈവറാകാൻ താൽപര്യമുള്ളപക്ഷം എല്ലാവർക്കും അവസരം നൽകി പ്രതിമാസ ടേൺ വ്യവസ്ഥയിൽ ഡ്രൈവറെ നിയോഗിക്കേണ്ടതാണ്. ഡ്രൈവർമാർക്ക് തദ്ദേശ ഭരണസ്ഥാപന സെക്രട്ടറിയോ അല്ലെങ്കിൽ വാഹനത്തിന്റെ കസ്റ്റോഡിയനോ ഡ്രൈവറുടെ ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കണം.
ഒരു പ്രവൃത്തി ദിവസം മുഴുവൻ ജോലി ലഭിക്കത്തക്ക രീതിയിൽ മാലിന്യംനീക്കം ചെയ്യേണ്ട ദിവസങ്ങളും നിശ്ചയിച്ചു നൽകണം. വാഹനത്തിന്റെ പരിപാലനം ഡ്രൈവറുടെ ചുമതലയായിരിക്കും.
അതത് ദിവസം ജോലി പൂർത്തിയായശേഷം വാഹനം വൃത്തിയാക്കി താക്കോൽ, ലോഗ് ബുക്ക് എന്നിവ നോഡൽ ഓഫിസറെ ഏൽപിക്കണം. ജോലി സമയത്ത് ഡ്രൈവർ ഹരിത കർമസേനയുടെ യൂനിഫോം ധരിക്കണമെന്നും നിർബന്ധമാക്കിയിട്ടുണ്ട്. ലൈസൻസ് താൽപര്യമുള്ളവർ ഇല്ലെങ്കിൽ പുറത്തുനിന്നും ഡ്രൈവറെ തദ്ദേശ സ്ഥാപനത്തിന് നിയമിക്കാവുന്നതാണ്.
ഡ്രൈവറായി പ്രവർത്തിക്കാൻ താല്പര്യമുള്ള ലൈസൻസില്ലാത്ത ഹരിത കർമസേനാംഗങ്ങൾക്കായി ഡ്രൈവിങ് പരിശീലനത്തിനുള്ള പ്രോജക്ടുകൾ ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും ഏറ്റെടുക്കാവുന്നതാണെന്നും ഉത്തരവിലുണ്ട്. വാതിൽപ്പടി മാലിന്യ ശേഖരണത്തിന് ലഭിക്കുന്ന യൂസർഫീസാണ് ഹരിത കർമസേനയുടെ വരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.