ചൂഷണം ചെറുക്കാൻ എഴുത്തുകാരികളുടെ കൂട്ടായ്മ ഉയർന്നുവരണം -പി. സതീദേവി
text_fieldsകോഴിക്കോട്: സാഹിത്യമേഖലയിലെ ചൂഷണം അവസാനിപ്പിക്കാൻ എഴുത്തുകാരികളുടെ കൂട്ടായ്മ ഉയർന്നുവരണമെന്ന് വനിത കമീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി. മാക്ബെത്ത് പബ്ലിക്കേഷൻസിന്റെ ഒന്നാംവാർഷിക ആഘോഷമായ മാക്ബെത്ത് ബ്രില്ലൊ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സിനിമ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മ ഈ രംഗത്തെ ചൂഷണത്തെ പ്രതിരോധിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതുപോലെ എഴുത്തുകാരികളുടെ കൂട്ടായ്മയും ഉയർന്നുവരേണ്ടതുണ്ട്. സ്ത്രീപുരുഷ സമത്വം വിഭാവനം ചെയ്യുന്ന ഭരണഘടന ആധാരമാക്കി നമ്മുടെ രാജ്യം ഭരിക്കപ്പെട്ടിട്ട് നീണ്ട 75 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ലിംഗവിവേചനത്തിന്റെ കാര്യത്തിൽ 146 രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യ അലങ്കരിക്കുന്നത് 135ാം സ്ഥാനമാണ്. വിധേയത്ത മനോഭാവത്തോടുകൂടി പെൺകുട്ടികളേയും മേധാവിത്ത മനോഭാവമുള്ളവരായി ആൺകുട്ടികളെയും വളർത്തിയെടുക്കുന്നത് നമ്മുടെ വീടുകളിൽ തന്നെയാണ്. മേധാവിത്ത മനോഭാവത്തിന്റെ പരിണിത ഫലമാണ് പ്രണയപ്പക മൂലമുള്ള കൊലപാതകങ്ങളെന്നും സതീദേവി പറഞ്ഞു.
എല്ലാം സഹിക്കുന്നവളായി ജീവിക്കാൻ പെൺകുട്ടികളെ പഠിപ്പിക്കുന്ന രീതി മാറ്റണം. സാഹിത്യരംഗത്തെ ചൂഷണത്തിന് നിന്നുകൊടുക്കുകയില്ല എന്ന് എഴുത്തുകാരികൾ തീരുമാനിക്കണമെന്നും ഈ മേഖലയിൽ ഒരു സംഘടന അനിവാര്യമാണെന്നും മാധ്യമപ്രവർത്തകയും പ്രസാധകയുമായ ഗീതബക്ഷി പറഞ്ഞു.
എച്ച് മുക്കുട്ടി, സ്മൃതി പരുത്തിക്കാട് എന്നിവർ സംസാരിച്ചു. എഴുത്തുകാരിയും പ്രസാധകയുമായ എം.എ ഷഹനാസ് അധ്യക്ഷത വഹിച്ചു. അമ്പിളി വിജയൻ സ്വാഗതവും സിനി സജീഷ് നന്ദിയും പറഞ്ഞു. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വാർഷികാഘോഷം വെള്ളിയാഴ്ച അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.