അത്യാഹിത വിഭാഗത്തിൽ എക്സ്റേ ‘പണിമുടക്ക്’
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് പി.എം.എസ്.എസ്.വൈ അത്യാഹിത വിഭാഗത്തിൽ എത്തിയാൽ അത്യാവശ്യ പരിശോധനകൾക്ക് പരക്കംപായണം. സൂപ്പർ സ്പെഷാലിറ്റി എന്നാണ് പേരെങ്കിലും പ്രാഥമികമായി വേണ്ട എക്സ്റേ പ്രവർത്തിക്കുന്ന ദിവസത്തേക്കാളേറെ പണിമുടക്കും. രണ്ടാമത്തെ യൂനിറ്റ് തുടങ്ങാൻ അത്യാധുനിക മെഷീൻ മാസങ്ങൾക്കുമുമ്പ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെങ്കിലും അത് ലിഫ്റ്റ് ലോബിയിൽ പെട്ടി പൊളിക്കാതെ വിശ്രമിക്കുകയാണ്.
തിങ്കളാഴ്ച രാവിലെയും അത്യാഹിത വിഭാഗത്തിലെ എക്സ്റേ യൂനിറ്റ് പ്രവർത്തനരഹിതമായി. അത്യാഹിത വിഭാഗം തുറന്നിട്ട് ഒരു വർഷമായില്ലെങ്കിലും പത്തിലേറെ തവണയാണ് യന്ത്രം കേടായത്. എത്ര തവണ പണിമുടക്കി എന്ന് പറയാൻ അധികൃതർപോലും തയാറാവുന്നില്ല.
പ്രിന്റർ പ്രവർത്തിക്കാത്തതാണ് തിങ്കളാഴ്ച ഉച്ചക്ക് മൂന്നു വരെ എക്സ്റേ യൂനിറ്റ് അടച്ചിടാനിടയാക്കിയത്. മൂന്നാഴ്ചയോളം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തി പ്രവർത്തനം തുടങ്ങി രണ്ടാഴ്ച കഴിയുംമുമ്പാണ് വീണ്ടും പണിമുടക്കിയത്. ഇടക്കിടെ എക്സ്റേ പണിമുടക്കുന്നത് രോഗികളെ ദുരിതത്തിലാക്കുന്നു. രണ്ടാമത്തെ യൂനിറ്റ് പ്രവർത്തിപ്പിച്ചാൽ ഇതിന് പരിഹാരമാവും. എന്നാൽ, യൂനിറ്റ് ഒന്നിന് തൊട്ടടുത്തായി യൂനിറ്റ്-2 തുറക്കാനായി റൂം സജ്ജമാക്കിയിട്ടുണ്ടെങ്കിലും മെഷീൻ സ്ഥാപിക്കാൻ നടപടിയായിട്ടില്ല. മെഷീൻ സ്ഥാപിച്ചാൽതന്നെ ട്രയൽ കഴിഞ്ഞ് അതിന് അനുമതി ലഭിക്കണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം. ഇത് സാധാരണക്കാരായ രോഗികളെയാണ് പ്രയാസത്തിലാക്കുക. ഡിജിറ്റൽ റേഡിയോഗ്രാഫിക് സംവിധാനവും കൂടുതൽ പ്രവർത്തനക്ഷമതയുമുള്ള മെഷീനാണ് രണ്ടാമത്തെ യൂനിറ്റിലേക്കായി മെഡിക്കൽ കോളജിൽ എത്തിച്ചിരിക്കുന്നത്.
ഇത് സ്ഥാപിക്കുന്നതോടെ എക്സ്റേ എടുക്കുന്നതിന് വേഗം കൂടും. നിലവിൽ 900 വരെ എക്സ്റേയാണ് ഒരു ദിവസം അത്യാഹിത വിഭാഗത്തിൽ എടുക്കുന്നത്. പഴയ കാഷ്വാലിറ്റിയിൽ രണ്ട് എക്സ്റേ യൂനിറ്റുകൾ ഉണ്ടായിരുന്നതിനാൽ ഒരു യന്ത്രം പ്രവർത്തന രഹിതമായാലും രോഗികൾ ഇന്നത്തെപ്പോലെ ദുരിതത്തിലകപ്പെട്ടിരുന്നില്ല. എച്ച്.എൽ.എല്ലിന്റെ ടെക്നിക്കൽ വിഭാഗം കൈകാര്യംചെയ്യുന്ന ‘ഹൈക്’ ആണ് അത്യാഹിത വിഭാഗത്തിൽ എക്സ്റേ മെഷീൻ സ്ഥാപിച്ചത്. ഇവർക്ക് കേരളത്തിൽ ടെക്നീഷ്യന്മാരില്ല. പരാതി രജിസ്റ്റർ ചെയ്തതിനുശേഷം ഡൽഹിയിൽനിന്ന് ആളെത്തി വേണം പ്രശ്നം പരിഹരിക്കാൻ. ഇതാണ് കൂടുതൽ പ്രതിസന്ധിക്കിടയാക്കുന്നത്.
കൈകാലുകൾക്ക് പരിക്കേറ്റവരെ ട്രോളികളിലും വീൽചെയറുകളിലും ലിഫ്റ്റ് വഴി മുകളിലെത്തിച്ച് ആകാശപാത വഴി, നേരത്തേ അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന മെഡിക്കൽ കോളജ് ആശുപത്രി കോംപ്ലക്സിൽ എത്തിക്കണം. അവിടെ 14ാം ബ്ലോക്കിൽനിന്ന് പരിശോധനക്ക് വിധേയരാവുന്ന രോഗികൾക്ക് റിപ്പോർട്ട് ലഭിക്കണമെങ്കിൽ 100 മീറ്റർകൂടി നടന്ന് മെയിൻ കൗണ്ടറിൽ ചെന്ന് പണം അടക്കണം. ഇതെല്ലാം കഴിയുമ്പോഴേക്കും ചികിത്സ മണിക്കൂറുകൾ വൈകും.
പി.എം.എസ്.എസ്.വൈ ബ്ലോക്ക് ഉദ്ഘാടനം കഴിഞ്ഞ് പിറ്റേ ദിവസംതന്നെ എക്സ്റേ മെഷീൻ പ്രവർത്തനം നിലച്ചു. നിലവാരം കുറഞ്ഞ എക്സ്റേ മെഷീനാണ് പുതിയ കാഷ്വാലിറ്റി ബ്ലോക്കിൽ സ്ഥാപിച്ചതെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.