അനാഥത്വത്തിന്റെ നോവുകളലിഞ്ഞു; യാസറിനും ജംഷീനക്കും ഇനി പുതുജീവിതം
text_fieldsകിണാശേരി: നഷ്ടപ്പെട്ടുപോയ മാതൃവാത്സല്യത്തിനു പകരം നാടൊന്നായി ഒരുക്കിയ സ്നേഹത്തണലിൽ ജംഷീനയും യാസറുമൊന്നായി. ഒന്നര പതിറ്റാണ്ട് മുമ്പ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മാതാവിനാൽ ഉപേക്ഷിക്കപ്പെട്ട കുറ്റിക്കാട്ടൂർ സ്വദേശി ജംഷീനയുടെ ജീവിതത്തിലേക്കാണ് ചേളന്നൂർ സ്വദേശി യാസർ അറഫാത്ത് എത്തുന്നത്.
2007ലാണ് നാലും രണ്ടും വയസ്സുള്ള ജംഷീനയെയും ജംഷീറയേയും മാതാവ് നസീറ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്ത് സിന്ധുവിന്റെ അടുക്കൽ ഉപേക്ഷിച്ചുപോവുന്നത്. ഭക്ഷണം വാങ്ങി വരാമെന്നുപറഞ്ഞ നസീറയെ കാണാതായതോടെ സിന്ധു മെഡിക്കൽ കോളജ് പൊലീസിൽ വിവരമറിയിച്ചു. നേരത്തേ പിതാവ് നഷ്ടപ്പെട്ട കുട്ടികൾക്ക് മാതാവും നഷ്ടമായി എന്നറിഞ്ഞതോടെയാണ് ഇവരുടെ സംരക്ഷണം ഏറ്റെടുക്കാൻ കിണാശേരി യതീംഖാന ഭാരവാഹികൾ മുന്നോട്ടുവന്നത്.
വിവാഹപ്രായമായതോടെ ജംഷീനക്കായി നല്ല പാതിയെ തേടിയുള്ള യതീംഖാന ഭാരവാഹികളുടെ അന്വേഷണങ്ങൾക്കിടയിലാണ് യാസർ അറഫാത്ത് എത്തുന്നത്. സഹോദരനൊപ്പം കാപ്പാട് യതീംഖാനയിൽ പഠിച്ചുവളർന്ന യാസർ ഇപ്പോൾ കോഴിക്കോട് ടാറ്റാ മോട്ടോർസിൽ ജീവനക്കാരനാണ്. അനാഥത്വത്തിന്റെ വ്യഥ ആവോളമറിഞ്ഞ യാസറിന് ജംഷീനയെ ജീവിതത്തിലേക്ക് ചേർത്തുനിർത്തുന്നതിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
യതീംഖാനയുടെ ഒലിവ് സ്കൂൾ അങ്കണത്തിലൊരുക്കിയ സൗഹൃദവിരുന്നിൽ നിരവധി പേരാണ് വധൂവരന്മാരെ ആശീർവദിക്കാനെത്തിയത്. ഭാരവാഹികളായ കെ.ടി. ബീരാൻകോയ, മമ്മദ് കോയ ഹാജി, എം.പി. അഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചടങ്ങൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.