വിവാദങ്ങളുണ്ടാക്കിയാലേ ഇന്ന് മുഖ്യധാരയിൽ നിൽക്കാനാവൂ -എം. മുകുന്ദൻ
text_fieldsകോഴിക്കോട്: എഴുതിയാൽ മാത്രംപോര, വിവാദങ്ങളുണ്ടാക്കിയാൽ മാത്രമേ ഇന്ന് സാഹിത്യകാരന് മുഖ്യധാരയിൽ നിൽക്കാനാവൂവെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. എന്നാൽ, സത്യസന്ധമായി എഴുതുന്നവർ കാലാതീതമായി നിലനിൽക്കുമെന്നും ഒ.വി. വിജയനും കാക്കനാടനുമൊക്കെ പുതിയ കാലത്തും നിലനിൽക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ജ്ഞാനേശ്വരി പബ്ലിക്കേഷൻസിന്റെ 20ാം വാർഷികവും ആഷാമേനോന്റെ എഴുത്തിന്റെ 50ാം വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുകുന്ദൻ. രചനയുടെ പരിസരങ്ങൾ നോക്കിയാണ് വിമർശനകല ഇപ്പോൾ പോകുന്നത്. എന്റെയൊക്കെ എഴുത്തിന്റെ തുടക്കത്തിൽ ഇങ്ങനെയായിരുന്നില്ല.
എഴുത്തിന്റെ ഉള്ളിലേക്ക് നോക്കിയായിരുന്നു വിമർശനം. അതിനാൽതന്നെ അക്കാലത്ത് വിമർശകർ താരങ്ങളായിരുന്നു. ഇന്ന് വിമർശനം ജനകീയമല്ല. അതിനുകാരണം സൈദ്ധാന്തികതയുടെ വരവാണ്. ഇന്ന് പ്രത്യയശാസ്ത്രം നോക്കിയാണ് വിമർശനം. എഴുത്തുകാർ വഴിതെറ്റാനെളുപ്പമാണ്.
ഞാനടക്കമുള്ള എഴുത്തുകാർ വഴിതെറ്റാതെ രക്ഷപ്പെട്ടത് ആഷാമേനോനടക്കമുള്ള വിമർശകരുള്ളതിനാലാണ്. വിമർശനങ്ങളുണ്ടെങ്കിലേ സർഗാത്മക സാഹിത്യം മുന്നോട്ടുപോകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചവറ കൾചറൽ സെന്റർ ഡയറക്ടർ ഫാ. ജോൺ മണ്ണാറത്തറ അധ്യക്ഷത വഹിച്ചു. '
ജതിംഗ -പക്ഷികൾ മരണത്തിലേക്ക് കൂപ്പുകുത്തുന്നിടം' പുസ്തകം മുകുന്ദൻ ഡോ. എം.കെ. സന്തോഷിന് നൽകി പ്രകാശനം ചെയ്തു. കെ.വി. സജയ്, ഡോ. പി. ശിവപ്രസാദ്, ജി. ലക്ഷ്മി നിവേദിത തുടങ്ങിയവർ സംസാരിച്ചു. ജ്ഞാനേശ്വരി പബ്ലിക്കേഷൻസ് എഡിറ്റർ മണിശങ്കർ സ്വാഗതം പറഞ്ഞു. രുക്മിണി രഘുറാം രംഗപൂജ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.