വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsകോഴിക്കോട്: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എയുമായി പയ്യാനക്കൽ സ്വദേശിയെ സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും പന്നിയങ്കര പൊലീസും ചേർന്ന് പിടികൂടി. പയ്യാനക്കൽ തൊപ്പിക്കാരൻ വയൽവീട്ടിൽ വാടകക്ക് താമസിക്കുന്ന പയ്യാക്കൽ പട്ടാർതൊടിയിൽ സർജാസ് (38) ആണ് 13.730 ഗ്രാം എം.ഡി.എം.എയുമായി പോലീസ് പിടിയിലായത്.
സ്കൂൾ, കോളജ് പരിസരങ്ങളിലെ ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും കണ്ടെത്തി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനായി ജില്ല പൊലീസ് മേധാവി രാജ്പാൽ മീണ സ്പെഷൽ ആക്ഷൻ ഗ്രൂപ്പിന് നിർദേശം നൽകിയിരുന്നു. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിൽ ജില്ല പൊലീസ് ഡെപ്യൂട്ടി കമീഷണർ
കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. ലഹരിക്കടിമയായ പ്രതി വീട്ടിൽ അക്രമകാരിയായിരുന്നു. ആദ്യം ലഹരി ഉപയോഗം മാത്രമുണ്ടായിരുന്ന ഇയാൾ ഇതിനായുള്ള പണം കണ്ടെത്തുന്നതിനും ആർഭാട ജീവിതത്തിനുമാണ് ലഹരിക്കച്ചവടത്തിലേക്ക് തിരിഞ്ഞത്. പ്രദേശത്ത് നിരന്തരം മറ്റു ഭാഗത്തുള്ളവർ വന്നുപോകുന്നതായും പ്രദേശവാസികൾക്ക് ശല്യമാവാൻ തുടങ്ങുകയും ചെയ്തതോടെ നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു.
സർജാസിനെ ചോദ്യം ചെയ്തതിൽ വലിയ അളവിൽ എം.ഡി.എം.എ നൽകുന്നവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ടവരെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പലരും നിരീക്ഷണത്തിലാണെന്നും പന്നിയങ്കര പൊലീസ് ഇൻസ്പെക്ടർ ശംഭുനാഥ് പറഞ്ഞു.
സ്പെഷൽ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, പന്നിയങ്കര പൊലീസ് സബ് ഇൻസ്പെക്ടർ കിരൺ ശശിധരൻ, സ്പെഷൽ ആക്ഷൻ ഗ്രൂപ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ. അർജുൻ, രാകേഷ് ചൈതന്യം, പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ ബിജു, ഡബ്ല്യു.സി.പി.ഒ ഫുജറ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.