സീബ്രാലൈനുകൾ മാഞ്ഞു; റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടി ജനം
text_fieldsകോഴിക്കോട്: നഗരത്തിലെ സീബ്രാലൈനുകൾ മാഞ്ഞുതുടങ്ങിയതിനാൽ റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടി ജനം. ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത്. നഗരത്തിൽ ഏറ്റവും തിരക്കേറിയ, സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിന് മുന്നിൽപോലും സീബ്രാലൈനുകൾ വ്യക്തമായി കാണാത്തതിനാൽ ജീവൻ പണയംവെച്ചാണ് ആളുകൾ റോഡ് മുറിച്ചുകടക്കുന്നത്. പല സ്കൂളുകൾക്കുമുന്നിലും ഇതുതന്നെയാണ് സ്ഥിതി. ബി.ഇ.എം സ്കൂളിന് മുന്നിൽ തിരക്കേറിയ സമയത്ത് റോഡ് മുറിച്ചുകടക്കാൻ പൊലീസിന്റെ സഹായമുണ്ടെങ്കിലും നടക്കാവ്, പാളയം, പൊറ്റമ്മൽ, കോട്ടൂളി, മുതലക്കുളം, ടൗൺ ഹാളിന് മുൻവശം, മോഡൽ സ്കൂളിന് മുൻവശം എന്നിവിടങ്ങളിൽ റോഡ് മുറിച്ചുകടക്കുക ശ്രമകരമായ ജോലിയാണ്.
റോഡ് മുറിച്ചുകടക്കാൻ റോഡിലേക്ക് പ്രവേശിക്കുന്നവർ അമിത വേഗത്തിൽ പാഞ്ഞെത്തുന്ന വാഹനങ്ങളെ കണ്ട് ഭയന്ന് തിരികെ വരുന്നത് ഡ്രൈവർമാർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുകയും അപകടങ്ങൾ വർധിപ്പിക്കുകയും ചെയ്യും. തിരക്കേറിയ പാളയം മാർക്കറ്റിൽ ഒരിടത്ത് മാത്രമാണ് സീബ്രാലൈനുള്ളത്. അത് പൂർണമായി മാഞ്ഞ നിലയിലാണ്. പ്രശ്നത്തിൽ പൊതുമരാമത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നഗരവാസികൾ ആവശ്യപ്പെടുന്നു.
നഗരത്തിന് പുറത്ത് ദേശീയപാതയിലും സംസ്ഥാനപാതയിലും സീബ്രാലൈനുകൾ പലയിടത്തും മാഞ്ഞുകിടക്കുകയാണ്. പരിചയമില്ലാത്ത ഡ്രൈവർമാർ സീബ്രാലൈൻ കാണാതെ പോകുന്നത് അപകട സാധ്യത വർധിപ്പിക്കുകയാണ്. ബീച്ച് ആശുപത്രിക്ക് മുൻവശം, മിഠായിത്തെരുവ് തുടങ്ങി നഗരത്തിൽ വിവിധയിടങ്ങളിൽ ഉൾപ്പെടെ സീബ്രാലൈൻ അനിവാര്യമായ ഒട്ടേറെ ഇടങ്ങളുണ്ടെന്നും ജനം ചൂണ്ടിക്കാണിക്കുന്നു. തിരക്കുമൂലം റോഡ് മുറിച്ചുകടക്കാൻ ഏറെനേരം കാത്തുനിൽക്കേണ്ടി വരുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.