മാലിന്യമുക്ത കാമ്പയിൻ: രണ്ടാംഘട്ടം കൂടുതൽ ജനകീയമാക്കും
text_fieldsകോഴിക്കോട്: മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനത്തിൽ കൂടുതൽ ജനകീയ ഇടപെടൽ കൊണ്ടുവരാൻ തീരുമാനം. കോർപറേഷനിലെ മാലിന്യ മുക്തം നവകേരളം രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള ശിൽപശാലയിലാണ് തീരുമാനം. ഒന്നാം ഘട്ടത്തിൽ ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒന്നാംഘട്ടത്തിൽ നേടിയ നേട്ടങ്ങളിൽ സമ്പൂർണത കൈവരിക്കാനും സുസ്ഥിരത ഉറപ്പു വരുത്താനും രണ്ടാംഘട്ട പ്രവത്തനത്തിൽ കഴിയണം. മാലിന്യ സംസ്കരണത്തോടുള്ള ജനങ്ങളുടെ മനോഭാവത്തിലുള്ള മാറ്റവും പ്രാധാന്യമർഹിക്കുന്നു. ശിൽപശാലയിൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി. ദിവാകരൻ, സി. രേഖ, അസി. ഡയറക്ടർ ഷാഹുൽ ഹമീദ്, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി, വി.കെ. ഷാമിലി, ക്ലീൻ സിറ്റി മാനേജർ കെ. പ്രമോദ്, ജില്ല ജോയന്റ് ഡയറക്ടർ അരുൺ എന്നിവർ സംസാരിച്ചു. കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, കുടുംബശ്രീ, ഹരിത കർമസേന, റിസോഴ്സ് പേഴ്സൺമാർ എന്നിവർ പങ്കെടുത്തു.
ഹെൽത്ത് ഓഫിസർ ഡോ. ടി.കെ. മുനവർ റഹ്മാൻ സ്വാഗതവും പ്രോജക്റ്റ് സെൽ ഹെൽത്ത് ഇൻസ്പെക്ടർ പി.എസ്. ഡെയ്സൺ നന്ദിയും പറഞ്ഞു.
കൊതുകു നശീകരണ പ്രവർത്തനം ഊർജിതമാക്കി
കോഴിക്കോട്: ഡെങ്കിപ്പനി, വെസ്റ്റ്നെയിൽ പനി, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കൊതുക നശീകരണം, ഉറവിട നശീകരണം പ്രവർത്തനങ്ങൾ ശക്തമാക്കി കോർപറേഷൻ ആരോഗ്യ വിഭാഗം നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ല വെക്ടർ കൺട്രോൾ യൂനിറ്റുമായി സഹകരിച്ച് മാങ്കാവ് പ്രദേശത്തെ 300 വീടുകൾ, സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ഉറവിട നശീകരണം നടത്തി. പരിശോധനയിൽ 40 പോസിറ്റീവ് കണ്ടെയ്നറുകൾ കണ്ടെത്തി. ഈ ഭാഗത്ത് ഫോഗിങ്, സ്പ്രേയിങ് മറ്റ് ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. പരിശോധനയിൽ വാർഡ് കൗൺസിലർ എൻ.സി. മോയിൻകുട്ടി, മാങ്കാവ് സർക്കിൾ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം.എസ്. ഷെജി, വെക്ടർ കൺട്രോൾ യൂനിറ്റിലെ ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. കോർപറേഷൻ പരിധിയിലെ മറ്റ് വാർഡുകളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്ന് ഹെൽത്ത് ഓഫീസ് ഡോക്ടർ മുനവർ റഹ്മാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.