കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോ 'കട്ടപ്പുറത്ത്'
text_fieldsഅടൂർ: ഡിപ്പോയിൽനിന്നുള്ള ബസ് സർവിസുകൾ അനുദിനം കുറയുന്നു. ഇപ്പോൾ പരമാവധി 37 സർവിസ് മാത്രമാണ് നടത്തുന്നത്. 54 ബസും 51 സർവിസും ഉണ്ടായിരുന്നിടത്താണ് 37 സർവിസായി ചുരുങ്ങിയത്.
ഇതിനു പിന്നാലെ എ.ടി.ഒ ഓഫിസും ഇവിടെനിന്ന് മാറ്റിയതോടെ ഇനിയും സർവിസുകൾ കുറയുമെന്ന ആശങ്കയിലാണ് നാട്ടുകാർ. സർവിസുകൾ കുറയുന്നത് ഗ്രാമീണ മേഖലയിലുള്ളവരെയാണ് കഷ്ടപ്പെടുത്തുന്നത്.
കോവിഡ് വന്നതോടെ ഗ്രാമീണ മേഖലയിലെ സർവിസുകൾ പാടെ നിർത്തിവെച്ചിരുന്നു. കോവിഡിന്റെ രൂക്ഷത കുറഞ്ഞ് നാട് പഴയ നിലയിലേക്ക് എത്തിയെങ്കിലും ഗ്രാമീണ സർവിസുകൾ മിക്കവയും പുനരാരംഭിച്ചിട്ടില്ല. പുതിയ സ്ഥലങ്ങളിലേക്ക് സർവിസുകൾ വേണമെന്ന ആവശ്യവുമുണ്ട്. എ.ടി.ഒ ഓഫിസ് ഇവിടെനിന്ന് മാറിയതോടെ ഇത്തരം ആവശ്യങ്ങൾ ഇനി പരിഗണിക്കപ്പെടാനുള്ള സാധ്യത ഇല്ലാതായെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ലക്ഷങ്ങൾ മുടക്കി നിർമിച്ച ഓഫിസ് സമുച്ചയത്തിലെ പകുതിയിലേറെ സ്ഥലം ഒഴിഞ്ഞ് കിടക്കുകയാണ്. എ.ടി.ഒ ഓഫിസ് ഉണ്ടായിരുന്നപ്പോഴും പലപ്പോഴും ദീർഘകാലം എ.ടി.ഒ ഇല്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ഈ കാലയളവിലെല്ലാം ഡിപ്പോയുടെ ദൈനംദിന പ്രവർത്തനങ്ങൾ താളംതെറ്റിയിരുന്നു. നിരവധി സമരങ്ങളുടെ ഫലമായാണ് അടൂരിൽ എ.ടി.ഒ ഓഫിസ് ആരംഭിച്ചത്. എ.ടി.ഒ ഓഫിസ് പത്തനംതിട്ടയിലേക്ക് മാറിയതോടെ ഒരു ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ഇൻസ്പെക്ടർ ഇൻ ചാർജ് ഓഫിസായി അടൂർ ചുരുങ്ങി.
ഇനി ബസ് സർവിസ് സംബന്ധമായ കാര്യങ്ങൾക്കും ജീവനക്കാരുടെ സർവിസ് സംബന്ധമായ കാര്യങ്ങൾക്കും ജില്ല ആസ്ഥാനത്ത് പോകേണ്ടിവരും. പെൻഷൻ സംബന്ധമായ പേപ്പർ വർക്കുകൾക്ക് 18 കി.മീ. സഞ്ചരിച്ച് ജില്ല ആസ്ഥാനത്ത് എത്തണമെന്നും ജീവനക്കാർ പറയുന്നു.
ആവശ്യത്തിന് ജീവനക്കാരില്ല
ആവശ്യത്തിന് ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവ് സർവിസുകളെ പ്രതികൂലമായി ബാധിക്കും. 86 ഡ്രൈവർ തസ്തികയാണ് ഇവിടെയുള്ളത്. 18 ഡ്രൈവർമാരുടെയും ഏഴ് കണ്ടക്ടർമാരുടെയും കുറവുണ്ട്. ഡ്രൈവർ കം കണ്ടക്ടർ ഇല്ലാത്തതിനാൽ മണിപ്പാൽ സർവിസ് അയക്കാനാകുന്നില്ല. മണിപ്പാൽ സർവിസ് നടത്തുന്ന സൂപ്പർ ഡീലക്സ് ബസ് മഴയും വെയിലുമേറ്റ് നശിക്കുകയാണ്.
ബസില്ല, ശൗചാലയമില്ല, വെള്ളമില്ല
എം.സി റോഡിലും സർവിസുകൾ കുറവാണ്. ഓർഡിനറി സർവിസുകൾ കുറവായതിനാൽ ഇട ജങ്ഷനുകളിൽ ഇറങ്ങേണ്ടവരാണ് ബുദ്ധിമുട്ടുന്നത്. ഇവർ ടാക്സി വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്.
സ്റ്റാൻഡിൽ ശൗചാലയമില്ലാതായിട്ട് വർഷത്തോളമായി. സന്ധ്യ കഴിഞ്ഞാൽ സ്റ്റാൻഡിനുള്ളിൽ കൂരിരുട്ടാണ്. ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ നടപടിയില്ല. ഇരുട്ട് കാരണം സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർക്ക് സ്റ്റാൻഡിൽ നിൽക്കാൻ ഭയമാണ്. പൊലീസ് സാന്നിധ്യമില്ലാത്തതിനാൽ സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമാണ്. മോഷണവും പോക്കറ്റടിയും മദ്യപശല്യവും കാരണം യാത്രക്കാർ പൊറുതിമുട്ടി.
പ്രധാന കാത്തിരിപ്പ് കേന്ദ്രത്തിന്റെ സമീപത്തെ ആളൊഴിഞ്ഞ കാത്തിരിപ്പ് കെട്ടിടത്തിൽ കഞ്ചാവ് കച്ചവടക്കാരും തമ്പടിക്കുന്നു. നാഥനില്ല കളരിയായ ഡിപ്പോയുടെ അവസ്ഥ ഇനിയും പരിതാപകരമായേക്കുമോ എന്ന ആശങ്കയിലാണ് യാത്രക്കാരും ജീവനക്കാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.